സിനിമയിൽനിന്നും വിട്ടുനിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും സുചിത്ര എന്ന നടിയെ മലയാളികൾ മറന്നിട്ടില്ല. ‘നമ്പർ 20 മദ്രാസ് മെയിൽ’ എന്ന സിനിമയിലൂടെ എത്തി, മറ്റനേകം ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കവർന്ന നടിയാണ് സുചിത്ര. വിവാഹത്തോടെ സിനിമയോട് വിട പറഞ്ഞ സുചിത്ര ഇപ്പോൾ അമേരിക്കയിൽ സോഫ്റ്റ്വെയർ മേഖലയിൽ ജോലി ചെയ്യുകയാണ്.
സിനിമയിൽ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ ഏറെ സജീവയാണ് 80-90 കാലഘട്ടത്തിലെ ഈ വിജയനായിക. സുചിത്ര പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘ഞായറാഴ്ചയിലെ ചില ഉച്ചപ്രാന്തുകൾ’ എന്ന ക്യാപ്ഷനോടെയാണ് സുചിത്ര ചിത്രങ്ങൾ ഷെയർ ചെയ്തത്.
ഭർത്താവ് മുരളി, മകൾ നേഹ എന്നിവർക്കൊപ്പം അമേരിക്കയിലെ കാന്‍സാസ് സിറ്റിയിലെ മിസോറിയിലാണ് സുചിത്രയുടെ താമസം. അമേരിക്കയിലാണ് താമസമെങ്കിലും തിയേറ്ററിൽ പോയി മലയാളസിനിമകൾ കണ്ടും സിനിമയിലെ പഴയ സൗഹൃദങ്ങൾ പുതുക്കിയുമൊക്കെ സിനിമയുമായുള്ള ബന്ധം നിലനിർത്തുന്നുണ്ട് സുചിത്ര.
1978ൽ ആരവം എന്ന സിനിമയിലൂടെ ബാലതാരമായാണ് സുചിത്ര വെളളിത്തിരയിലെത്തിയത്. മലയാളം, തമിഴ് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 2002 ല്‍ ഐവി ശശി സംവിധാനം ചെയ്ത ആഭരണചാര്‍ത്ത് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. വിവാഹത്തോടെ സിനിമാ ജീവിതത്തോട് വിട പറഞ്ഞു.