scorecardresearch

Malayalam Actress and Comedian Dies at 41: എന്നും ചിരിപ്പിച്ചവൾ നൊമ്പരമായി, സുബിയുടെ ഓര്‍മ്മകളില്‍ സിനിമാലോകം

Malayalam Actor Subi Suresh Passes Away: പൊതുവെ സ്ത്രീകൾ അധികം ശോഭിക്കാത്ത മിമിക്രി- കോമഡി രംഗത്ത് ഏറെ ശ്രദ്ധ നേടാൻ കഴിഞ്ഞ കലാകാരിയാണ് സുബി

Subi Suresh Passes Away | Subi Suresh |
Malayalam Actor and Anchor Subi Suresh Passes Away

Comedian and TV host Subi Suresh Dies:നടിയും ടെലിവിഷൻ താരവുമായ സുബി സുരേഷി അപ്രതീക്ഷിതമായ വിയോഗത്തിന്റെ നടുക്കത്തിലാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

സുബിയുടെ ഓർമകൾ പങ്കിട്ട് വേദനയോടെ ആദരാഞ്ജലികൾ അർപ്പിക്കുകയാണ് സിനിമാലോകം. “നിറഞ്ഞ ചിരിയോടെ മലയാളി പ്രേക്ഷകരുടെ സ്നേഹം കവർന്ന പ്രിയപെട്ട കലാകാരി സുബി സുരേഷ് അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞു. അഭിനയത്തിലും അവതരണത്തിലും ഇനിയും ഒരുപാട് ഉയർച്ചകളിലേക്ക് പോകേണ്ടിയിരുന്ന പ്രിയ സഹോദരിയുടെ വേർപാടിൽ വേദനയോടെ ആദരാഞ്ജലികൾ,” മോഹൻലാൽ അനുശോചനം രേഖപ്പെടുത്തി.

“എന്നെ സംബന്ധിച്ച് വലിയൊരു ഷോക്കാണ് ഈ വാർത്ത. അസുഖമായി കിടക്കുകയായിരുന്നുവെന്നു പോലും ഇപ്പോഴാണ് അറിയുന്നത്. വർഷങ്ങളായി പല സ്റ്റേജുകളിലും ഒന്നിച്ച് പെർഫോം ചെയ്തിട്ടുണ്ട്. മാനസികമായി വളരെ അടുപ്പമുള്ള കലാകാരിയായിരുന്നു. നല്ല സ്റ്റേജ് സെൻസുള്ള കലാകാരിയായിരുന്നു. ഇത്ര ചെറുപ്രായത്തിൽ മരിച്ചുവെന്ന് വിശ്വസിക്കാനാവുന്നില്ല,” ജയറാം അനുസ്മരിക്കുന്നതിങ്ങനെ.

“സുബി സുരേഷിന്റെ വിയോഗവാർത്ത കേട്ടപ്പോൾ ഞെട്ടിപ്പോയി. വളരെ ചെറുപ്പമായിരുന്നു, ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു. മലയാള സിനിമാലോകത്തിന് വലിയ നഷ്ടം. ഈ പ്രയാസകരമായ സമയത്തെ അതിജീവിക്കാൻ അവരുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു,” ദുൽഖർ സൽമാൻ പറയുന്നു.

“ഷോക്കിംഗ്. ചിലപ്പോഴൊക്കെ വിട പറയുക ബുദ്ധിമുട്ടാണ്,” ശ്വേത മേനോൻ കുറിക്കുന്നു.

“വിധിയുടെ ഇത്തരം കണ്ണുപൊത്തി കളികളിൽ നാം നിസ്സഹായരായ കാഴ്ചക്കാർ മാത്രം. ഈ ഞെട്ടലും വേദനയും മാറാൻ കലാലോകത്തിനു എത്രയോ നാളുകൾ വേണ്ടിവരും. പ്രിയപ്പെട്ട സുബി, വേദനയോടെ വിട,” നടൻ കിഷോർ സത്യയുടെ വാക്കുകൾ ഇങ്ങനെ.

എറണാംകുളം ജില്ലയിലെ തൃപ്പൂണിത്തുറ സ്വദേശിയാണ് സുബി. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ കലാരംഗത്ത് സജീവമായിരുന്നു സുബി. ബ്രേക്ക് ഡാൻസായിരുന്നു സുബിയുടെ പ്രധാന ഐറ്റം. പിന്നീട് മിനിസ്ക്രീനിൽ കോമഡി പരിപാടികൾ ചെയ്തു. ഏഷ്യാനെറ്റിലെ ‘സിനിമാല’ എന്ന കോമഡി പരമ്പരയാണ് സുബിയെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കിയത്.

രാജസേനൻ സംവിധാനം ചെയ്ത ‘കനക സിംഹാസനം’ എന്ന ചിത്രത്തിലൂടെയായിരുന്നു സുബിയുടെ സിനിമാ അരങ്ങേറ്റം. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ്ണ തത്ത, ഡ്രാമ എന്നു തുടങ്ങി ഇരുപതിലധികം സിനിമകളിൽ സുബി ഇതിനകം അഭിനയിച്ചിട്ടുണ്ട്. സൂര്യ ടിവിയിൽ സുബി അവതരിപ്പിച്ച ‘കുട്ടിപ്പട്ടാളം’ എന്ന കൊച്ചുകുട്ടികൾക്കുള്ള ഷോയും ശ്രദ്ധിക്കപ്പെട്ടിരുന്നു.

പൊതുവെ സ്ത്രീകൾ അധികം ശോഭിക്കാത്ത മിമിക്രി, ഹാസ്യരംഗത്തും ഏറെ ശ്രദ്ധ നേടാൻ സുബിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കോമഡി സ്കിറ്റുകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും സുബി നേടിയ പ്രേക്ഷകപ്രീതി ചെറുതല്ല.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress subi suresh passes away condolence from film actors