എട്ടാം ക്ലാസിലെ പെൺകുട്ടി സിനിമയെ പ്രണയിച്ചത് ‘ഉൾക്കടൽ’ സിനിമ മുതലാണ്.

പ്രണയാക്ഷികൾ ഇല്ലാതിരുന്ന പ്രായമായിരുന്നിട്ടും, അതിസൗമ്യമാണ് പ്രണയതാളം എന്നു ഞാൻ പോലുമറിയാതെ അന്ന് ഞാൻ വായിച്ചെടുത്തു കാണണം.

സർപ്പദംശനംപോലുള്ള ചുംബന മുദ്രകൾക്കുമപ്പുറം, പെയിന്റ് ബ്രഷുകളുടെ വെറും സൗമ്യതാളച്ചലനത്തിലിടയിലൂടെ പാറി വരുന്ന കൺമഷിപോലുമില്ലാനോട്ടങ്ങളാണ് പ്രണയാത്മാവുകളെ കോറിവരഞ്ഞ് കടന്നു പോവുക എന്ന് വിചാരിക്കാറുള്ള എന്റെ ഉള്ളിലെ കടലുകളിലേക്കുള്ള എന്റെ ആദ്യ ചുവട് ‘ഉൾക്കടൽ’ വഴിയായിരുന്നുവെന്ന് തീർച്ച. ആ വഴിയേയാണ് ഞാൻ റഫീക്ക് അഹമ്മദിന്റെ ‘പറയാത്ത പ്രിയതരമായൊരു വാക്കിന്റെ മധുരം പടർന്നൊരു ചുണ്ടുമായി, വെറുതേ പരസ്പരം നോക്കിയിരിക്കുന്നു നിറമൗന ചഷകത്തിനിരുപുറം നാം’ (സ്പിരിറ്റ്) എന്ന വരിയോടുള്ള പ്രണയത്തിലെത്തുന്നത്.

The movie that you have watched recently എന്ന ഓണപ്പരീക്ഷച്ചോദ്യക്കടലാസ്സിലെ ഉപന്യാസ ഉത്തരത്തിൽ നിറഞ്ഞ ഉൾക്കടൽ അക്ഷരങ്ങളാണ് എന്റെ ആദ്യ സിനിമാ റിവ്യൂ. പ്രിയ നന്നായെഴുതി എന്ന് എന്റെ റ്റീച്ചർ, അമ്മയോട് പറഞ്ഞു.

മഞ്ഞ സാരി ശോഭയും അവളുടെ മുടിയിഴ പുറകോട്ട് മാടിയൊതുക്കുന്ന വേണു നാഗവള്ളിയും തന്ന പ്രണയോദ്വേഗത്തിന്റെ പാരമ്യത്തിലിരുന്ന് സിനിമയ്ക്കു സമാന്തരമായി ഞാനന്ന് മെനഞ്ഞ തിരക്കഥയാണ് എനിക്കിന്നും ‘ഉൾക്കടൽ’ സിനിമ. ശരിക്കുള്ള അവസാനം എനിക്കിന്നുമോർമ്മ വരാറില്ല.  എല്ലാ ഇഷ്ട സിനിമകളും, ഞാൻ എഴുതിയ അവസാനങ്ങളോടെയാണ് എന്റെയുള്ളിൽ നിറഞ്ഞു നിൽക്കുന്നത്.

ഇക്കാലസിനിമകളിലെ പാട്ടുകളിൽ, ക്യാമറ താഴ്ന്നുമുയർന്നും ചാഞ്ഞും ചെരിഞ്ഞും നാടായ നാടൊക്കെ ഓടിനടന്ന് കണ്ട നിറങ്ങളൊക്കെ പിടിച്ചെടുത്തു കൊണ്ടുവന്ന് ചൊരിഞ്ഞിട്ട്, എന്ത് ഏത് എന്നു കണ്ണിനെ ദൃശ്യസമൃദ്ധികൊണ്ട് കുഴപ്പത്തിലാക്കുമ്പോൾ, ഞാൻ ‘ശരദിന്ദു’വിലെ ടെറസ്സിലേക്കു പോയി എന്റെ കണ്ണിൽ ആ തെങ്ങോലപ്പച്ചപ്പു തണുപ്പ് ചേർത്തു വച്ച് സമാധാനിക്കും.

ശാരദേന്ദു, ഒ എൻ വി യുടെ പ്രിയവാക്കാണ്, റഫീക്കിന് ‘പ്രിയത’ പോലെ. ‘ദയ എന്ന പെൺകുട്ടി’ക്കുവേണ്ടി ‘ശാരദേന്ദു നെയ്തു നെയ്തു നെയ്തു നിവർത്തി,  നീലരാവിൽ ഈ നിലാവിൻ ചിത്രകംബളം ‘ എന്ന് ഒ എൻ വി എഴുതിയപ്പോൾ ഞാൻ, ‘ഉൾക്കടലി’ലെ ഹരിനീലക്കംബളത്തിൽ നഷ്ടപ്പെട്ടു പോയ എന്നെ ഓർത്തു.

മരിച്ചു പോയതുപോലെയാണ് ജീവിക്കുന്നതെന്നു തോന്നിയ കുറച്ചു വർഷം മുൻപത്തെ ഒരു പിറന്നാളുച്ചയ്ക്ക്, റേഡിയോ ഒഴുക്കിപ്പറത്തി വിട്ട എന്റെയാ പ്രിയപ്പെട്ട ‘ഹരിനീലക്കംബള’മേറിയാണ് ഞാൻ ജീവിതത്തിലെ പ്രണയച്ചുളിവുകൾ നിവർത്തിയതും കറുത്തയാമങ്ങൾക്കപ്പുറമുള്ള ശരദിന്ദു നാളത്തിലേക്ക് മനസ്സിനെ തിരിച്ചുവിട്ടതും . ഇപ്പോഴും എന്റെ മനസ്സ് തളർന്നലയുമ്പോൾ, എന്റെ ഉൾക്കടലുകളിലെയെന്നെ അറിയുന്ന ഏതോ കാറ്റു വന്ന് മന്ത്രിക സ്പർശം കൊണ്ടെന്ന പോലെ റേഡിയോ നോബ് തിരിച്ച് എന്നെയാ യമൻ കല്യാണിവരികൾ കേൾപ്പിച്ച്, കേറി വാ എന്ന് മധുരമായി പാടി വിളിച്ച് എന്റെ കൈ പിടിക്കും.

എം ബി ശ്രീനിവാസൻ, എനിക്കു വേണ്ടി മാത്രം ട്യൂൺ ചെയ്തതാണ് ‘പരസ്പര’ത്തിലെ ‘നിറങ്ങൾ തൻ നൃത്ത’വും. നമ്മൾ ഒരു പ്രത്യേക കാരണവും കൂടാതെ ഇഷ്ടപ്പെടുന്ന ചില വരികൾ നമുക്കായി കാലം എഴുതുന്ന ദീർഘദർശനത്തുണ്ടുകളാണ് എന്ന് ഞാനറിഞ്ഞത് വളരെ കുറച്ചു നാളുകൾക്കു മുമ്പു മാത്രമാണ്.

എം ജി യൂണിവേഴ്സിറ്റിയിലെ ജോലിക്കാലത്ത് പ്രിയദർശിനിക്കുന്നിന്റെ മുകളിലെ ലൈബ്രറിയിൽ പരതി കണ്ടു പിടിച്ചു കൊതിയോടെ വായിച്ചു തീർത്ത ജോർജ് ഓണക്കൂർ നോവലിലെ ശരാശരി പൈങ്കിളിത്തം എന്നെ പാടേ നിരാശയാക്കി. പക്ഷേ ആ പൈങ്കിളിത്തമാണ് കെ ജി ജോർജിന്റെ അപാര പ്രതിഭയെക്കുറിച്ചു പറഞ്ഞു തന്നമ്പരിപ്പിച്ചതും സാഹിത്യത്തിലെ ഒരു വെറുംകടക്കണ്ണിനെ സിനിമയിലെ പ്രണയ’വസന്ത മലർക്കിളികളാ’ക്കുന്നതിലെ വ്യാത്യാസം സൂക്ഷ്മമായി പറഞ്ഞു തന്നു പഠിപ്പിച്ചതും.

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ സെൽമാ ജോർജ്, ‘ഈ മനുഷ്യനെനിയ്ക്ക് കൂടുതൽ അവസരങ്ങൾ തന്നില്ല’ എന്നു പറഞ്ഞു പരാതിപ്പെട്ടപ്പോൾ എനിയ്ക്ക് സെൽമയുടെ കൈ പിടിച്ച് ചോദിക്കണമെന്നു തോന്നി, എന്തിനാണ് അമൃത് ഒരുപാട്? ഒറ്റത്തുള്ളി പോരേ? ‘കുരവയും പാട്ടുമായ് കൂടെയെത്തി’, ഏതു മലയാളിയുടെയും പ്രണയ സങ്കല്പമായ പാട്ട് പാടാൻ നിങ്ങളെയല്ലേ നിങ്ങളുടെ ജോർജ് തെരഞ്ഞെടുത്തത് ! (പോരാഞ്ഞ് ആ കറുപ്പും വെളുപ്പും പാട്ട് യവനികയിലെയും!)

അത്ഭുതമാണ്, ആ പഴയ ജയചന്ദ്രനിപ്പോഴും ‘മധുരമായ് പാടി വിളിയ്ക്കുന്ന’ അതേ പ്രണയസ്വരം!

ശോഭയോളം വരില്ല എനിക്ക് ഒരു ഐശ്വര്യ റായിയും.  ആണായിരുന്നെങ്കിൽ എന്നു തോന്നിയിരിക്കുന്നത് ശോഭയെ പ്രണയിക്കാനായി മാത്രമാണ്. ഒരു നോട്ടം കൊണ്ട് ആഭരണം കൊത്തിപ്പണിഞ്ഞ് സുന്ദരിയാവുന്ന ജാലവിദ്യയിൽ കൈയൊപ്പുള്ള ‘അതിഗൂഢ സുസ്മിത’ക്കാരി.

Shobha, Shobha memories, Shobha songs, Shobha films, ശോഭ, Indian express malayalam, IE Malayalam, Priya A S

കെ ജി ജോർജ്, നിങ്ങളാണെപ്പോഴും എന്റെ ഏറ്റവും പ്രിയ മലയാളസിനിമാക്കാരൻ. വാരിയെല്ലുള്ള സിനിമകളെടുത്ത സിനിമാക്കാരൻ. ‘ഇരകൾ’ ഇറങ്ങിയ ആദ്യ ദിവസം തന്നെ എരമല്ലൂരുനിന്ന് എറണാകുളം മൈമൂണിലേക്ക് ട്രാൻസ്പോർട്ട് ബസ് കയറിപ്പോയ ഒരമ്മയെയും മകളെയും അവരുടെ സിനിമാ ദാഹങ്ങളെയും പറ്റി പക്ഷേ നിങ്ങൾക്കറിയില്ലല്ലോ.

ഞെട്ടറ്റു പോയ ശോഭയെയും വേണുവിനെയും മാറ്റി നിർത്തി, നിങ്ങളെത്തന്നെ ഞാനിന്ന് ഓർക്കുന്നു പ്രിയ ജോർജ്. നിങ്ങളെന്താണ് എന്ന് മലയാളി ക്രമേണ ക്രമേണ അറിയാനിരിക്കുന്നതേയുള്ളൂ…

നിങ്ങളുടെ ഉള്ളിലെ കടലുകൾ… അവ തന്ന ചിറകാർന്ന സ്വപ്നങ്ങൾ… തിരിച്ചു തന്ന ജീവിതം. ഓ, എങ്ങനെയാണ് ജോർജ്, ഞാൻ നന്ദി പറയുക! ഒരു പക്ഷേ ജീവിതത്തിൽ നിന്ന് ഞെട്ടറ്റു പോയാലും, അരികെ ശരദിന്ദു മലർദീപ നാളം കൊളുത്തി വച്ചാൽ മറ്റാരെങ്കിലും എഴുന്നേറ്റ് വരുമോ ജീവിതത്തിന്റെ കടവിലേക്ക് എന്നെനിക്കറിയില്ല.  പക്ഷേ ഞാൻ എഴുന്നേറ്റ് വരും, തീർച്ച.

Read more: പ്രിയ എ എസിന്റെ എഴുത്തുകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook