/indian-express-malayalam/media/media_files/uploads/2019/12/Shweta-Basu.jpg)
കഴിഞ്ഞ വർഷം ഡിസംബറിലാണ് നടി ശ്വേത ബസുവും ഭർത്താവും യുവ സംവിധായകനുമായ രോഹിത് മിത്തലും വേർപിരിയുന്നു എന്ന വാർത്ത പുറത്തു വന്നത്. ശ്വേത തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പരസ്പര സമ്മതത്തോടെയാണ് തങ്ങൾ പിരിയുന്നതെന്നും ദാമ്പത്യ ബന്ധം അവസാനിച്ചാലും ഇരുവരും നല്ല സുഹൃത്തുക്കളാണെന്ന് ഇപ്പോൾ ശ്വേത വെളിപ്പെടുത്തുന്നു. സ്പോട്ട് ബോയിയുമായുള്ള അഭിമുഖത്തിലാണ് ശ്വേത ഇക്കാര്യം വെളിപ്പെടുത്തിയത്.
“രോഹിത്തും ഞാനും വളരെ നല്ല സുഹൃത്തുക്കളാണ്. എന്റെ പോസ്റ്റിൽ സൂചിപ്പിച്ചതുപോലെ ഇത് ഒരു പരസ്പര ധാരണയോടെയുള്ള തീരുമാനമായിരുന്നു. അദ്ദേഹം എല്ലായെപ്പോഴും എന്റെ അഭിനയ ജീവിതത്തെ വളരെയധികം പിന്തുണയ്ക്കുന്ന ആളാണ്. ഞാൻ അദ്ദേഹത്തിന്റെ ആരാധികയാണ്. അദ്ദേഹം ഒരു മികച്ച ചലച്ചിത്രകാരനാണ്. ഞങ്ങൾ എന്നെങ്കിലും ഒരിക്കൽ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," ശ്വേത പറഞ്ഞു.
അഞ്ച് വർഷത്തോളം നീണ്ടു നിന്ന ബന്ധത്തിനൊടുവിൽ അവർ "സുഹൃത്തുക്കളായി തുടരാൻ" തീരുമാനിച്ചുവെന്ന് ശ്വേത പറഞ്ഞു: "ഞങ്ങൾക്കിടയിൽ അഞ്ച് വർഷമായി വളരെ സ്നേഹം നിറഞ്ഞതും ആരോഗ്യകരവും വിശ്വസ്തവുമായ ബന്ധമാണ് ഉള്ളത്. വിവാഹം അവസാനിപ്പിച്ച് സുഹൃത്തുക്കളായി തുടരാൻ ഞങ്ങൾ തീരുമാനിച്ചു, അത്രമാത്രം," ശ്വേത പറഞ്ഞു.
വീണ്ടും പ്രണയത്തിലാകുമോ എന്ന ചോദ്യത്തിന്: “തീർച്ചയായും പ്രണയം എന്ന ആശയത്തെയോ പ്രണയത്തിലാകുന്നതിനെയോ ഞാൻ അകറ്റി നിർത്തിയിട്ടില്ല. പക്ഷേ ഇപ്പോൾ എന്റെ ഏക ശ്രദ്ധ കരിയറും ജോലിയും മാത്രമാണ്. സ്നേഹം ജൈവികമായി സംഭവിക്കുന്ന ഒന്നാണ്. അത് സംഭവിച്ചില്ലെങ്കിൽ ഒരു കുഴപ്പവുമില്ല. അതിനെ അന്വേഷിച്ച് പോകുന്നുമില്ല," എന്നായിരുന്നു ശ്വേതയുടെ മറുപടി.
രോഹിത്തും ശ്വേതയും 2018ലാണ് ഇരുവരുടേയും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായത്. എന്നാൽ ഒന്നാം വിവാഹ വാര്‍ഷികത്തിന് മൂന്ന് ദിവസം ശേഷിക്കെയായിരുന്നു വിവാഹമോചന വാര്‍ത്തയും ആരാധകര്‍ കേള്‍ക്കുന്നത്. എന്തുകൊണ്ട് വിവാഹമോചനം നേടുന്നു എന്ന് ശ്വേത ബസു ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമാണ് ഇതെന്ന് ശ്വേത പറഞ്ഞിട്ടുണ്ട്. വളരെ വൈകാരികമായാണ് ശ്വേത വിവാഹമോചനത്തെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നത്.
“രോഹിത്ത് മിത്താലും ഞാനും വിവാഹബന്ധം ഉപേക്ഷിക്കാനും പരസ്‌പരം പിരിയാനും തീരുമാനിച്ചിരിക്കുകയാണ്. ഏതാനും മാസങ്ങളായി ഇതേകുറിച്ച് ആലോചനയിലായിരുന്നു. സ്വന്തം താല്‍പര്യങ്ങളും ആഗ്രഹങ്ങളും പരിഗണിച്ച് ഞങ്ങള്‍ ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമാണിത്. എല്ലാ പുസ്തകങ്ങളും എല്ലാവര്‍ക്കും വായിക്കാന്‍ കഴിയണമെന്നില്ല. അത് പുസ്തകം മോശമായതിനാല്‍ അല്ല, വായിക്കാന്‍ സാധിക്കാത്തതിനാലും അല്ല. ചിലതെല്ലാം പൂര്‍ണമായി വായിക്കാത്തതാണ് എപ്പോഴും നല്ലത്. അതിന് പലകാരണങ്ങളും ഉണ്ടാകും. എന്നെ എല്ലായ്‌പ്പോഴും പ്രചോദിപ്പിച്ചതിനും പകരം വയ്ക്കാനില്ലാത്ത ഓര്‍മകള്‍ സമ്മാനിച്ചതിനും രോഹിത്തിന് നന്ദി പറയുന്നു. ശോഭനമായ ഒരു ഭാവി ജീവിതം ആശംസിക്കുന്നു.”
മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ അഭിനേത്രി കൂടിയാണ് ശ്വേത. ശ്രീകാന്ത് സംവിധാനം ചെയ്ത ‘കോത ബങ്കരു ലോകം’ എന്ന തെലുങ്ക് ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ഇത് ഞങ്ങളുടെ ലോകം’ എന്ന സിനിമയിലൂടെ മലയാളത്തിലും ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ശ്വേത ബസു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.