scorecardresearch
Latest News

മധുരം കഴിക്കും, ഡയറ്റും ചെയ്യും; ഭാരം കൂടാതെ നോക്കുന്നത് എങ്ങനെയെന്ന് ശോഭന

ശരീരസൗന്ദര്യവും ഊർജ്ജസ്വലതയും നിലനിർത്താൻ തന്നെ സഹായിക്കുന്ന ഡയറ്റിനെ കുറിച്ചും ഭക്ഷണകാര്യത്തിലെ ഇഷ്ടാനിഷ്ടങ്ങളെ കുറിച്ചും മനസ്സു തുറന്ന് ശോഭന

shobhana, shobhana latest

എന്നും മലയാളികൾ നെഞ്ചോട് ചേർക്കുന്ന നായികമാരിൽ ഒരാളാണ് ശോഭന. വല്ലപ്പോഴും വന്ന് ഒന്നോ രണ്ടോ സിനിമകൾ സമ്മാനിച്ച് വീണ്ടും നൃത്തലോകത്തേക്ക് തിരിച്ചു പോവും. ഈ ഇടവേളകളൊന്നും തന്നെ മലയാളികൾക്ക് ശോഭനയോടുള്ള ഇഷ്ടം കുറയ്ക്കുന്നില്ല എന്നതാണ് സത്യം. ഗ്രേസ്, അർപ്പണം എന്നീ വാക്കുകളുടെ പര്യായമാണ് മലയാളികൾക്ക് ശോഭന. 52-ാം വയസ്സിലും ഊർജ്ജസ്വലതയോടെയും പ്രസരിപ്പോടെയും നൃത്തത്തിന്റെ ലോകത്ത് തിളങ്ങുകയാണ് ശോഭന.

ശരീരസൗന്ദര്യവും ഉന്മേഷവും നിലനിർത്താൻ തന്നെ സഹായിക്കുന്ന ഡയറ്റിനെ കുറിച്ചും ഭക്ഷണകാര്യത്തിലെ ഇഷ്ടാനിഷ്ടങ്ങളെ കുറിച്ചും മനസ്സു തുറക്കുകയാണ് ശോഭന. പ്രോട്ടീൻ ഷേക്കിനൊപ്പം ഡയറ്റും പിൻതുടരുന്ന ആളാണ് താനെന്ന് ശോഭന പറയുന്നു. “പ്രോട്ടീൻ ഷേക്കും ഡയറ്റുമാണ് എന്റെ രീതി. രണ്ടും കൂടി എന്തിനാണെന്ന് പലരും ചോദിക്കാറുണ്ട്. എനിക്ക് എപ്പോഴും വിശപ്പാണ്,” വേറിട്ട ഡയറ്റിനു പിന്നിലെ കാരണം ശോഭന വെളിപ്പെടുത്തി.

“ചിലപ്പോൾ മൂന്നു ദിവസത്തെ ഡയറ്റ് എടുക്കും, ചിലപ്പോൾ ഏഴു ദിവസത്തേക്കോ, ക്രാഷ് ഡയറ്റോ പിൻതുടരും,” കൃത്യമായ ഇടവേളകളിൽ ശരീരഭാരം നോക്കുന്ന പതിവുണ്ടെന്നും താരം കൂട്ടിച്ചേർക്കുന്നു.

പിസ്സ, ബർഗർ,പാസ്ത, ബ്രഡ്, സാൻഡ്‌വിച്ച്, എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ, റെഡ് മീറ്റ് ഒന്നും താൻ കഴിക്കാറില്ലെന്നും ശോഭന. അതേസമയം തായ് ഫുഡ്, ഡിസേർട്ട് എന്നിവയൊക്കെ കഴിക്കാൻ തനിക്കേറെ ഇഷ്ടമാണെന്നും താരം പറയുന്നു.

സിനിമാ നൃത്ത കുടുംബത്തില്‍ നിന്നാണ് ശോഭനയും വരുന്നത്. തന്‍റെ അമ്മായിമാരുടെ പാത പിന്തുടര്‍ന്നാണ് സിനിമയിലും പിന്നീട് നൃത്തത്തിലും ശോഭന എത്തിയത്. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് പത്മശ്രീ പുരസ്കാരവും മൂന്നു തവണ അഭിനയത്തിനുള്ള ദേശീയ പുരസ്കാരവും നേടിയ ശോഭന.

1980ൽ തമിഴ് സിനിമയിലൂടെയാണ് ശോഭന അരങ്ങേറ്റം കുറിച്ചത്. പിന്നീട്, നായികയായി അരങ്ങേറ്റം കുറിച്ചത് ബാലചന്ദ്രമേനോന്റെ ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായി എത്രയോ ചിത്രങ്ങൾ. മോഹൻലാൽ, രജനികാന്ത്, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി എന്നിങ്ങനെ സൂപ്പർതാരങ്ങളുടെയെല്ലാം നായികയായി ശോഭന തിളങ്ങി.

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴിലെ ഗംഗ, ശോഭനയുടെ അഭിനയജീവിതത്തിലെ ഒരു മറക്കാത്ത ഏടാണ്. നാടോടിക്കാറ്റ്, മേലേപറമ്പിൽ ആൺവീട്, പവിത്രം, കമ്മീഷ്ണർ, പക്ഷേ, യാത്ര, ഇന്നലെ, മിന്നാരം, പപ്പയുടെ സ്വന്തം അപ്പൂസ്, ഹിറ്റ്‌ലർ, തേന്മാവിൻ കൊമ്പത്ത്, ചിലമ്പ്, മാനത്തെ വെള്ളിത്തേര്, സിന്ദൂരരേഖ, മഴയെത്തും മുൻപെ, അഗ്നിസാക്ഷി, മകൾക്ക്, തിര എന്നു തുടങ്ങി വരനെ ആവശ്യമുണ്ട് വരെയുള്ള ഒരുപിടി നല്ല ചിത്രങ്ങളിൽ ശോഭന അഭിനയിച്ചു. പത്മരാജൻ, ഭരതൻ, അടൂർ, മണിരത്നം, കെ എസ് സേതുമാധവൻ, പി ജി വിശ്വംഭരൻ, ബാലു മഹേന്ദ്ര, ഐ വി ശശി, ജോഷി, പ്രിയദർശൻ, സത്യൻ അന്തിക്കാട്, കമൽ, സിബി മലയിൽ, ഫാസിൽ തുടങ്ങി പ്രമുഖരായ ഒട്ടുമിക്ക സംവിധായകർക്കൊപ്പവും ശോഭന പ്രവർത്തിച്ചിട്ടുണ്ട്.

രണ്ടു തവണയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ശോഭനയെ തേടിയെത്തിയത്. ഒപ്പം 14 ഫിലിംഫെയർ പുരസ്‌കാരങ്ങൾ, തമിഴ്നാട് സർക്കാരിന്റെ കലൈമാമാണി പുരസ്കാരം , കേരള സംഗീത നാടക അക്കാദമിയുടെ കലാരത്‌ന പുരസ്‌കാരം , പത്മശ്രീ പുരസ്കാരം , ഒരു തവണ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം എന്നിങ്ങനെ ഒരുപിടി പുരസ്കാരങ്ങൾ വേറെയും.

ചെന്നൈയിൽ കലാതർപ്പണ എന്ന നൃത്തവിദ്യാലയം നടത്തുന്ന ശോഭന രാജ്യത്തിനകത്തും പുറത്തും ധാരാളം നൃത്ത പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്. അനന്തനാരായണിയാണ് മകൾ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress shobhana about her diet plan