മലയാളികളുടെ പ്രിയപ്പെട്ട നടിമാരാണ് ശോഭനയും സുഹാസിനിയും. ഇരുവരും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് നൽകിയിട്ടുണ്ട്. അടുത്തിടെ ഇരുവരും ഹൈദരാബാദ് വിമാനത്താവളത്തിൽ വച്ച് കണ്ടുമുട്ടി. ആ സന്തോഷത്തിൽ ശോഭന ഒരു സെൽഫിയുമെടുത്തു. ശോഭന തന്റെ ഫെയ്സ്ബുക്ക് പേജിൽ സെൽഫി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹൈദരാബാദിൽ തന്റെ ഷോയുടെ ഭാഗമായാണ് ശോഭന എത്തിയത്.

അഭിനയത്തിൽനിന്നും വിട്ടുനിൽക്കുന്ന ശോഭന ചെന്നൈയിൽ ഡാൻസ് സ്കൂൾ നടത്തുകയാണ്. ‘കൃഷ്ണ’ എന്ന ശോഭനയുടെ നൃത്താവിഷ്കാരം ഏറെ പ്രശംസ നേടിയിരുന്നു. 2013 ൽ പുറത്തിറങ്ങിയ തിര സിനിമയിലാണ് ശോഭന അവസാനമായി അഭിനയിച്ചത്.

അഭിനയരംഗത്ത് ഇപ്പോഴും സജീവയാണ് സുഹാസിനി. സാൾട്ട് മാംഗോ ട്രീ ആയിരുന്നു മലയാളത്തിൽ സുഹാസിനി അവസാനമായി അഭിനയിച്ചത്. കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് സുഹാസിനി മലയാളത്തിലേക്കെത്തുന്നത്. പിന്നീട് രാക്കുയിലിൻ രാഗസദസ്സിൽ, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, സമൂഹം, വാനപ്രസ്ഥം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 1986-ൽ പുറത്തിറങ്ങിയ സിന്ധു ഭൈരവി എന്ന തമിഴ് സിനിമയിലെ വേഷത്തിന് മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ലഭിച്ചു. തമിഴ് സം‌വിധായകനായ മണിരത്നമാണ് ഭർത്താവ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ