മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടിയ തെന്നിന്ത്യൻ നടിയായി മലയാളി പ്രേക്ഷകർക്കും എക്കാലത്തും പ്രിയപ്പെട്ട താരമാണ്. മലയാളത്തിലേക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ആദ്യമായി കൊണ്ടുവന്ന നടിയും ശാരദയാണ്. ഒരു കാലഘട്ടത്തിൽ മലയാളസിനിമയുടെ മുഖമായിരുന്നു ശാരദയുടെ എഴുപത്തിയഞ്ചാം ജന്മദിനമാണ് ഇന്ന്.
ഒരു തെലുഗു കർഷക കുടുംബത്തിൽ ജനിച്ചു വളർന്ന സരസ്വതി ദേവി എന്ന പെൺകുട്ടി പിന്നീട് ശാരദയായി മാറുകയായിരുന്നു. ശാരദയെ ഒരു വലിയ താരമാക്കണം എന്നത് അമ്മയുടെ ആഗ്രഹമായിരുന്നു, അതിനായി മകളെ ആറാം വയസ്സു മുതൽ തന്നെ നൃത്തം പഠിപ്പിക്കാൻ ആ അമ്മ മറന്നില്ല. നാടകങ്ങളിൽ കൂടിയാണ് ശാരദ അഭിനയത്തിലേക്ക് എത്തുന്നത്. ‘കന്യ സുൽക്കം’ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു ശാരദയുടെ സിനിമാ അരങ്ങേറ്റം. 1961-ൽ പുറത്തിറങ്ങിയ ‘ഇണപ്രാവുകൾ’ ആയിരുന്നു ശാരദയുടെ ആദ്യ മലയാളചിത്രം. ‘തുലാഭാരം’, അടൂര് ഗോപാലകൃഷ്ണന്റെ ‘സ്വയംവരം’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ശാരദയെ തേടിയെത്തി. ‘നിമജ്ജന’ എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയത്തിനാണ് മൂന്നാമത്തെ ദേശീയപുരസ്കാരം ശാരദയെ തേടിയെത്തിയത്.
350ൽ ഏറെ ചിത്രങ്ങളിലാണ് ശാരദ അഭിനയിച്ചത്. ശകുന്തള, മുറപ്പെണ്ണ്, കാട്ടുതുളസി, ഇണപ്രാവുകൾ, സ്വയംവരം എന്നിവയെല്ലാം ശാരദയുടെ ശ്രദ്ധിക്കപ്പെട്ട മലയാളചിത്രങ്ങളാണ്. എ. വിൻസെന്റിന്റെ സംവിധാനത്തിൽ 1968-ൽ പുറത്തിറങ്ങിയ തുലാഭാരം എന്ന ചിത്രമായിരുന്നു ശാരദയുടെ വളരെയധികം ശ്രദ്ധിക്കപ്പെട്ട ചിത്രം. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാലുഭാഷകളിലും ഈ ചിത്രം പുറത്തിറങ്ങിയിരുന്നു. ശാരദയായിരുന്നു ഇവയിലെല്ലാം നായികാകഥാപാത്രത്തെ അവതരിപ്പിച്ചത്.
സിനിമയ്ക്ക് അപ്പുറം രാഷ്ട്രീയത്തിലും ഇടക്കാലത്ത് സജീവമായിരുന്നു ശാരദ. തെലുഗുദേശം പാർട്ടിയുടെ പ്രതിനിധിയായി സ്വന്തം മണ്ഡലമായ തെനാലിയിൽ നിന്ന് ലോകസഭയിലേക്കും ശാരദ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Read more: ഒരു കൈ നോക്കിയാലോയെന്ന് ഷീല; ആ അഭിനയം നിനക്ക് വഴങ്ങില്ലെന്നു ശാരദ