മലയാള സിനിമയിലെ മുതിർന്ന നടിമാരിൽ ഒരാളാണ് ശാന്തകുമാരി. 250 ഓളം ചിത്രങ്ങളിൽ അമ്മയായും സഹനടിയായുമൊക്കെ അഭിനയിച്ച അഭിനേത്രി. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, നരെയ്ൻ, ലാൽ, തൻവി റാം, ശിവദ, ശാന്തകുമാരി എന്നിവർ അഭിനയിച്ച ജൂഡ് ആന്റണി സംവിധാനം ചെയ്ത ‘2018’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. നൂറു കോടി ക്ലബ്ബിലും ചിത്രം ഇതിനകം ഇടം നേടി കഴിഞ്ഞു. ഒരിടവേളയ്ക്ക് ശേഷം ശാന്തകുമാരി അഭിനയിച്ച ചിത്രം കൂടിയാണ് ‘2018’.
2018ന്റെ പ്രമോഷനിടെ നടൻ ടൊവിനോ തോമസ് തന്നെ കുറിച്ചു പറഞ്ഞ നല്ല വാക്കുകളിൽ സന്തോഷം പ്രകടപ്പിക്കുകയാണ് ശാന്ത കുമാരി. “മഴയത്ത് കൂസലില്ലാതെ ശാന്തകുമാരി ചേച്ചിയൊക്കെ നിന്ന് അഭിനയിക്കുമ്പോൾ ഞാനെങ്ങനെ മാറിനിൽക്കും?” എന്നായിരുന്നു പ്രമോഷനിടെ പറഞ്ഞത്. മഴയത്തും വെള്ളക്കെട്ടിലുമൊക്കെയായി ചിത്രീകരണം പൂർത്തിയാക്കിയ 2018 എന്ന സിനിമ അഭിനേതാക്കളെ സംബന്ധിച്ച് ഏറെ വെല്ലുവിളി നിറഞ്ഞ അനുഭവമായിരുന്നു. ‘ഈ പ്രായത്തിലും ശാന്തകുമാരി ചേച്ചിയൊക്കെ കാണിക്കുന്ന ഡെഡിക്കേഷനാണ് ബുദ്ധിമുട്ടുകളെ അതിജീവിച്ച് ചിത്രീകരണം പൂർത്തിയാക്കാൻ’ തനിക്ക് പ്രചോദനമായതെന്ന് ടൊവിനോ പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു.
ടൊവിനോയുടെ ആ നല്ല വാക്കുകൾക്ക് നന്ദി പറയുകയാണ് ശാന്തകുമാരി ഇപ്പോൾ. “ടൊവിനോ എന്നെ കുറിച്ച് ഒരുപാട് നല്ല കാര്യങ്ങൾ കുറിച്ച് പറഞ്ഞു. ഇത്രവർഷങ്ങളായി അഭിനയിച്ചിട്ടും ഒരാളു പോലും ശാന്തകുമാരിയുടെ കൂടെ അഭിനയിച്ചു എന്നു പറഞ്ഞിട്ടില്ല. അവരൊക്കെ നല്ല ഉയരത്തിലുള്ള ആളുകളെ നോക്കിയേ പറയാറുള്ളൂ. പക്ഷേ ടൊവിനോ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് സത്യത്തിൽ സന്തോഷമാണോ സങ്കടമാണോ എന്നെനിക്കറിയില്ല. ആ കുട്ടിക്ക് കൊടുക്കാൻ ഒന്നും എന്റെയടുത്തില്ല. നല്ലതു വരട്ടെ, ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ, നല്ല നല്ല അവസരങ്ങൾ വരട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു,” ഇടറുന്ന ശബ്ദത്തിൽ ശാന്തകുമാരി പറഞ്ഞു. മനോരമ ഓൺലൈനിന്റെ ‘100 കോടി ക്ലബിലെ അമ്മമാർ’ എന്ന അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ശാന്തകുമാരി.
ഷൂട്ടിലുടനീളം ടൊവിനോ കാണിച്ച കരുതലിനെ കുറിച്ചും ശാന്തകുമാരി പറയുന്നു. “വലിയ തുള്ളികളായാണ് വെള്ളം മുഖത്തേക്ക് വീഴുന്നത്. കുട കൊണ്ടു വന്നു തന്നിരുന്നെങ്കിലും കാറ്റും ഇടിവെട്ടും എല്ലാംകൂടിയാകുമ്പോൾ കുട പറന്നു പോകും. വെള്ളം മുഴുവൻ മുഖത്തേക്കു വീഴും. ഇരിക്കാനും സ്ഥലമില്ല. ആകെ നനഞ്ഞു കുളിച്ചാണ് അഭിനയിച്ചത്. എങ്ങനെയെങ്കിലും അഭിനയിച്ചു വിജയിപ്പിക്കണം എന്നു മാത്രമായിരുന്നു മനസിൽ! ഇടയ്ക്ക് ചേച്ചിക്ക് കസേര കൊടുക്ക് എന്നൊക്കെ ടൊവിനോ വിളിച്ചു പറയുന്നതു കേൾക്കാം. പനി പിടിച്ചു കിടപ്പിലാകുമോ, രാവിലെ വണ്ടി വരുമ്പോൾ എണീക്കാൻ പറ്റുമോ എന്നൊക്കെയുള്ള സംശയങ്ങളും പേടിയുമുണ്ടായിരുന്നു. പക്ഷേ, അങ്ങനെയൊന്നും ഉണ്ടായില്ല,” ഷൂട്ടിംഗ് അനുഭവങ്ങൾ ശാന്തകുമാരി പങ്കുവച്ചു.