കഴിഞ്ഞ ദിവസമാണ് നടി ഷംന കാസിമും ബിസിനസുകാരനുമായ ഷാനിദ് ആസിഫ് അലിയും വിവാഹിതയായത്. ദുബായില്‍ വച്ചായിരുന്നു വിവാഹവും റിസപ്ഷനും നടന്നത്. റിസപ്ഷനിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുകയാണ് ഷംന കാസിം.
“നന്ദി, പ്രിയനേ, ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയാണെന്ന് എന്നെ സ്ഥിരമായി തോന്നിപ്പിക്കുന്നതിന്,” എന്നാണ് ഷംന കുറിച്ചത്. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ്.
“ഞാൻ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ ആയിരിക്കില്ല, അല്ലെങ്കിൽ ഒരു നല്ല പങ്കാളിയുടെ എല്ലാ സ്വഭാവങ്ങളും എനിക്കില്ല, പക്ഷേ നിങ്ങൾ ഒരിക്കലും എന്നിൽ ഒരു കുറവും വരുത്തിയിട്ടില്ല.
ഞാൻ ആരാണെന്നതിന് നിങ്ങൾ എന്നെ ആരാധിച്ചു, എന്നെ മാറ്റാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. എന്നിലെ ഏറ്റവും മികച്ചത് പുറത്തെടുത്ത് സ്വയം മുന്നോട്ട് പോവാൻ അതെന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇന്ന്, നമ്മുടെ പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ ഞാനും നിങ്ങളും ഒന്നിച്ചുള്ള ഒരു മഹത്തായയാത്ര ആരംഭിക്കുന്നു. ഇത് അൽപ്പം അമിതമാണെന്ന് എനിക്കറിയാം, പക്ഷേ എപ്പോഴും എന്തിനും നിങ്ങളുടെ കൂടെ ഉണ്ടായിരിക്കുമെന്നും നിങ്ങളെ എന്നേക്കും സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു,” മറ്റൊരു കുറിപ്പിൽ ഷംന പറയുന്നു.
ഷംന വിവാഹ നിശ്ചയ ചിത്രങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചിരുന്നു. ‘കുടുംബത്തിന്റെ അനുഗ്രഹത്തോടെ ഞാന്‍ പുതിയൊരു ജീവിതത്തിലേയ്ക്കു കടക്കുന്നു’ എന്നാണ് ഷംന തന്റെ പ്രിയതമനെ പരിചയപ്പെടുത്തി കൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി തിരക്കേറിയ നടിയാണ് ഷംന കാസിം. പൂർണ എന്ന പേരിലാണ് താരം ഇതര ഭാഷാ സിനിമ മേഖലയിൽ അറിയപ്പെടുന്നത്. ‘മഞ്ഞുപോലൊരു പെൺകുട്ടി’ എന്ന സിനിമയിലൂടെയാണ് ഷംന അഭിനയത്തിലേക്ക് എത്തുന്നത്. പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, അലി ഭായ്, കോളേജ് കുമാരന്, അലിഭായ്, ചട്ടക്കാരി തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നല്ലൊരു നർത്തകി കൂടിയാണ് ഷംന.