അഭിനയം മാത്രമല്ല, വരയും തനിക്ക് വഴങ്ങും എന്നു തെളിയിക്കുകയാണ് ഒരുകാലത്ത് മലയാള സിനിമാപ്രേക്ഷകരുടെ മാനസപുത്രിയായിരുന്ന ശ്യാമിലി. അടുത്തിടെ ബാംഗ്ലൂരിലെ ഒരു ആർട്ട് ഗ്യാലറിയിൽ ശ്യാമിലി വരച്ച ചിത്രങ്ങളുടെ പ്രദർശനം നടന്നു. പ്രശസ്ത ആർട്ടിസ്റ്റായ എ.വി.ഇളങ്കോ ആണ് ചിത്രരചനയിൽ ശ്യാമിലിയുടെ ഗുരു.
കുട്ടിക്കാലം മുതൽ തന്നെ ചിത്രകലയിൽ താൽപര്യമുള്ള ശ്യാമിലി അഞ്ചു വർഷം നീണ്ട പഠനത്തിനൊടുവിലാണ് ഒരു എക്സിബിഷന്റെ ഭാഗമായിരിക്കുന്നത്. ‘Diverse Perceptions’ എന്ന പേരിൽ ബാംഗ്ലൂർ ശേഷാദ്രിപുരത്തെ ഇളങ്കോസ് ആർട് സ്പെയ്സിൽ സംഘടിപ്പിച്ച എക്സിബിഷനിലാണ് ശ്യാമിലി വരച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ചത്. ശ്യാമിലിയെ കൂടാതെ അഫ്ഷാന ഷർമീൻ, ഐശ്വര്യ.ആർ, കാന്തിമതി, പ്രമീള ഗോപിനാഥ്, റീന ഡി.കൊച്ചാർ, ശങ്കർ സുന്ദരം, വിനിത ആനന്ദ് എന്നിങ്ങനെ ആറു ആർട്ടിസ്റ്റുകളുടെ ചിത്രങ്ങളും ഈ എക്സിബിഷന്റെ ഭാഗമായി പ്രദർശിപ്പിച്ചിരുന്നു.
View this post on Instagram
Actress #Shamlee is now a painter. Her paintings were recently put up at an exhibition in Bengaluru
ബേബി ശാലിനിയേയും അനിയത്തി ശ്യാമിലിയേയും പോലെ മലയാളികളുടെ ഹൃദയം കവർന്ന ബാലതാരങ്ങൾ മലയാളസിനിമയിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. രണ്ടാം വയസിലാണ് ശ്യാമിലി അഭിനയിച്ചു തുടങ്ങുന്നത്. കന്നട, മലയാളം, തമിഴ് ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച ശ്യാമിലി മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡും കരസ്ഥമാക്കിയിരുന്നു.
ബാലതാരങ്ങളായി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ശാലിനി പിന്നീട് ഒരിടവേളയ്ക്ക് ശേഷം നായികയായി സിനിമയിലേക്ക് തിരിച്ചെത്തുകയും നിരവധിയേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു. തമിഴ് താരം അജിത്തുമായുള്ള പ്രണയവിവാഹത്തിനു ശേഷം അഭിനയത്തിനോട് വിട പറഞ്ഞ് കുടുംബ ജീവിതത്തിന്റെ തിരക്കുകളിലേക്ക് ശാലിനി ചേക്കേറിയതിനു ശേഷമാണ് അനിയത്തി ശ്യാമിലിയുടെ രണ്ടാം വരവ്. സിദ്ധാർത്ഥ് നായകനായ ‘ഒയേ’ എന്ന തെലുങ്ക് ചിത്രത്തിൽ നായികയായി കൊണ്ടായിരുന്നു ശ്യാമിലിയുടെ രണ്ടാം വരവ്.
കുഞ്ചാക്കോ ബോബൻ നായകനായ ‘വള്ളിയും തെറ്റി പുള്ളിയും തെറ്റി’ എന്ന ചിത്രത്തിലും നായികയായി അഭിനയിച്ചിരുന്നു. രണ്ടാം വരവിൽ നാലോളം ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടാത്തതിനെ തുടർന്ന് അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്ത് പഠന തിരക്കുകളിൽ മുഴുകുകയായിരുന്നു ശ്യാമിലി.
Read more: അജിത്-ശാലിനി പ്രണയത്തിലെ ഹംസം ഞാനായിരുന്നു: ശ്യാമിലി