കുടുംബ ജീവിതം നയിക്കാൻ തനിക്കും ആഗ്രഹമുണ്ടെന്ന് നടി ഷക്കീല. താൻ ഒരിക്കലും വിവാഹം വേണ്ടെന്നു വച്ചിട്ടില്ല. എനിക്കും ഒരു കുടുംബം വേണമെന്നുണ്ട്. പക്ഷേ എന്നെ ആര് കല്യാണം കഴിക്കും? പലരേയും പ്രണയിച്ചിട്ടുണ്ട്. പക്ഷേ കല്യാണക്കാര്യം വരുമ്പേൾ അവർ ഒഴിഞ്ഞുമാറുമ്പോൾ എനിക്ക് ദേഷ്യം വരും. തനിക്ക് ഇപ്പോഴും ഒരു പ്രണയമുണ്ടെന്നും എന്നാൽ പ്രണയിക്കുന്നയാളുടെ അച്‌ഛൻ എതിരാണെന്നും ഷക്കീല ഗൃഹലക്ഷ്‌മിക്ക് അനുവദിച്ച അഭിമുഖത്തിൽ പറയുന്നു.
ഇത്രയും കാലം സമ്പാദിച്ച പണമെല്ലാം അമ്മ ചേച്ചിയെ ഏൽപിച്ചു. ഞാൻ തിരിച്ചു വന്നപ്പോൾ ചേച്ചി ഒന്നും തിരിച്ച് തന്നില്ലെന്നും ഷക്കീല പറയുന്നു. തങ്കം എന്ന ട്രാൻസ്‌ജൻഡറിനെ ദത്തെടുത്ത് അവരോടൊപ്പമാണ് ഇപ്പോൾ ജീവിക്കുന്നത്. ഇപ്പോൾ കന്നഡ, തമിഴ്, തെലുങ്ക് സിനിമകളിലെ റോളുകളും ഉദ്ഘാടനവുമെല്ലാം ഉളളതുകൊണ്ടാണ് ഇപ്പോൾ ജീവിക്കുന്നതെന്നും ഷക്കീല അഭിമുഖത്തിൽ പറഞ്ഞു.
ഒരു വർഷം കൊണ്ട് സൂപ്പർ സ്റ്റാറായ താൻ പിന്നീട് ഒന്നുമല്ലാതായി. കുടുംബം പോലും തന്നെ വഞ്ചിച്ചു. ഷക്കീല എന്റെ സഹോദരിയാണെന്നു പറയാൻ പോലും അവർ തയാറല്ല. ആരുമില്ലാത്ത അവസ്ഥയാണ്. മെലിഞ്ഞിരുന്ന താൻ ഭക്ഷണ പ്രിയം കൊണ്ടും മദ്യം കുടിച്ചും തടിച്ചതാണ്. കഴിഞ്ഞ രണ്ടു വർഷമായി മദ്യപിക്കാറില്ല. ഷക്കീല തടിച്ചിയാണെന്ന് എല്ലാവരും അംഗീകരിച്ചതാണ്. അതുകൊണ്ടാണ് ഒരിക്കൽ മെലിഞ്ഞിട്ടും പിന്നീട് പഴയ പോലെയായത്.
ഇമേജിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. താൻ ചെയ്‌തത് അഭിനയമാണ്, ബ്ലൂ ഫിലിം അല്ല. കൂടെ അഭിനയിച്ച രണ്ടു പേർ എന്റെ വലിയച്‌ഛന്റെ മക്കളാണ്. അവരുടെ കൂടെയാണ് ബെഡ് റൂം സീൻ ചെയ്‌തത്. അവർ അണ്ണനാണെന്നും അവർക്ക് ഞാൻ സഹോദരിയാണെന്നും എനിക്കറിയാമല്ലോ. ആ പഴയ ഇമേജ് മാറില്ലെന്നും എന്തിന് മാറണമെന്നും ഷക്കീല ചോദിക്കുന്നു. ആ ഇമേജാണ് തനിക്ക് ഭക്ഷണം തരുന്നതെന്നും അതുകൊണ്ട് അതങ്ങനെതന്നെ നിൽക്കട്ടെയെന്നും ഷക്കീല പറഞ്ഞു.