മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതമായ മുഖങ്ങളിലൊന്നാണ് ശൈത്യാ സന്തോഷിന്റേത്. ഏഷ്യാനെറ്റിലെ ‘കോമഡി സ്റ്റാർസ്’, മഴവിൽ മനോരമയിലെ ‘കോമഡി ഫെസ്റ്റിവൽ’, ഫ്ളവേഴ്സ് ചാനലിലെ ‘ഉപ്പും മുളകും’ എന്നു തുടങ്ങി നിരവധിയേറെ പ്രോഗ്രാമുകളിലൂടെ ടെലിവിഷന്‍ പ്രേക്ഷകർക്ക് സുപരിചിതയാണ് ശൈത്യ. ഏഴു വർഷമായി മിനി സ്ക്രീനിൽ സജീവസാന്നിധ്യമായ ശൈത്യ, ‘നിങ്ങൾ ക്യാമറാ നിരീക്ഷണത്തിലാണ് ‘ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും എത്തുകയാണ്. പുതിയ ചിത്രത്തിന്റെ വിശേഷണങ്ങൾ ശൈത്യ ഇന്ത്യൻ എക്സ്‌പ്രസ് മലയാളവുമായി പങ്കു വെയ്ക്കുന്നു.

“ഏഷ്യാനെറ്റിലെ ‘കോമഡി സ്റ്റാർസ്’ കണ്ടാണ് സംവിധായകൻ വിനയൻ (വിനയൻ സി എസ്) ‘നിങ്ങൾ ക്യാമറാ നിരീക്ഷണത്തിലാണ് ‘ എന്ന ചിത്രത്തിലേക്ക് വിളിക്കുന്നത്. മുൻപ് ‘ജോ ആൻഡ് ദി ബോയ്’, ‘കിങ് ലയർ’ എന്നീ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിരുന്നെങ്കിലും ആദ്യമായിട്ടാണ് നായികയാവുന്നത്.”, ശൈത്യ പറഞ്ഞു തുടങ്ങി.

“ഷൂട്ട് തുടങ്ങുന്നതിന്റെ തലേ ദിവസമാണ് ഡയറക്ടർ സാർ വിളിച്ച് കഥയൊക്കെ പറഞ്ഞു തന്നത്. കഥ കേട്ടപ്പോൾ തന്നെ ആ ക്യാരക്ടർ കിട്ടിയായിരുന്നെങ്കിൽ എന്ന് ഞാൻ മനസ്സിലോർക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് അദ്ദേഹം പറയുന്നത് ആൻസി എന്ന കഥാപാത്രം നീയാണ് ചെയ്യാൻ പോവുന്നത് എന്ന്. അതു കേട്ടപ്പോൾ തന്നെ വലിയ സന്തോഷമായി.”

“ഇതൊരു ‘ക്രൈം ത്രില്ലർ’ ചിത്രമാണ്. ആൻസിയാണ് കഥയുടെ കേന്ദ്ര കഥാപാത്രം എന്നു തന്നെ പറയാം. അപ്രതീക്ഷതമായി ഉണ്ടാകുന്ന ആൻസിയുടെ തിരോധാനവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി സസ്പെൻസ് ഉള്ളൊരു സിനിമയാണ്. ക്യാമറയാണ് സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രം. ‘തട്ടീം മുട്ടി’യിലെ അർജ്ജുൻ ആയി അഭിനയിക്കുന്ന ജയകുമാർ ചേട്ടനാണ് എന്റെ അച്ഛനായി അഭിനയിക്കുന്നത്. നിക്കോൺ ജോസ് എന്നാണ് ജയകുമാർ ചേട്ടന്റെ കഥാപാത്രം. ജയകുമാർ ചേട്ടനും സീരിയസ് ആയൊരു കഥാപാത്രമാണ് ചെയ്യുന്നത്. ഭഗത് മാനുവൽ ചേട്ടനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.”, കുട്ടിക്കാലം മുതല്‍ സിനിമയെ ഇഷ്ടപ്പെടുന്ന ശൈത്യ കൂട്ടിച്ചേര്‍ത്തു.

“സിനിമയെനിക്ക് ഇഷ്ടമാണ്, കുട്ടിക്കാലം മുതൽ തന്നെ. കുഞ്ഞുനാൾ മുതൽ തന്നെ ക്ലാസ്സിക് ഡാൻസും പഠിക്കുന്നുണ്ട്. മഴവിൽ മനോരമ ചാനലിന്റെ ‘കോമഡി ഫെസ്റ്റിവലി’ൽ അതിഥി താരമായിട്ടാണ് ആദ്യം വരുന്നത്. പിന്നെ ആദ്യം ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു. നൃത്തത്തിൽ നിന്നുമാണ് ഞാൻ അഭിനയത്തിലേക്ക് എത്തുന്നത്. മോണോ ആക്റ്റിൽ സംസ്ഥാനതലത്തില്‍ വിജയിയായിട്ടുണ്ട്.

പിന്നീട് ഏഷ്യാനെറ്റിലെ ‘കോമഡി സ്റ്റാർസ്’ ചെയ്തു. ആളുകൾ തിരിച്ചറിയാൻ തുടങ്ങിയത് ‘കോമഡി സ്റ്റാർസി’ലെ എപ്പിസോഡുകൾ വഴിയാണ്. ഇടയ്ക്ക് ‘ഉപ്പും മുളകി’ലും ഞാൻ അഭിനയിച്ചിരുന്നു. മുടിയൻ എന്ന കഥാപാത്രത്തിന്റെ ഭാര്യയായിട്ട്. അതും യൂട്യൂബിൽ ഏറെ പേർ കണ്ടൊരു എപ്പിസോഡാണ്. ഇപ്പോൾ ആളുകൾ കാണുമ്പോൾ ചോദിക്കുന്നത്, മുടിയന്റെ ഭാര്യയായ കുട്ടിയല്ലേ എന്നാണ്,” ശൈത്യ ചിരിക്കുന്നു.

“തയ്യാറെടുപ്പുകള്‍ ഒന്നുമില്ലാതെയാണ് അഭിനയിച്ചത്. എല്ലാവരും നല്ല ഫ്രണ്ട്‌ലിയായിരുന്നു ലൊക്കേഷനിൽ. അതു കൊണ്ട് വലിയ ടെൻഷൻ ഇല്ലായിരുന്നു. പൊന്മുടി, വെള്ളായണി ഒക്കെയായിരുന്നു പ്രധാന ലൊക്കേഷൻ.”

പത്തനംത്തിട്ട റാന്നി സ്വദേശിയായ ശൈത്യ ഇപ്പോൾ ഏറ്റുമാനൂർ സിഎസ്ഐ ലോ കോളേജിൽ രണ്ടാം വർഷ നിയമ വിദ്യാർത്ഥിയാണ് നൃത്തം ഒരു പാഷനായി കൊണ്ടു നടക്കുന്ന ആളാണ് ശൈത്യ. നൃത്തം ചെയുന്ന ഒരു കഥാപാത്രമായി തന്നെ സിനിമയിൽ ‘എൻട്രി’കിട്ടിയ സന്തോഷത്തിലാണ് ശൈത്യ ഇപ്പോള്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ