അസുഖബാധിതനായ മകനു വേണ്ടി സേതുലക്ഷ്മിയമ്മയുടെ കണ്ണീരോടെയുള്ള ഫെയ്സ്ബുക്ക് ലൈവ് കണ്ട മലയാളികളെല്ലാം ആ കുടുംബത്തിനു വേണ്ടി പ്രാർത്ഥിച്ചു കാണും. ആ ലൈവിനു ശേഷം നടി പൊന്നമ്മ ബാബു ഉൾപ്പെടെയുള്ള നിരവധിയേറെ പേരാണ് സേതുലക്ഷ്മിയമ്മയുടെ മകൻ കിഷോറിന് വൃക്ക നൽകാൻ സന്നദ്ധത പ്രകടിപ്പിച്ച് മുന്നോട്ട് വന്നത്. എന്നാൽ തയ്യാറായി വന്നവരിൽ പലരുടെയും വൃക്കകൾ ചേരാത്തതു കൊണ്ട് കിഷോറിന്റെ ചികിത്സ അനിശ്ചിതത്വത്തിലേക്ക് നീളുകയായിരുന്നു.
സേതുലക്ഷ്മിയുടെ മരുമകൾ ലക്ഷ്മി ഭർത്താവായ കിഷോറിനു വൃക്ക നൽകാനൊരുങ്ങുന്നു എന്ന വാർത്തയറിഞ്ഞു വിളിക്കുമ്പോൾ പയ്യന്നൂരിൽ ഒരു ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു സേതുലക്ഷ്മിയമ്മ. സിനിമയുടെ ചിത്രീകരണം എത്രയും പെട്ടെന്ന് തീർത്ത് നാളെ തന്നെ മകനരികിലേക്ക് ഓടിയെത്താനുള്ള തിരക്കിലാണ് അവർ. മകന്റെ ശസ്ത്രക്രിയയ്ക്കുവേണ്ട ഭീമമായ തുക കണ്ടെത്താാനായി ഓടിനടന്ന് അഭിനയിക്കുകയാണ് സേതുലക്ഷ്മിയമ്മ. മകന്റെ ചികിത്സയെ കുറിച്ച് സേതുലക്ഷ്മിയമ്മ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് സംസാരിച്ചു.
” ഒാരോ ദിവസവും ചികിത്സയ്ക്കു വേണ്ടിയുള്ള കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കുകയാണ്. ഓരോരുത്തരെയായി കൊണ്ടുവന്നു സ്കാനിംഗ് ചെയ്യുന്നു. ഏഴെട്ടുപേരായി ഇപ്പോൾ. പലവിധത്തിലുള്ള പരീക്ഷണങ്ങളാണല്ലോ, ചേരുന്ന വൃക്ക കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞങ്ങൾ. എന്റെ വൃക്ക മകന്റേതുമായി മാച്ച് ചെയ്യും പക്ഷേ എനിക്ക് പ്രായം കഴിഞ്ഞുപോയതുകൊണ്ട് കൊടുക്കാൻ പറ്റില്ല,” എഴുപത്തിയാറുകാരിയായ സേതുലക്ഷ്മിയമ്മ പറഞ്ഞു.
“വൃക്ക കൊടുക്കാൻ തയ്യാറായി ആളുകൾ മുന്നോട്ട് വരുന്നുണ്ട്. പക്ഷേ ഓരോരോ തടസ്സങ്ങളാണ്. ചില മരുന്നുകൾ കഴിക്കുന്നതുകൊണ്ടുള്ള പ്രശ്നങ്ങൾ, കൗണ്ട് കുറവ് അങ്ങനെ കുറേ തടസ്സങ്ങൾ. ഫെബ്രുവരി അവസാനമോ മാർച്ച് 15 ന് അകത്തോ ചികിത്സ നടത്തണം എന്നാണ് ആഗ്രഹിക്കുന്നത്, ഡോക്ടറും അതു തന്നെയാണ് പറഞ്ഞത്. മരുമകളുടേത് ഏറെക്കുറെ മാച്ച് ആണിപ്പോൾ. ചെറിയ ചില പ്രശ്നങ്ങളുണ്ട്, അതുപക്ഷേ മരുന്നു കഴിച്ചാൽ ശരിയാക്കി എടുക്കാം എന്നാണ് ഡോക്ടർമാർ പറയുന്നത്. രണ്ടു മൂന്നു ടെസ്റ്റുകൾ കൂടിയുണ്ട്. ആ കടമ്പ കൂടി കടക്കണം. അതുകൂടി കഴിഞ്ഞാലേ പറയാൻ പറ്റൂ. എന്നാലും ഞങ്ങൾ പ്രതീക്ഷയിലാണ്,” സേതുലക്ഷ്മിയമ്മ പറഞ്ഞു.
Read more: ‘സേതുലക്ഷ്മിയുടെ മകന് വൃക്ക നൽകാൻ കഴിയില്ല’, വിഷമമുണ്ടെന്ന് പൊന്നമ്മ ബാബു
നാടക കലാകാരനും കോമഡി സ്‌കിറ്റുകളിലൂടെ മലയാളികള്‍ക്ക് പരിചിതനുമായ കിഷോർ വർഷങ്ങളായി ഡയാലിസിസിലൂടെയാണ് ജീവൻ നിലനിർത്തുന്നത്. മകന്റെ ചികിത്സയ്ക്കായാണ് സേതുലക്ഷ്മിയമ്മ സിനിമയിലേക്ക് വന്നത്. കഷ്ടപ്പാടുകള്‍ അറിയാവുന്നതുകൊണ്ട് നിരവധി പേര്‍ അവസരങ്ങള്‍ നല്‍കാറുണ്ടെന്നും സേതുലക്ഷ്മിയമ്മ പറയുന്നു.
“മകന് ഭാര്യയും രണ്ടു മക്കളും ഉണ്ട്. വാടക വീട്ടിലാണ് താമസിക്കുന്നത്. പിന്നെ ചികിത്സയുടെ ചെലവ്. എല്ലാം ഞാന്‍ തനിച്ചാണ് നോക്കുന്നത്. ഇതെല്ലാം അറിയാവുന്നവര്‍ എനിക്ക് സിനിമകളില്‍ അവസരങ്ങളും നല്‍കാറുണ്ട്. പരമാവധി സഹായിക്കാന്‍ തന്നെയാണ് എല്ലാവരും ശ്രമിക്കുന്നത്. രണ്ടു ദിവസം കൂടുമ്പോള്‍ ഡയാലിസിസ് ഉണ്ട്. തിരുവനന്തപുരത്തെ പി.ആർ.എസ് ആശുപത്രിയിലാണ് ചികിത്സ നടക്കുന്നത്. 6,600 രൂപയാണ് ഒരു ഡയാലിസിസിന്. രണ്ടെണ്ണം വച്ച് ചെയ്യണം. മകന്‍ കിഷോറും കലാകാരനാണ്. നാടകത്തില്‍ എന്റെ അച്ഛനായി അഭിനയിച്ചിട്ടുണ്ട്. സംസ്ഥാന പുരസ്‌കാരം ഒക്കെ നേടിയ ആളാണ്. ഇപ്പോള്‍ വയ്യാഞ്ഞിട്ടും എന്നെ സഹായിക്കണം എന്ന് വിചാരിച്ച്, ‘മഴവില്‍ മനോരമ’യിലെ കോമഡി സര്‍ക്കസ് എന്ന പരിപാടി അവന്‍ ചെയ്യുന്നുണ്ട്. ശരീരം വേദനിക്കുമ്പോളും അതൊക്കെ കടിച്ചമര്‍ത്തിയാണ് പരിപാടി ചെയ്യുന്നത്. വൃക്ക മാറ്റിവയ്ക്കണം കുറച്ച് കാലം കൂടി ജീവിക്കണം. മൂത്ത മകന് ഒരു 18 വയസ് ആകുന്നത് വരെയെങ്കിലും എനിക്ക് ജീവിക്കണം അമ്മേ എന്ന് എപ്പോളും പറയും”, സേതുലക്ഷ്മിയമ്മ പറയുന്നു.
മിമിക്രി കലാകാരനായ കിഷോര്‍ ഒരു അപകടത്തിനു ശേഷം ഇരു വൃക്കകളും തകരാറിലായി ചികിത്സയിലാണ്. ടിവി പരമ്പരയായ ‘സൂര്യോദയ’ത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് സത്യന്‍ അന്തിക്കാട് ‘രസതന്ത്രം’, ‘വിനോദ യാത്ര’, ‘ഭാഗ്യദേവത’ എന്നീ സിനിമകളില്‍ അഭിനയിക്കാന്‍ അവസരം നല്‍കുന്നത്. ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’, ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്നീ ചിത്രങ്ങളിലെല്ലാം മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്ത സേതുലക്ഷ്മിയമ്മ നാടക വേദികളില്‍ നിന്നുമാണ് ചലച്ചിത്ര ലോകത്തെത്തിയത്.
Read more: മകന്റെ ജീവന്‍ നിങ്ങളുടെ കൈകളിലാണ്; അപേക്ഷയുമായി സേതുലക്ഷ്മിയമ്മ
കന്യകാ ടാക്കീസ്, ഡാര്‍വിന്റെ പരിണാമം, പുലിമുരുഗന്‍, ആന്‍മരിയ കലിപ്പിലാണ്, ജോമോന്റെ സുവിശേഷങ്ങള്‍, ആമി, മോഹന്‍ലാല്‍, പടയോട്ടം ആനക്കള്ളന്‍, ആട് 2, സണ്ടേ ഹോളിഡേ തുടങ്ങി നിരവധി ചിത്രങ്ങളില്‍ സേതുലക്ഷമിയമ്മ വേഷമിട്ടിട്ടുണ്ട്. ഡാകിനി എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു സേതുലക്ഷ്മി അമ്മയുടേത്. സരോജിനി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലെ പ്രകടനത്തിന് 2015ലെ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സേതുലക്ഷ്മിയമ്മയെ തേടിയെത്തി. കൂടാതെ, രണ്ട് തവണ മികച്ച നടിക്കും, രണ്ട് തവണ മികച്ച സഹനടിക്കുമുള്ള കേരള സംസ്ഥാന നാടക പുരസ്‌കാരവും സേതുലക്ഷ്മിയമ്മ നേടിയിട്ടുണ്ട്.