‘ഹൗ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലെ ഒരൊറ്റ സീൻ കൊണ്ട് പ്രേക്ഷകരുടെ കണ്ണുനിറയിപ്പിച്ച അമ്മസാന്നിധ്യമാണ് സേതുലക്ഷ്മി. കഴിഞ്ഞ ദിവസം പക്ഷേ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകിയത് സേതുലക്ഷ്മിയമ്മയുടെയും മകൻ കിഷോറിന്റേയും കണ്ണുകളായിരുന്നു. കിഷോറിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വേണ്ടി പണം കണ്ടെത്താനും സേതുലക്ഷ്മിയമ്മയുടെ കണ്ണീരൊപ്പാനും മഞ്ജുവാര്യരും രമ്യനമ്പീശനും സുരാജ് വെഞ്ഞാറമൂടുമടക്കം സിനിമാലോകത്തെ നിരവധിയേറെ താരങ്ങളാണ് ഒന്നിച്ച് തിരുവനന്തപുരത്തെ പൂജപ്പുര മൈതാനിയിലെത്തിയത്.
“ഒരുപാട് സന്തോഷമുണ്ട് മക്കളെ. വിളിച്ചവരും വിളിക്കാത്തവരുമൊക്കെയെത്തി പരിപാടി ഗംഭീരമാക്കി തന്നു. ഒരുപാട് കഷ്ടപ്പെട്ടാണ് അവര്‍ ആ പ്രോഗ്രാം നടത്തിയത്,” സേതുലക്ഷ്മിയമ്മ പറയുന്നു. ഫെബ്രുവരി 11 ന് വൈകിട്ട് അഞ്ചുമണിക്കായിരുന്നു ചങ്ക്സ് 37 എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മ സംഘടിപ്പിച്ച ‘സൗഹൃദരാവ്’ അരങ്ങേറിയത്. സിനിമാ കോമഡി സീരിയൽ താരങ്ങളെല്ലാം പരിപാടിയിൽ പങ്കെടുത്തിരുന്നു. മഞ്ജുവാര്യരാണ് പരിപാടി വിളക്കു തെളിയിച്ച് ഉദ്ഘാടനം ചെയ്തത്.
“ചില ചടങ്ങുകൾ ശ്രദ്ധയാകർഷിക്കുന്നത് അതിന്റെ പകിട്ട് കൊണ്ടാവും. എന്നാൽ ഈ ചടങ്ങിനു പിന്നിലുള്ള പവിത്രമായ ഒരു ഉദ്ദേശമാണ് ഈ ചടങ്ങിനെ ശ്രദ്ധേയമാക്കുന്നത്,” എന്നാണ് മഞ്ജുവാര്യർ വേദിയിൽ സംസാരിച്ചത്. ‘നിങ്ങൾ എനിക്കു വേണ്ടി മാറ്റി വച്ച ഈ സമയമുണ്ടല്ലോ, ജീവനുള്ളിടത്തോളം കാലം മറക്കില്ല,” ‘ഹൌ ഓൾഡ് ആർ യു’വിൽ സേതുലക്ഷ്മിയമ്മ പറഞ്ഞ അതേ വാക്കുകൾ കടമെടുത്താണ് കിഷോർ സൗഹൃദരാവിനെത്തിയവർക്ക് നന്ദി പറഞ്ഞത്.
താരനിശയ്ക്കിടെ ടിക്കറ്റിലൂടെ സംഘാടകർ സ്വരൂപിച്ച അഞ്ചു ലക്ഷം രൂപ സേതുലക്ഷ്മിക്ക് ചലച്ചിത്രതാരം സുരാജ് വെഞ്ഞാറമൂട് കൈമാറി. സുഭാഷ്, സിജി, അരുൺ, പ്രശോഭ്, അർജുൻ തുടങ്ങിയവരായിരുന്നു സൗഹൃദരാവിന് നേതൃത്വം നൽകിയത്.
അസുഖബാധിതനായ മകനു വേണ്ടി സേതുലക്ഷ്മിയമ്മയുടെ കണ്ണീരോടെയുള്ള ഫെയ്സ്ബുക്ക് ലൈവ് ഏറെ വിഷമത്തോടെയാണ് മലയാളികൾ കണ്ടത്. ആ ലൈവിനു ശേഷം നടി പൊന്നമ്മ ബാബു ഉൾപ്പെടെയുള്ള നിരവധിയേറെ പേരാണ് സേതുലക്ഷ്മിയമ്മയുടെ മകൻ കിഷോറിന് വൃക്ക നൽകാൻ സന്നദ്ധത പ്രകടിപ്പിച്ച് മുന്നോട്ട് വന്നത്. എന്നാൽ തയ്യാറായി വന്നവരിൽ പലരുടെയും വൃക്കകൾ ചേരാത്തതു കൊണ്ട് കിഷോറിന്റെ ചികിത്സ അനിശ്ചിതത്വത്തിലേക്ക് നീളുകയായിരുന്നു.
ഒടുവിൽ സേതുലക്ഷ്മിയുടെ മരുമകളും കിഷോറിന്റെ ഭാര്യയുമായ ലക്ഷ്മിയുടെ വൃക്ക മാച്ച് ചെയ്യുമെന്ന് കണ്ടെത്തുകയായിരുന്നു. “ഈ 16-ാം തിയ്യതി എനിക്കും ഭാര്യയ്ക്കും ആൻജിയോ ഗ്രാം ഉണ്ട്. അതുകഴിഞ്ഞാൽ മാത്രമേ ശസ്ത്രക്രിയയ്ക്കുള്ള തിയ്യതി നിശ്ചയിക്കാൻ സാധിക്കൂ. മിക്കവാറും ഈ മാർച്ചിലാവും ശസ്ത്രക്രിയ.” കിഷോർ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
നാടക കലാകാരനും കോമഡി സ്കിറ്റുകളിലൂടെ മലയാളികള്‍ക്ക് പരിചിതനുമായ കിഷോർ വർഷങ്ങളായി ഡയാലിസിസിലൂടെയാണ് ജീവൻ നിലനിർത്തുന്നത്. മകന്റെ ചികിത്സയ്ക്കായാണ് സേതുലക്ഷ്മിയമ്മ സിനിമയിലേക്ക് വന്നത്. കഷ്ടപ്പാടുകള്‍ അറിയാവുന്നതുകൊണ്ട് നിരവധി പേര് അവസരങ്ങള്‍ നല്‍കാറുണ്ടെന്നും സേതുലക്ഷ്മിയമ്മ പറയുന്നു.
Read more: പ്രാര്‍ത്ഥനകള്‍ ഫലം കണ്ടു; സേതുലക്ഷ്മിയമ്മയ്ക്കും മകനും സഹായഹസ്തങ്ങൾ
മിമിക്രി കലാകാരനായ കിഷോര്‍ ഒരു അപകടത്തിനു ശേഷം ഇരു വൃക്കകളും തകരാറിലായി ചികിത്സയിലാണ്. ടിവി പരമ്പരയായ ‘സൂര്യോദയ’ത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് സത്യന് അന്തിക്കാട് ‘രസതന്ത്രം’, ‘വിനോദ യാത്ര’, ‘ഭാഗ്യദേവത’ എന്നീ സിനിമകളില്‍ അഭിനയിക്കാന്‍ അവസരം നല്‍കുന്നത്. ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’, ‘ഹൗ ഓള്‍ഡ് ആര് യു’ എന്നീ ചിത്രങ്ങളിലെല്ലാം മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്ത സേതുലക്ഷ്മിയമ്മ നാടക വേദികളില്‍ നിന്നുമാണ് ചലച്ചിത്ര ലോകത്തെത്തിയത്.
‘ഹൗ ഓള്‍ഡ് ആര് യു’ എന്ന ചിത്രത്തിലെ പ്രകടനത്തിന് 2015ലെ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സേതുലക്ഷ്മിയമ്മയെ തേടിയെത്തി. കൂടാതെ, രണ്ട് തവണ മികച്ച നടിക്കും, രണ്ട് തവണ മികച്ച സഹനടിക്കുമുള്ള കേരള സംസ്ഥാന നാടക പുരസ്കാരവും സേതുലക്ഷ്മിയമ്മ നേടിയിട്ടുണ്ട്.