Latest News

പ്രാര്‍ത്ഥനകള്‍ ഫലം കണ്ടു; സേതുലക്ഷ്മിയമ്മയ്ക്കും മകനും സഹായഹസ്തങ്ങൾ

മകന്റെ ചികിത്സാ സഹായത്തിനായി ധാരാളം പേര്‍ മുന്നോട്ട് വന്നതിന്റെ ആശ്വാസത്തിലാണ് സേതുലക്ഷ്മിയമ്മ ഇപ്പോള്‍

Sethu Lakshmi

തന്റെ മകന്റെ ഇരു വൃക്കകളും തകരാറിലാണ്, സഹായിക്കണം എന്ന് അപേക്ഷിച്ചു കൊണ്ട് നടി സേതുലക്ഷ്മിയമ്മ ദിവസങ്ങള്‍ മുമ്പാണ് ഫെയ്‌സ്ബുക്കില്‍ ലൈവ് വന്നത്. ഉടന്‍ വൃക്കകള്‍ മാറ്റി വച്ചാലേ ജീവന്‍ രക്ഷിക്കാനാകൂ, ഗതികേടു കൊണ്ടാണ് നിങ്ങളുടെ മുന്നില്‍ യാചനയുമായി എത്തിയത് എന്ന് നിറ കണ്ണുകളോടെ ആ അമ്മ പറഞ്ഞു.  സോഷ്യല്‍ മീഡിയയിലൂടെ അവര്‍ നടത്തിയ ആ അപേക്ഷ സുമനസുകളുടെ ഉള്ളില്‍ തട്ടി.  മകന്റെ ചികിത്സാ സഹായത്തിനായി ധാരാളം പേര്‍ മുന്നോട്ട് വന്നതിന്റെ ആശ്വാസത്തിലാണ് സേതുലക്ഷ്മിയമ്മ ഇപ്പോള്‍.

“സിനിമയ്ക്കകത്തു നിന്നും പുറത്തു നിന്നും സഹായങ്ങളുമായി നിരവധി പേരാണ് വിളിച്ചത്. അക്കൗണ്ടില്‍ ഇപ്പോള്‍ തന്നെ പൈസ വന്നു തുടങ്ങിയിട്ടുണ്ട്. മിനിഞ്ഞാന്ന് രാവിലെ മഞ്ജു വാര്യര്‍ വിളിച്ചിരുന്നു. കാര്യങ്ങളൊക്കെ അന്വേഷിച്ചു. ‘വിഷമിക്കേണ്ട, എന്തു സഹായം വേണമെങ്കിലും ചെയ്തു തരാം’ എന്നു പറഞ്ഞു”.

എന്നാല്‍ മഞ്ജു വാര്യയുടെ തിരിച്ചു വരവ് ചിത്രമായ ‘ഹൌ ഓള്‍ഡ്‌ ആര്‍ യൂ’വില്‍ മഞ്ജുവിന്റെ അമ്മയായി വേഷമിട്ട സേതുലക്ഷ്മിയമ്മ  (ആ വേഷത്തിനു മികച്ച സഹനടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടി) തങ്ങളാലാകുന്നത് സ്വരൂപിച്ചതിനു ശേഷമേ മറ്റുള്ളവരോട് ചോദിക്കൂ എന്ന നിലപാടിലാണ്.

“നമ്മള്‍ ഒന്നും ചെയ്യാതെ മറ്റുള്ളവരോട് പോയി സഹായിക്കണം എന്നു പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഞങ്ങളെക്കൊണ്ട് കഴിയുന്ന പണം കണ്ടെത്തണം. ‘അമ്മ’ സംഘടനയൊക്കെ സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഇവരൊക്കെ വേറെയും ഒരുപാട് പേരെ സഹായിക്കുന്നുണ്ട്. ഒത്തിരി ചാരിറ്റിയൊക്കെ ചെയ്യുന്നുണ്ട്. അതു കൊണ്ട് ആദ്യം ഞങ്ങളെക്കൊണ്ട് ആകുന്ന പൈസ കണ്ടെത്തട്ടെ” സേതുലക്ഷ്മിയമ്മ വ്യക്തമാക്കുന്നു.

ശസ്ത്രക്രിയയ്ക്കു മാത്രം 35 ലക്ഷം രൂപയോളം ചെലവു വരും എന്നാണ് പറുന്നത്.
“വൃക്ക മാറ്റിവച്ചു കഴിഞ്ഞാലും തുടര്‍ന്നും ചികിത്സിയ്ക്കണം. പിന്നെ മരുന്ന് വാങ്ങണം. എല്ലാത്തിനും പണം വേണം. സിനിമയിലുള്ളവര്‍ മാത്രമല്ല, അല്ലാത്തവരും വിളിക്കുന്നുണ്ട്. കേരളത്തിനു പുറത്തു നിന്നും, ഇന്ത്യയ്ക്കു പുറത്തു നിന്നും സഹായവുമായി ആളുകള്‍ വിളിച്ചു. പലരും അക്കൗണ്ടില്‍ പണം അയച്ചിട്ടുണ്ട്,” അവര്‍ കൂട്ടിച്ചേര്‍ത്തു.

Read More: മകന്റെ ജീവന്‍ നിങ്ങളുടെ കൈകളിലാണ്; അപേക്ഷയുമായി സേതുലക്ഷ്മിയമ്മ

മകന്റെ ചികിത്സയ്ക്കായാണ് സേതുലക്ഷ്മിയമ്മ സിനിമയിലേക്ക് വന്നത്. കഷ്ടപ്പാടുകള്‍ അറിയാവുന്നതുകൊണ്ട് നിരവധി പേര്‍ അവസരങ്ങള്‍ നല്‍കാറുണ്ടെന്നും സേതുലക്ഷ്മിയമ്മ പറയുന്നു.

“മകന് ഭാര്യയും രണ്ടു മക്കളും ഉണ്ട്. വാടക വീട്ടിലാണ് താമസിക്കുന്നത്. പിന്നെ ചികിത്സയുടെ ചെലവ്. എല്ലാം ഞാന്‍ തനിച്ചാണ് നോക്കുന്നത്. ഇതെല്ലാം അറിയാവുന്നവര്‍ എനിക്ക് സിനിമകളില്‍ അവസരങ്ങളും നല്‍കാറുണ്ട്. പരമാവധി സഹായിക്കാന്‍ തന്നെയാണ് എല്ലാവരും ശ്രമിക്കുന്നത്. രണ്ടു ദിവസം കൂടുമ്പോള്‍ ഡയാലിസിസ് ഉണ്ട്. തിരുവനന്തപുരത്തെ പി.ആർ.എസ് ആശുപത്രിയിലാണ് ചികിത്സ നടക്കുന്നത്. 6,600 രൂപയാണ് ഒരു ഡയാലിസിസിന്. രണ്ടെണ്ണം വച്ച് ചെയ്യണം. മകന്‍ കിഷോറും കലാകാരനാണ്. നാടകത്തില്‍ എന്റെ അച്ഛനായി അഭിനയിച്ചിട്ടുണ്ട്. സംസ്ഥാന പുരസ്‌കാരം ഒക്കെ നേടിയ ആളാണ്. ഇപ്പോള്‍ വയ്യാഞ്ഞിട്ടും എന്നെ സഹായിക്കണം എന്ന് വിചാരിച്ച്, ‘മഴവില്‍ മനോരമ’യിലെ കോമഡി സര്‍ക്കസ് എന്ന പരിപാടി അവന്‍ ചെയ്യുന്നുണ്ട്. ശരീരം വേദനിക്കുമ്പോളും അതൊക്കെ കടിച്ചമര്‍ത്തിയാണ് പരിപാടി ചെയ്യുന്നത്. വൃക്ക മാറ്റിവയ്ക്കണം കുറച്ച് കാലം കൂടി ജീവിക്കണം. മൂത്ത മകന് ഒരു 18 വയസ് ആകുന്നത് വരെയെങ്കിലും എനിക്ക് ജീവിക്കണം അമ്മേ എന്ന് എപ്പോളും പറയും”, സേതുലക്ഷ്മിയമ്മ പറയുന്നു.

മിമിക്രി കലാകാരനായ കിഷോര്‍ ഒരു അപകടത്തിനു ശേഷം ഇരു വൃക്കകളും തകരാറിലായി ചികിത്സയിലാണ്. ടിവി പരമ്പരയായ ‘സൂര്യോദയ’ത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് സത്യന്‍ അന്തിക്കാട് ‘രസതന്ത്രം’, ‘വിനോദ യാത്ര’, ‘ഭാഗ്യദേവത’ എന്നീ സിനിമകളില്‍ അഭിനയിക്കാന്‍ അവസരം നല്‍കുന്നത്.  ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’, ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്നീ ചിത്രങ്ങളിലെല്ലാം മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്ത സേതുലക്ഷ്മിയമ്മ നാടക വേദികളില്‍ നിന്നുമാണ് ചലച്ചിത്ര ലോകത്തെത്തിയത്.

കന്യകാ ടാക്കീസ്, ഡാര്‍വിന്റെ പരിണാമം, പുലിമുരുഗന്‍, ആന്‍മരിയ കലിപ്പിലാണ്, ജോമോന്റെ സുവിശേഷങ്ങള്‍, ആമി, മോഹന്‍ലാല്‍, പടയോട്ടം ആനക്കള്ളന്‍, ആട് 2, സണ്ടേ ഹോളിഡേ തുടങ്ങി നിരവധി ചിത്രങ്ങളില്‍ സേതുലക്ഷമിയമ്മ വേഷമിട്ടിട്ടുണ്ട്. ഡാകിനി എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു സേതുലക്ഷ്മി അമ്മയുടേത്. സരോജിനി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലെ പ്രകടനത്തിന് 2015ലെ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സേതുലക്ഷ്മിയമ്മയെ തേടിയെത്തി. കൂടാതെ, രണ്ട് തവണ മികച്ച നടിക്കും, രണ്ട് തവണ മികച്ച സഹനടിക്കുമുള്ള കേരള സംസ്ഥാന നാടക പുരസ്‌കാരവും സേതുലക്ഷ്മിയമ്മ നേടിയിട്ടുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress sethu lakshmi son facebook video getting help

Next Story
തിയറ്റര്‍ വിട്ടിറങ്ങിയിട്ടും മറക്കാതെ മലയാളി കൂടെക്കൂട്ടിയവ
The moderation of comments is automated and not cleared manually by malayalam.indianexpress.com