സിനിമാ–സീരിയൽ നടി ശരണ്യ ശശിയുടെ അസുഖാവസ്ഥയെ കുറിച്ചുള്ള വാർത്തകൾ വേദനയോടെയാണ് മലയാളികൾ കേട്ടത്. ബ്രെയിൻ ട്യൂമർ ബാധിച്ച ശരണ്യ ഏഴാമത്തെ തവണയും ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്ന വിവരം അറിഞ്ഞ സുഹൃത്തുക്കളും സുമനസ്സുകളും ചികിത്സാസഹായത്തിനായി മുന്നിട്ടിറങ്ങുകയായിരുന്നു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെങ്കിലും ചികിത്സ തുടർന്നു കൊണ്ടിരിക്കുകയാണ്.
” ദൈവമാണ് അയാളെ ഭൂമിയിലേക്ക് അയച്ചത്,” ശരണ്യയുടെ ചികിത്സയ്ക്കായി 24 ലക്ഷം രൂപ സമാഹരിച്ച സാമൂഹ്യപ്രവർത്തകൻ ഫിറോസ് കുന്നംപറമ്പലിനു നന്ദി പറയുകയാണ് ശരണ്യയുടെ സുഹൃത്ത് സീമ ജി നായർ. ശരണ്യയുടെ രോഗാവസ്ഥയിലെല്ലാം സീമ സഹായവുമായി കൂടെ നിൽക്കുകയും കൈതാങ്ങാവുകയും ചെയ്തിരുന്നു. ശരണ്യയുടെ ജീവിതത്തെ കൈപിടിച്ചുയർത്താൻ കൂടെ നിന്ന ഫിറോസിനും മറ്റുള്ളവർക്കും നന്ദിയുണ്ടെന്നും സീമ ജി നായർ പറയുന്നു.
ബ്രെയ്ൻ ട്യൂമറുമായി ബന്ധപ്പെട്ട ഏഴു ശസ്ത്രക്രിയകളും തൈറോയ്ഡ് ക്യാൻസറുമായി ബന്ധപ്പെട്ട രണ്ടു ശസ്ത്രക്രിയകളും അടക്കം ഒമ്പതോളം സർജറികൾ ആണ് ഇതു വരെ നടന്നത്. ചികിത്സ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണെന്നും സീമ പറഞ്ഞു. ഇനിയും ചികിത്സയ്ക്കും സ്വന്തമായി വീടു പോലുമില്ലാത്ത ശരണ്യയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ എത്ര പണം വേണ്ടി വരുമെന്നോ അറിയില്ലെന്നും സീമ കൂട്ടിച്ചേർത്തു.
തുടർച്ചയായി രോഗം ആവർത്തിക്കുന്നത് ഒരു അപൂർവ്വമായ കേസായാണ് ഡോക്ടർമാരും നോക്കി കാണുന്നത്. “ശരണ്യയാണ് കുടുംബത്തിന്റെ അത്താണി. അവളിലൂടെയാണ് ആ കുടുംബം കഴിഞ്ഞുപോയിരുന്നത്. ശരണ്യയുടെ മനകരുത്തു കൊണ്ട് മാത്രമാണ് അവൾ ഇത്രയും അതിജീവിച്ചത്,” രോഗവിവരം അറിയാനായി വിളിച്ചപ്പോൾ ശരണ്യയുടെ അവസ്ഥയെക്കുറിച്ച് സീമ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook