ബാലതാരമായി എത്തി പിന്നീട് തമിഴിലും മലയാളത്തിലും തെലുങ്കിലുമെല്ലാം തിളങ്ങിയ നടിയാണ് ശരണ്യ മോഹൻ. വിവാഹശേഷം സിനിമയിൽ നിന്നും ഇടവേള എടുത്ത് കുടുംബജീവിതത്തിന്റെ തിരക്കുകളിലേക്ക് ചേക്കേറിയെങ്കിലും സമൂഹമാധ്യമങ്ങളിലുടെ തന്റെ വിശേഷങ്ങളും ടിക്ടോക് വീഡിയോകളുമെല്ലാം ആരാധകരുമായി ശരണ്യ പങ്കു വയ്ക്കാറുണ്ട്.
നടൻ വിജയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ശരണ്യ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “വേലായുധം സിനിമ റിലീസ് ചെയ്തിട്ട് 10 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.ഇപ്പോഴും നിരവധി പേർ എന്നെ ദളപതിയുടെ തങ്കച്ചി എന്നാണ് വിളിക്കുന്നത്. അദ്ദേഹത്തെ പോലെ നല്ലെരു കലാകാരനൊപ്പം, മനുഷ്യനൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞതിൽ എന്നും അഭിിമാനവും സന്തോഷവും മാത്രം. വിജയ് അണ്ണന് സന്തോഷവും സമൃദ്ധിയും നിറഞ്ഞ ജന്മദിനം ആശംസിക്കുന്നു,” ശരണ്യയുടെ കുറിപ്പ് ഇങ്ങനെ.
2015 സെപ്തംബറിലാണ് തിരുവനന്തപുരം സ്വദേശി ഡോ. അരവിന്ദ് കൃഷ്ണയും ശരണ്യ മോഹനും വിവാഹിതരായത്. വര്‍ക്കല ദന്തല്‍ കോളജ് അധ്യാപകനാണ് അരവിന്ദ് കൃഷ്ണന്. അഭിനയ ജീവിതത്തോട് വിടപറഞ്ഞെങ്കിലും ശരണ്യ നൃത്തരംഗത്ത് സജീവമാണ്. വിവാഹശേഷം ശരണ്യ ഒരു നൃത്തവിദ്യാലയം തുടങ്ങുകയും അവിടെ പരിശീലനം ആരംഭിക്കുകയും ചെയ്തിരുന്നു.
ഫാസിലിന്റെ ‘അനിയത്തിപ്രാവി’ലൂടെയായിരുന്നു ശരണ്യയുടെ സിനിമ അരങ്ങേറ്റം. നര്‍ത്തകരായ മോഹനന്റെയും കലാമണ്ഡലം ദേവിയുടെയും മകളായ ശരണ്യ അച്ഛനമ്മമാരെ പോലെ പ്രാവിണ്യം നേടിയൊരു നർത്തകി കൂടിയാണ്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ധനുഷിനൊപ്പമുള്ള ‘യാരെടീ നീ മോഹിനി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള വിജയ് ടിവി അവാര്‍ഡും ശരണ്യയ്ക്ക് ലഭിച്ചിരുന്നു.