ഒരുപിടി നല്ല സിനിമകളിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട നടിയായി മാറിയ ആളാണ് സംവൃത സുനിൽ. വിവാഹ ശേഷം സംവൃത സിനിമകളിൽ അത്ര സജീവമല്ലെങ്കിലും മലയാള സിനിമാ ആരാധകർക്ക് സംവൃതയോടുള്ള ഇഷ്ടത്തിന് കുറവൊന്നും സംഭവിച്ചിട്ടില്ല. സംവൃതയുടെ വിശേഷങ്ങൾ അറിയാനും ചിത്രങ്ങൾ കാണാനുമെല്ലാം ആരാധകർക്ക് എപ്പോഴും ഇഷ്ടമാണ്. സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്ക് ഒക്കെ തന്റെ വിശേഷങ്ങൾ സംവൃത ആരാധകരെ അറിയിക്കാറുമുണ്ട്.
ഇപ്പോഴിതാ, സംവൃതയുടെ ഓണ ചിത്രമാണ് ശ്രദ്ധനേടുന്നത്. ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്ക് ഓണാശംസകൾ നൽകിക്കൊണ്ടാണ് സംവൃത ഓണാഘോഷത്തിന്റെ ചിത്രം പങ്കുവച്ചത്. മറ്റു നടിമാരെല്ലാം സെറ്റു സാരിയിൽ ഉള്ള ഓണചിത്രങ്ങൾ പങ്കുവെക്കുമ്പോൾ കറുത്ത ബോർഡറുള്ള വളരെ സിമ്പിളായ സാരിയുടുത്തുള്ള ചിത്രമാണ് സംവൃത പോസ്റ്റ് ചെയ്തിരിക്കുന്നത്.
പൂർണിമ ഇന്ദ്രജിത് ഉൾപ്പടെ നിരവധിപേരാണ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. “സുന്ദരി” എന്നാണ് ചിത്രത്തിന് പൂർണിമയുടെ കമന്റ്. നിരവധി ആരാധകരും “അതിസുന്ദരി” ആയിരിക്കുന്നു എന്ന് കമന്റ് ചെയ്യുന്നുണ്ട്.
Also read: സകുടുംബം ഓണാഘോഷം; ചിത്രങ്ങളുമായി പൂർണിമ ഇന്ദ്രജിത്
ഇടക്ക് തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സംവൃത ആരാധകരുമായി പങ്കുവക്കാറുണ്ട്. രണ്ടുമക്കളാണ് സംവൃതയ്ക്ക്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് മൂത്ത മകൻ അഗസ്ത്യയ്ക്ക് അനിയനായി മറ്റൊരു കുഞ്ഞ് കൂടി ജീവിതത്തിലേക്ക് എത്തിയ സന്തോഷം സംവൃത പങ്കുവച്ചത്. മകന്റെ ചോറൂൺ വിശേഷങ്ങളുമെല്ലാം സംവൃത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. കുഞ്ഞിന് രുദ്ര എന്നാണ് പേരു നൽകിയതെന്നും സംവൃത പറഞ്ഞിരുന്നു.
അഖിൽ രാജാണ് സംവൃതയുടെ ഭർത്താവ്. 2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. 2015 ഫെബ്രുവരി 21 നായിരുന്നു മകൻ അഗസ്ത്യയുടെ ജനനം. വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിന്ന സംവൃത 2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. ബിജു മേനോന്റെ നായികയായിട്ടായിരുന്നു സംവൃതയുടെ മടങ്ങിവരവ്.