കാശ്മീരി പണ്ഡിറ്റുകളെ കൊലപ്പെടുത്തുന്നതും ആൾക്കൂട്ട കൊലപതകവും തമ്മിൽ എന്ത് വ്യത്യാസമാണ് ഉള്ളതെന്ന പരാമർശം വിവാദമായതോടെ വിശദീകരണവുമായി നടി സായ് പല്ലവി. താൻ നിഷ്പക്ഷ നിലപാട് കാരിയാണെന്നും ഏത് മതത്തിന്റെ പേരിലുള്ള ആക്രമണവും തെറ്റാണെന്നും സായ് പല്ലവി പറഞ്ഞു. അപകീർത്തികരമായ പരാമർശങ്ങൾ ഒന്നും താൻ നടത്തിയിട്ടില്ലെന്നും നടി വ്യക്തമാക്കി.
സോഷ്യൽമീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെ ആയിരുന്നു സായ് പല്ലവിയുടെ പ്രതികരണം. “ഒരു കാര്യം വ്യക്തമാക്കാൻ ഞാൻ എല്ലാവർക്കും മുന്നിലെത്തുന്നത് ഇതാദ്യമാണ്, എന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുമോ എന്ന ആശങ്കയുള്ളതിനാൽ, സംസാരിക്കുന്നതിന് മുമ്പ് ഞാൻ രണ്ടുതവണ ചിന്തിക്കുന്നത് ഇതാദ്യമായിരിക്കും. അതുകൊണ്ട് ഞാൻ കാര്യങ്ങൾ പറയാൻ കൂടുതൽ സമയമെടുത്താൽ എന്നോട് ക്ഷമിക്കുക. അടുത്തിടെ ഒരു അഭിമുഖത്തില്‍ ഞാന്‍ ഇടതുപക്ഷക്കാരിയാണോ വലതുപക്ഷക്കാരിയാണോ എന്ന ചോദ്യമുണ്ടായി. നിഷ്പക്ഷ നിലപാടാണ് എനിക്കുള്ളതെന്ന് കൃത്യമായി പറഞ്ഞിരുന്നു. നമ്മൾ ആദ്യം ഒരു നല്ല മനുഷ്യനാവുകയാണ് വേണ്ടതെന്നും എന്തുവില കൊടുത്തും അടിച്ചമര്‍ത്തപ്പെടുന്നവരെ സംരക്ഷിക്കണമെന്നും വ്യക്തമാക്കിയിരുന്നു.”
“ഞാൻ എങ്ങനെയാണ് കാര്യങ്ങളെ കാണുന്നതെന്ന് പിന്നീട് വിശദീകരിക്കുകയുണ്ടായി. എന്നിൽ വലിയ സ്വാധീനം ചെലുത്തിയ, എന്നിൽ ട്രോമയുണ്ടാക്കിയ രണ്ട് ഉദാഹരണങ്ങള്‍ ആ അഭിമുഖത്തില്‍ പറഞ്ഞു. ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രം കണ്ടതിന് ശേഷം അതിന്റെ സംവിധായകനോട് സംസാരിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിരുന്നു. മൂന്ന് മാസങ്ങൾക്ക് മുമ്പായിരുന്നു അത്. അന്ന് ജനങ്ങളുടെ അവസ്ഥ കണ്ടിട്ട് ഞാന്‍ അസ്വസ്ഥയായി എന്ന് പറഞ്ഞു. അതിനു ശേഷം കോവിഡ് കാലത്ത് നടന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെ കുറിച്ചും ഞാന്‍ പറഞ്ഞു. അതിന്റെ വീഡിയോ എന്നെ പിടിച്ചുകുലുക്കിയിട്ടുണ്ട്.”
“ഏത് രൂപത്തിലുള്ള ആക്രമണവും തെറ്റാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഏത് മതത്തിന്റെ പേരിലുള്ള ആക്രമണവും പാപമാണ്. ഇതാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്. പക്ഷേ അതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ പലരും ആള്‍ക്കൂട്ടകൊലപാതകങ്ങളെ ന്യായീകരിക്കുന്നത് കണ്ടു. ഒരു മെഡിക്കല്‍ ബിരുദക്കാരി എന്ന നിലയിൽ എല്ലാ ജീവനും തുല്യപ്രാധാന്യമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു കുഞ്ഞ് ജനിച്ചതിന് ശേഷം അവന്‍റേയോ അവളുടേയോ ഐഡന്‍റിറ്റിയില്‍ പേടിക്കേണ്ട അവസ്ഥ വരുന്ന ദിവസത്തില്‍ പേടിക്കുന്നു. ആ സാഹചര്യത്തിലേക്ക് പോകാതിരിക്കാന്‍ ഞാൻ പ്രാർത്ഥിക്കുന്നു.”
“സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ആരെയും സംസ്‌കാരത്തിന്റെയും ജാതിയുടെയും മതത്തിന്റെയും പേരില്‍ വേര്‍തിരിച്ച് കണ്ടിട്ടില്ല. പല പ്രമുഖരും വെബ്സൈറ്റുകളും അഭിമുഖം മുഴുവന്‍ കാണാതെ യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ ചെറിയ ഒരു ഭാഗം മാത്രം കണ്ട് ഓരോന്ന് പോസ്റ്റ് ചെയ്യുന്നതിൽ സങ്കടം തോന്നി.” സായ് പല്ലവി പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ സായ് പല്ലവി, എല്ലാവർക്കും സന്തോഷവും സമാധാനവും സ്നേഹവും നേരുന്നതായും ആശംസിച്ചു.
‘വിരാടപർവ്വം’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനിടെ ഒരു ഓൺലൈൻ ചാനലിൽ സായ് പല്ലവി പറഞ്ഞ വാക്കുകളാണ് വിവാദമായത്. വിവാദത്തിന് പുറകെ സായ് പല്ലവിക്കെതിരെ അപകീർത്തികരമായ പരാമര്ശം നടത്തിയതിന് പൊലീസ് കേസെടുത്തിരുന്നു.
Also Read: ഇടതുപക്ഷമെന്നും വലതുപക്ഷമെന്നും കേട്ടിട്ടുണ്ട്, പക്ഷേ ആരാണ് ശരി എന്നറിയില്ല: സായ് പല്ലവി