ചെന്നൈ എക്സ്പ്രസ് എന്ന ചിത്രത്തിലെ പ്രിയമണിയുടെ ഡാൻസ് സീൻ ഏറെ ശ്രദ്ധ നേടിയ ഒന്നാണ്. ഇപ്പോഴിതാ, ഷാരൂഖും ഒത്ത് ചിത്രത്തിൽ വർക്ക് ചെയ്തപ്പോഴുള്ള ഒരനുഭവം പങ്കുവയ്ക്കുകയാണ് പ്രിയാമണി. ഷൂട്ടിംഗിനിടെ ഒരിക്കൽ ഷാരൂഖ് തനിക്ക് 300 രൂപ തന്നുവെന്നും താനിത് ഇപ്പോഴും ഭദ്രമായി പേഴ്സിൽ സൂക്ഷിക്കുന്നു എന്നും പ്രിയ പറയുന്നു.
പ്രിയാമണി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫാമിലി മാൻ എന്ന വെബ് സീരിസിന്റെ രണ്ടാം സീസൺ ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്തുവരികയാണ്. ഇതുമായി ബന്ധപ്പെട്ടു നൽകിയ അഭിമുഖത്തിനിടെയാണ് ‘ചെന്നൈ എക്സ്പ്രസ്’ കാലത്തെ അനുഭവങ്ങൾ പ്രിയാമണി പങ്കുവച്ചത്.
“അഞ്ചുരാത്രികൾ എടുത്താണ് ഞങ്ങൾ ആ പാട്ട് സീൻ ചിത്രീകരിച്ചത്. നല്ല അനുഭവമായിരുന്നു അത്. ഷാരൂഖ് ഖാനെ ബോളിവുഡിന്റെ ബാദുഷ എന്ന് വിളിക്കുന്നത് വെറുതെയല്ല. രാജ്യത്തെ വലിയ സൂപ്പർസ്റ്റാറുകളിൽ ഒരാളാണ് അദ്ദേഹം. പക്ഷേ ഒരിക്കലും അതിന്റെ തലക്കനം അദ്ദേഹത്തിനില്ല. ഒന്നിച്ച് പ്രവർത്തിച്ചപ്പോൾ വളരെ സാധാരണക്കാരനെ പോലെയാണ് അദ്ദേഹം ഇടപ്പെട്ടത്, വളരെ സ്നേഹത്തോടെ പെരുമാറി. തന്റെ ചുറ്റുമുള്ള എല്ലാവരെയും അദ്ദേഹം കംഫർട്ടബിൾ ആക്കാൻ ശ്രമിക്കും. ആ വ്യക്തിത്വവും ആകർഷണത്വവും കൊണ്ടുതന്നെ നമ്മൾ അദ്ദേഹത്തെ കൂടുതൽ സ്നേഹിക്കും, നല്ലൊരു മനുഷ്യൻ കൂടിയാണ് ഷാരൂഖ്.”
“ഷൂട്ടിന് ഒരു ദിവസം മുൻപു തന്നെ ഞാൻ ലൊക്കേഷനിൽ എത്തിയിരുന്നു. അന്നു മുതൽ വളരെ സ്നേഹത്തോടെയും കരുതലോടെയുമാണ് അദ്ദേഹം പെരുമാറിയത്. ഷൂട്ടിന്റെ ഇടവേളയിൽ അദ്ദേഹത്തിന്റെ ഐപാഡിൽ ഞങ്ങൾ കോൻ ബനേഗ കോർപതി കളിക്കും. അന്നദ്ദേഹം എനിക്ക് 300 രൂപ തന്നു. ഞാനതിപ്പോഴും എന്റെ പേഴ്സിൽ സൂക്ഷിച്ചിട്ടുണ്ട്,” പ്രിയാമണി പറയുന്നു.
ഷൂട്ടിംഗ് കഴിഞ്ഞാലും ഹോട്ടലിൽ പോയി വിശ്രമിക്കാതെ ദിവസവും അരമണിക്കൂർ നേരം ഷാരൂഖ് ‘വൺ റ്റു ത്രീ ഫോർ’ എന്ന സോങ്ങിന്റെ റിഹേഴ്സലിനായി ചെലവഴിക്കുമായിരുന്നുവെന്നും പ്രിയ കൂട്ടിച്ചേർത്തു.
Read more: ഷാരൂഖ് ഖാന്റെ ഈ കിടിലൻ വീട്ടിൽ താമസിക്കണോ? ഇതാ ഒരു അവസരം