സച്ചി സംവിധാനം ചെയ്‌ത ‘അനാർക്കലി’ എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്‌ടം പിടിച്ചുവാങ്ങിയ നടിയാണ് പ്രിയാൽ ഗോർ. പൃഥ്വിരാജ് നായകവേഷം അവതരിപ്പിച്ച അനാർക്കലിയിൽ നായികാ കഥാപാത്രത്തെയാണ് പ്രിയ അവതരിപ്പിച്ചത്. പിന്നീട് മറ്റ് മലയാള സിനിമകളിലൊന്നും പ്രിയയെ കണ്ടിട്ടില്ല. ഇപ്പോൾ പ്രിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു ചിത്രമാണ് ആരാധകർ ചർച്ചയാക്കിയിരിക്കുന്നത്. മുഖത്തെ തുന്നിക്കെട്ടുള്ള ചിത്രമാണ് പ്രിയ ഗോർ പങ്കുവച്ചത്. പ്രിയയുടെ മുഖത്തെ മുറിപ്പാട് എങ്ങനെയുണ്ടായതാണെന്ന ചോദ്യവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

മുഖത്തെ മുറിപ്പാട് എങ്ങനെ ഉണ്ടായതാണെന്ന് പ്രിയ പറയുന്നില്ല. എന്നാൽ, പ്രിയയുമായി ബന്ധപ്പെട്ട ചില മാധ്യമങ്ങൾ ഇതേക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നുണ്ട്. പ്രിയയുടെ കവിളിൽ വീട്ടിലെ വളർത്തുനായ ബ്രൂണോ കടിച്ചതാണെന്നാണ് ചില മാധ്യമങ്ങൾ പ്രിയയെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നത്. പ്രിയ തങ്ങളോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും അവർ പറയുന്നു. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ബ്രൂണോയെ കെട്ടിപ്പിടിച്ച് ഉമ്മ വയ്‌ക്കാൻ നോക്കിയപ്പോഴാണ് തന്റെ കവിളിൽ നായ കടിച്ചതെന്ന് പ്രിയ പറഞ്ഞതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

 

View this post on Instagram

 

Staring at you, while you are staring right at me.

A post shared by Priyal Gor (@priyalgor2) on

തന്നെ ബ്രൂണോ മുൻപും ഉപദ്രവിച്ചിട്ടുണ്ടെന്നും കാലിൽ കടിച്ചതിനെത്തുടർന്ന് അഞ്ച് കുത്തിവയ്‌പ്പ് എടുക്കുകയും ആറ് സ്റ്റിച്ചിടുകയും ചെയ്‌തിട്ടുണ്ടെന്നും പ്രിയ തങ്ങളോട് പറഞ്ഞതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, എന്താണ് വാസ്‌തവമെന്ന് പ്രിയ നേരിട്ട് അറിയിച്ചിട്ടില്ല. വളർത്തുനായ കടിച്ചതാണെന്ന റിപ്പോർട്ടുകളെ പ്രിയ തള്ളിയിട്ടുമില്ല.

Read Also: തടങ്കൽ പാളയത്തിനു തറക്കല്ലിട്ടാൽ അത് അറബിക്കടലിൽ എറിയുമെന്ന് ഷാജി; കല്ലൊന്നും ഇവിടെ കിട്ടില്ലെന്ന് മുഖ്യമന്ത്രി, വീഡിയോ

അതേസമയം, മുഖത്തെ മുറിപ്പാട് കാണിച്ചു തന്നെ സമൂഹമാധ്യമങ്ങളിൽ ഫൊട്ടൊ പങ്കുവച്ച പ്രിയയെ നിരവധിപേർ അഭിനന്ദിച്ചു. പല നടിമാരും കാണിക്കാത്ത ധെെര്യമാണ് പ്രിയ കാണിച്ചതെന്നാണ് ഫൊട്ടോക്ക് താഴെയുള്ള പല കമന്റുകളും. മുഖത്തെ തുന്നിക്കെട്ടുമായി ഒന്നിലേറെ ചിത്രങ്ങളാണ് പ്രിയ പങ്കുവച്ചത്. ഒരു ചിത്രത്തിനു താഴെ പ്രിയ ഇങ്ങനെ കുറിച്ചു: “അപ്രതീക്ഷിതമായി സംഭവിക്കുന്നവയെ അതിജീവിക്കുകയും പുഞ്ചിരിയോടെ മുന്നേറുകയും ചെയ്യുന്നതാണ് ജീവിതം. ജീവിതത്തിൽ ഇതുവരെ നേരിട്ടിട്ടുള്ളതിൽ ഏറ്റവും ബുദ്ധിമുട്ടേറിയ കാലമായിരുന്നു കഴിഞ്ഞ രണ്ട് മാസങ്ങൾ . പക്ഷേ, ഇതാണ് ഞാൻ… എന്റെ ഏറ്റവും മികച്ചത് ഇതാണ്. എല്ലാ മനുഷ്യരുടെ ജീവിതത്തിലും മുറിപ്പാടുകൾ ഉണ്ടാകും. എന്റെ മുറിവിനെ ഞാൻ സ്‌നേഹത്തോടെ ആശ്ലേഷിക്കുന്നു.”

‘അനാർക്കലി’യിൽ അഭിനയിച്ച ശേഷം മൂന്ന് വർഷത്തോളം പ്രിയ അഭിനയ ജീവിതത്തിൽ നിന്നു വിട്ടുനിന്നു. ഇപ്പോൾ ടെലിവിഷൻ രംഗത്ത് സജീവമാണ്. 2014 ലാണ് ‘അനാർക്കലി’ പുറത്തിറങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook