പ്രിയ വാര്യർ എന്ന താരത്തിൻെറ ചിത്രങ്ങളെ മാത്രമല്ല പാട്ടുകളെയും ആരാധിക്കുന്ന ഒരു കൂട്ടം പ്രേക്ഷകരുടെ. കണ്ണിറുക്കലിലൂടെ വൈറലായ സമയത്ത് പ്രിയയുടെ പാട്ടു പാടാനുളള കഴിവിനെക്കുറിച്ചും ആരാധകർ വാചാലരായിരുന്നു. പ്രിയയുടെ രണ്ടാമത്തെ മലയാള ചിത്രം ‘4 ഇയേഴ്സി’ൻെറ പ്രമോഷൻ തിരക്കിലാണിപ്പോൾ താരം. കഴിഞ്ഞ ദിവസം ഇതിൻെറ ഭാഗമായി പ്രിയയും ചിത്രത്തിൻെറ മറ്റ് അണിയറപ്രവർത്തകരും കൊച്ചി ലുലു മാളിലെത്തിയിരുന്നു. ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ പ്രിയ ഒരു ഗാനം ആലപിക്കണമെന്നായിരുന്നു ആരാധകരുടെ അഭ്യർത്ഥന. കൈലാസ് മേനോൻെറ സംഗീതത്തിൽ പ്രിയ തന്നെ പാടിയ റാപ്പ് സോങ്ങാണ് ആരാധകർക്കായി താരം ആലപിച്ചത്. വലിയ ആരവങ്ങളാണ് കാണികളുടെ ഭാഗത്ത് നിന്ന് പ്രിയയ്ക്ക് ലഭിച്ചത്.
അഞ്ജലി മേനോൻെറ സംവിധാനത്തിൽ ഒരുങ്ങിയ ബാംഗ്ലൂർ ഡെയ്സിൻെറ ഹിന്ദി റീമേക്കായ ‘യാരിയാൻ 2’ ൽ പ്രിയ വേഷമിടുന്നുണ്ട്.മലയാളി താരമായ അനശ്വരയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ‘4 ഇയേഴ്സി’ൽ സർജാനോ ഖാലിദ് ആണ് പ്രിയയുടെ നായകൻ.നവംബർ 25 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ശങ്കർ ശർമയുടെ സംഗീതത്തിൽ ഒരുങ്ങിയ ചിത്രത്തിലെ ഗാനങ്ങളും ഹിറ്റ് ലിസ്റ്റിലിടം നേടി കഴിഞ്ഞു.
മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ എന്നിവർക്കൊപ്പം അഭിനയിക്കുന്ന’ലൈവ്’ ആണ് പ്രിയയുടെ പുതിയ ചിത്രം. ‘ഒരുത്തീ’ക്ക് ശേഷം വികെപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൈവ്’.