സിനിമ, സീരിയൽ പ്രേക്ഷകർക്ക് ഒരുപോലെ സുപരിചിതയായ അഭിനേത്രിയാണ് പ്രവീണ. ഇപ്പോഴും അഭിനയരംഗത്ത് സജീവമായി തുടരുന്ന പ്രവീണയ്ക്ക് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിലും ഏറെ ആരാധകരുണ്ട്. മകൾ ഗൗരിയ്ക്ക് ഒപ്പമുള്ള പ്രവീണയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നിർമാതാവ് കിരീടം ഉണ്ണിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പ്രവീണയും ഗൗരിയും. അമ്മയെ പോലെ തന്നെ സുന്ദരിയായിരിക്കുന്നു മകളുമെന്നാണ് വീഡിയോയ്ക്ക് ആരാധകർ നൽകുന്ന കമന്റ്.
ടി. പത്മനാഭന്റെ പ്രശസ്ത ചെറുകഥയായ ‘ഗൗരി’യെ ആസ്പദമാക്കി ഡോ. ശിവപ്രസാദ് സംവിധാനം ചെയ്ത ടെലിഫിലിമിലൂടെ ബാലതാരമായിട്ടായിരുന്നു പ്രവീണയുടെ അരങ്ങേറ്റം. ശ്യാമ പ്രസാദിന്റെ അഗ്നിസാക്ഷി, അടൂർ ഗോപാലകൃഷ്ണന്റെ ഒരു പെണ്ണും രണ്ടാണും, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, മനസ്സിൽ ഒരു മഞ്ഞുതുള്ളി തുടങ്ങി നിരവധിയേറെ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു. അഗ്നിസാക്ഷി, ഒരു പെണ്ണും രണ്ടാണും എന്നീ ചിത്രങ്ങളിലൂടെ രണ്ടു തവണ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം പ്രവീണ നേടി.
ഗംഗ, സ്വപ്നം, മേഘം, സ്വരം, സ്വാമി അയ്യപ്പൻ, ദേവീ മഹാത്മ്യം എന്നീ സീരിയലുകളാണ് പ്രവീണയെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്.
നല്ലൊരു നർത്തകി കൂടിയാണ് പ്രവീണ. ഒപ്പം ഗായിക എന്ന രീതിയിലും കഴിവു തെളിയിച്ചിട്ടുണ്ട്. റേഡിയോ ഗൾഫിന്റെ പ്രോഗ്രാം പ്രൊഡൂസറായും ജോലി ചെയ്തിരുന്നു. ഡബ്ബിംഗ് ആർട്ടിസ്റ്റായും പ്രവീണ പ്രവർത്തിച്ചിട്ടുണ്ട്. 2010- ൽ ഇലക്ട്ര, 2011-ൽ ഇവൻ മേഘരൂപൻ എന്നീ സിനിമകളിലെ ഡബ്ബിംഗ് മികവിന് മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള അവാർഡ് പ്രവീണയ്ക്ക് ലഭിച്ചു. നാഷണൽ ബാങ്ക് ഓഫ് ദുബായിൽ ഓഫീസറായ പ്രമോദ് ആണ് ഭർത്താവ്. ഗൗരി ഏകമകളാണ്.