വിവാഹശേഷം അഭിനയത്തിൽ സജീവമല്ലെങ്കിലും മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നായികയാണ് പാർവതി. ഏതാനും വർഷങ്ങൾക്കു മുൻപ് ചോറ്റാനിക്കര അമ്പലത്തിലെ നവരാത്രി വേദിയിൽ പാർവതി നൃത്തം ചെയ്തത് ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ, റാമ്പിലും ചുവടുവെച്ച് വാർത്തകളിലിടം നേടുകയാണ് പാർവതി.
പാർവതിയുടെ റാമ്പിൽ നിന്നുള്ള ചിത്രങ്ങൾ ജയറാം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. പാർവതിയുടേതിന് പുറമെ ജയറാമിന്റെയും പാർവതിയുടെയും മകളായ മാളവികയുടെ റാമ്പിൽ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവച്ചിരിക്കുന്നു. ” എന്റെ ജീവിതത്തിലെ സ്ത്രീകൾ രണ്ടുപേരും തിളങ്ങുന്നത് കാണുന്നതിൽ എനിക്ക് അഭിമാനമുണ്ട്,” എന്ന് ഈ ചിത്രങ്ങൾക്ക് അടിക്കുറിപ്പും ജയറാം നൽകിയിരിക്കുന്നു.
കേരള ഗെയിംസിനോടനുബന്ധിച്ച് വിവേഴ്സ് വില്ലേജിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൈത്തറി വസ്ത്രങ്ങളുടെ ഫാഷൻ ഷോയിലാണ് പാർവതി റാമ്പിൽ ചുവടുവെച്ചത്. ഹാൻഡ്ലൂം കസവ് സാരി ധരിച്ചാണ് പാർവതി റാമ്പിലെത്തിയത്. കയ്യടികളോടെയാണ് സദസ്സ് പാർവതിയെ വരവേറ്റത്.
പാർവതിയെ കൂടാതെ ട്രാൻസ് ആക്ടിവിസ്റ്റുകൾ, ഭിന്നശേഷിക്കാർ, വീട്ടമ്മമാർ, കുട്ടികൾ, പ്രായമായവർ, ദേശീയ തലത്തിൽ പ്രശസ്തരായ പ്രൊഫഷണൽ മോഡലുകൾ എന്നുതുടങ്ങി 250ലധികം മോഡലുകൾ റാമ്പിൽ അണിനിരന്നിരുന്നു.
തിരുവനന്തപുരത്തെ കനകക്കുന്ന് പാലസിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്ലാണ് ഞായറാഴ്ച വൈകിട്ട് ഫാഷൻ ഷോ അരങ്ങേറിയത്. യുവസംരംഭക ശോഭ വിശ്വനാഥനാണ് വീവേഴ്സ് വില്ലേജിനു നേതൃത്വം നൽകുന്നത്.
Read more: പ്രിയപ്പെട്ടവൾ പോയിട്ട് 25 വർഷങ്ങൾ; അനിയത്തിയെ ഓർത്ത് പാർവ്വതി