വ്യത്യസ്‌തതയുളള കഥാപാത്രങ്ങൾകൊണ്ടും അഭിനയംകൊണ്ടും എന്നും വിസ്‌മയിപ്പിച്ചിട്ടുളള​ നടിയാണ് പാർവതി. അഭിനയം മാത്രമല്ല തന്റെ നിലപാടുകളും പാർവതിയെ എന്നും നമ്മുടെ പ്രിയങ്കരിയാക്കിയിട്ടുണ്ട്. ശക്തമായ കഥാപാത്രങ്ങൾകൊണ്ട് മലയാളത്തിൽ മാറ്റിനിർത്താനാകാത്ത സാന്നിധ്യമായ പാർവതി പുതിയ സിനിമയായ ടേക്ക് ഓഫിന്റെ പ്രമോഷൻ തിരക്കിലാണ്. അൽപസമയം പാർവതിയോടൊത്ത്…

ടേക്ക് ഓഫിലെ സമീറ

ടേക്ക് ഓഫ് ഒരു യഥാർഥ കഥയെ ആസ്‌പദമാക്കിയുളളതാണ്. ഞാൻ ചെയ്‌ത കഥാപാത്രം സമീറ ഒരു പ്രതിനിധിയാണ്. സമൂഹത്തിലെ വലിയ ഒരു വിഭാഗത്തിന്റെ പ്രതിനിധി. 2014ൽ ഇറാഖിൽ കുടുങ്ങിപോയ നഴ്‌സുമാരെ അടിസ്ഥാനമാക്കിയാണ് ചിത്രം നീങ്ങുന്നത്. പക്ഷേ അതുമാത്രമല്ല ചിത്രത്തിൽ. അത് ചിത്രത്തിന്റെ ബാക്ക്‌ഗ്രൗണ്ട് ആണ്. യഥാർഥത്തിൽ ചിത്രം സമൂഹത്തിലെ ഒരു വിഭാഗത്തിലുളളവർക്ക് എന്തെല്ലാം സംഭവിക്കുന്നുവെന്നു കാണിക്കുകയാണ്, ജോലി ചെയ്യുന്ന ഒരു വിഭാഗത്തെ പ്രതിനിധീകരിക്കുന്നു. അവർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളാണ് ചിത്രം പറയുന്നത്.

ചിത്രം: ആഷിഖ് റഫീക്ക്

ആദ്യം മുതലേയുളള തിരഞ്ഞെടുപ്പ്

ആദ്യം മുതലേ ഞാൻ സിനിമകൾ തിരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ പത്തു വർഷവും തെരഞ്ഞെടുത്ത് തന്നെയാണ് സിനിമ ചെയ്‌തത്. അല്ലാതെ ചെയ്യാൻ അറിയില്ല. ഇപ്പോഴുളള കഥാപാത്രങ്ങൾ കുറേക്കൂടി ആളുകൾ സംസാരിക്കുന്നതു കൊണ്ടോ അല്ലെങ്കിൽ ബോക്‌സ് ഓഫീസ് ഹിറ്റാവുന്നതു കൊണ്ടാകാം കൂടുതൽ പേരിലേക്കെത്തുന്നത്. എന്നെ സംബന്ധിച്ച് നോട്ട്‌ബുക്ക് മുതൽ ചെയ്‌ത എല്ലാ കഥാപാത്രങ്ങളും വളരെ പ്രാധാന്യമുളളതാണ്. പക്ഷേ ഇപ്പോഴുളളതുപോലെ ആരും അതേപ്പറ്റി സംസാരിച്ചിട്ടുണ്ടായിരുന്നില്ല എന്നുമാത്രം.

Read More: നായികാ പ്രാധാന്യമുളള സിനിമകൾ ഏറ്റെടുത്തത് റിസ്‌ക് നോക്കിയല്ല: കുഞ്ചാക്കോ ബോബൻ

നോട്ട്‌ബുക്ക് പുതുമുഖങ്ങളെ വച്ച് എടുത്ത സിനിമയായിട്ടുപോലും അന്ന് അത് വലിയ ഹിറ്റായിരുന്നു. എന്നു നിന്റെ മൊയ്‌തീൻ ഇപ്പോൾ ഹിറ്റ് ലിസ്റ്റിൽ പറയുന്ന പോലെ തന്നെ. അന്ന് പക്ഷേ ഇൻസ്റ്റാഗ്രാമും ഫെയ്‌സ്ബുക്കും ഒന്നും ഉണ്ടായിരുന്നില്ല. അതിന്റെ മാറ്റം കൊണ്ടാണ് അങ്ങനെ തോന്നുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ചെയ്‌ത 19 കഥാപാത്രങ്ങളും ഞാൻ ആലോചിച്ച് എടുത്ത സിനിമയും കഥാപാത്രങ്ങളുമാണ്. അങ്ങനെയാണ് ഞാൻ എന്നും ചെയ്യുന്നത്.

ചിത്രം: ആഷിഖ് റഫീക്ക്

സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങൾ

ഞാൻ അത്തരം കഥാപാത്രങ്ങൾ വേണമെന്ന് വിചാരിച്ച് ചെയ്യുന്നതല്ല. സത്യത്തിൽ സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങൾ എന്നു പറയുന്നത് പോലും ശരിയല്ല. നിങ്ങൾ ഒരിക്കലും ഒരു മമ്മൂട്ടി ചിത്രത്തെ പുരുഷ കേന്ദ്രീകൃതം എന്നു പറയാറില്ല. അതുകൊണ്ട് ഒരിക്കലും സിനിമയെ ആരും ജെൻഡർ വച്ച് കാണരുത്. ഞാൻ എന്ന വ്യക്തി സിനിമ ചെയ്യുന്നു എന്നേയുളളൂ. ഒരു സ്ത്രീയായതുകൊണ്ട്​ ഞാൻ അത്തരം കഥാപാത്രങ്ങൾ ചെയ്യുന്നു എന്നുമാത്രം.

ഞാൻ ഒരുപാട് ശക്തമായ കഥാപാത്രങ്ങൾ ചെയ്യുന്നുണ്ട്. അത് കഥയുടെ ഭാഗമാണ്. അതാണ് പ്രധാനം. ബാംഗ്ലൂർ ഡേയ്‌സിലെ സേറയും സിറ്റി ഓഫ് ഗോഡ്‌സിലും നോട്ട്‌ബുക്കിലും ഒന്നും പ്രധാന കഥാപാത്രം ഞാൻ ആയിരുന്നില്ല. എനിക്ക് എത്രമാത്രം സ്‌ക്രീൻ സ്‌പെയ്‌സ് കിട്ടുന്നു എന്നതല്ല, കഥ നല്ലതായിരിക്കണം എന്നു മാത്രമേയുളളൂ.

ചിത്രം: ആഷിഖ് റഫീക്ക്

ബോളിവുഡിലേക്ക്

ഇർഫാൻ ഖാന്റെ നായികയായാണ് അഭിനയിക്കുന്നത്. ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുകയാണ്. ഈ വർഷം അവസാനം മാത്രമേ ചിത്രം പുറത്തിറങ്ങുകയുളളൂ. ബോളിവുഡ് വേറെ ഒരു ലോകമാണ്. അവിടെ ചെയ്യാൻ കഴിഞ്ഞതും വളരെ നല്ല അനുഭവമായി തോന്നുന്നു. അത്രയും നല്ല ഒരു നടന്റെ കൂടെ അഭിനയിക്കാൻ സാധിക്കുന്നത് തന്നെ വലിയ കാര്യമാണ്. എനിക്ക് ചിത്രത്തെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ അനുവാദമില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ