തന്‍റെ മനസ്സിലുള്ളത്, അത് എന്ത് തന്നെയായാലും തുറന്നു പറയുന്ന സ്വഭാവമാണ് പാര്‍വ്വതിക്ക്. പിറന്നാള്‍ ദിനത്തില്‍ ഐ ഇ മലയാളത്തിന് അഭിമുഖം അനുവദിക്കുമ്പോള്‍ പാര്‍വ്വതി പറഞ്ഞിരുന്നു, ഇന്റര്‍വ്യൂ കൊടുത്ത് തളര്‍ന്നു എന്ന്. എങ്കിലും തന്‍റെ പ്രിയ അവതാരകയായ രേഖാ മേനോനോട് സംസാരിക്കാന്‍ ഒട്ടും മടി കാണിച്ചില്ല പാര്‍വ്വതി.

Read More: ഹാപ്പി ബര്‍ത്ത്ഡേ പാര്‍വ്വതി

അഭിമുഖത്തില്‍ പാര്‍വ്വതി നടത്തിയ പ്രസക്തമായ പരാമര്‍ശങ്ങള്‍

1. ഞാന്‍ ചെയ്ത സിനിമകള്‍ ടേക്ക് ഓഫ്‌ ചെയ്തിട്ടുണ്ടാകാം. പക്ഷെ അതില്‍ കയറി പറന്നു പോകുന്ന ആളല്ല ഞാന്‍. ഞാന്‍ ഇപ്പോഴും ഗ്രൗണ്ട് സ്റ്റാഫ്‌ തന്നെയാണ്. അടുത്ത കഥാപാത്രത്തിന്‍റെ ടേക്ക് ഓഫ്‌ സജ്ജീകരിക്കുന്ന ഗ്രൗണ്ട് സ്റ്റാഫ്‌.

2. കഥാപാത്രങ്ങളുടെ ഡീറ്റെയിൽ ഞാന്‍ ചോദിച്ചു കൊണ്ടിരിക്കും. ബോബി സഞ്ജയ്‌ സ്കൂളില്‍ നിന്നും വന്നതിന്‍റെയാകാം. സത്യന്‍ അന്തിക്കാട് സിനിമയിലൊക്കെ അവര്‍ക്കത്‌ അത്ഭുതമായി തോന്നി, ഒരു ചെറിയ കഥാപാത്രത്തെക്കുറിച്ച് ഇത്രയും ആലോചിക്കേണ്ട കാര്യമുണ്ടോ എന്ന്.

3. അവസരങ്ങള്‍ പാടെ കുറഞ്ഞ ഒരു കാലമുണ്ടായിരുന്നു എനിക്ക്. ഫോണ്‍ റിങ് ചെയ്യാത്ത ദിവസങ്ങളുണ്ടായിരുന്നു. പരസ്യ ചിത്രങ്ങളില്‍ അവസരം തേടൂ എന്ന് പറഞ്ഞവരുണ്ട്, പോര്‍ട്ട്‌ഫോലിയോ ഉണ്ടാക്കി കാസ്റ്റിങ് ചെയ്യുന്നവര്‍ക്ക് അയക്കൂ എന്ന് പറഞ്ഞവരുണ്ട്. പക്ഷെ എനിക്കെന്തോ തോന്നി, എന്‍റെ ജോലി എപ്പോഴും നന്നായി ചെയ്തിട്ടുള്ള ആളാണ്‌ ഞാന്‍. അത് കൊണ്ട്, ജീവിതത്തിന് എന്നെ അങ്ങനെ അപ്പാടെ തള്ളിക്കളയാന്‍ സാധിക്കില്ല.

4. അഭിനയം അറിയുകയും പഠിക്കുകയും വേണം. എന്നാല്‍ അത് പ്രാക്ടീസ് ചെയ്യുമ്പോള്‍ നമ്മള്‍ പഠിച്ചു ചെയ്യുകയാണ് എന്ന് തോന്നുകയുമരുത്

5. സിനിമയെന്ന മാധ്യമത്തിനോട് തീവ്രമായ കൂറ് പുലര്‍ത്തുന്നവരോടോപ്പമാണ് ഞാന്‍ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. സിനിമയോടുള്ള എന്‍റെ മനോഭാവം വാര്‍ത്തെടുത്തത് അത്തരം പ്രവര്‍ത്തി പരിചയങ്ങളാണ്.

6. എനിക്ക് സത്യസന്ധതയോടൊരു അഡിക്ഷനുണ്ട്. അതുകൊണ്ട് എന്നോടൊരു ചോദ്യം ചോദിച്ചാല്‍, ചോദിക്കുന്നത് ആരുമായിക്കോട്ടെ, സത്യം പറയാതിരിക്കാന്‍ എനിക്ക് പറ്റില്ല.

7. സ്ത്രീകളുടെ ശരീരത്തെക്കുറിച്ച് പരാമര്‍ശിക്കുക എന്നത് സിനിമയില്‍ സര്‍വ്വസാധാരണമായ ഒന്നാണ്.

8. ബുദ്ധിമതികളും ധൈര്യശാലികളുമായ പെണ്‍കുട്ടികളുണ്ട് സിനിമയിലിപ്പോള്‍. തങ്ങളുടെ അവകാശങ്ങള്‍ക്കായി അവര്‍ മുന്നിട്ടിറങ്ങും എന്ന് തന്നെ ഞാന്‍ കരുതുന്നു.

9. ശാരീരികമായ കടന്നു കയറ്റങ്ങള്‍ക്ക് വിധേയയായിട്ടുണ്ട് ഞാനും. എതിര്‍ക്കാന്‍ സാധിച്ചിട്ടില്ല അന്ന്. സ്ത്രീകള്‍ക്ക് നേരെ എന്ത് നടന്നാലും അത് സാധാരണയാണ് എന്ന് വാദിക്കുന്ന ഒരു സിസ്റ്റമാണ് എന്നെ അന്ന് നിശബ്ദയാക്കിയത്. ആ സിസ്റ്റമാണ് ആദ്യം മാറേണ്ടത്.

10. സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട ശേഷം പലരും ഞങ്ങളോട് (നടികളോട്) ചോദിച്ചു, എന്താണ് പ്രതികരിക്കാത്തത് എന്ന്. പ്രതികരണത്തെക്കാളേറെ പ്രവര്‍ത്തനമാണ് വേണ്ടതെന്ന് ഞങ്ങള്‍ കരുതുന്നു. ‘We are tired of reacting. You will know when we act’.

11. എനിക്ക് പറയാനുള്ളതെല്ലാം, പ്രത്യേകിച്ച് സ്ത്രീകളുടെ അവകാശങ്ങളെയും സുരക്ഷയെയും സംബന്ധിച്ചുള്ളതെല്ലാം, ഞാന്‍ പറയും. എതിര്‍പ്പുകളെ ഭയക്കുന്നില്ല.

12. ഞാനെടുക്കുന്ന നിലപാടുകള്‍ കാരണം സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടാലും വിഷമമില്ല. അതിനു വേണ്ടി നിലപാടുകള്‍ മാറ്റാന്‍ ഒരുക്കമല്ല. സിനിമയില്ലെങ്കില്‍ വേണ്ട; ഒരു പീടികയിട്ട്, പുസ്തകം വിറ്റു ജീവിക്കാമല്ലോ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ