മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത് നടി പാര്‍വതിയും. മുംബൈ ഓഗസ്റ്റ് ക്രാന്തി മൈതാനില്‍ ബോളിവുഡില്‍ നിന്നുള്ള ഒട്ടേറെ സിനിമാ പ്രവര്‍ത്തകര്‍ പൗരത്വ നിയമത്തിനെതിരായി പ്രതിഷേധിച്ചിരുന്നു. ഈ പരിപാടിയിലാണ് പാര്‍വതിയും പങ്കെടുത്തത്. ഇന്നലെ വൈകീട്ടായിരുന്നു പ്രതിഷേധ സംഗമം. പ്രതിഷേധ വേദിയില്‍ നിന്നുള്ള പാര്‍വതിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച നടൻ സിദ്ധാർഥ് ചെന്നെെയിൽ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശബ്ദമുയർത്താത്തതിൽ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ സിദ്ധാർഥ് വിമർശിച്ചു.

പ്രതിഷേധ പരിപാടിക്കിടെ നടൻ സിദ്ധാർഥ്

Read Also: നിങ്ങളുടെ വസ്‌തുക്കളെല്ലാം ലേലം ചെയ്യും; പ്രതിഷേധക്കാര്‍ക്ക് യോഗിയുടെ താക്കീത്

ബോളിവുഡിൽ നിന്നുള്ള മറ്റ് താരങ്ങളും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ കഴിഞ്ഞ ദിവസം പങ്കെടുത്തിരുന്നു. ഫര്‍ഹാന്‍ അക്തര്‍, അനുരാഗ് കശ്യപ്, നന്ദിത ദാസ്, കൊങ്കണ സെന്‍ ശര്‍മ്മ, സുശാന്ത് സിങ്, സ്വര ഭാസ്‌കര്‍, അദിതി റാവു ഹൈദരി, ഹുമ ഖുറേഷി, ജാവേദ് ജെഫ്രി, രാകേഷ് ഓം പ്രകാശ് തുടങ്ങി നിരവധി താരങ്ങളാണ് പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലയാള സിനിമാതാരങ്ങളില്‍ നിന്ന് ആദ്യമായി ഉയര്‍ന്ന ശബ്ദം നടി പാര്‍വതി തിരുവോത്തിന്റേ ആയിരുന്നു. പ്രധാന താരങ്ങള്‍ അടക്കം നിശബ്ദത പാലിച്ചപ്പോള്‍ നട്ടെല്ലില്ലൂടെ ഭയം കയറുന്നുവെന്നായിരുന്നു പാര്‍വതി തിരുവോത്തിന്റെ പ്രതികരണം. ജാമിയ മില്ലിയയിലെ പൊലീസ് അതിക്രമത്തിനെതിരെയും പാര്‍വതി പ്രതികരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook