മഞ്ചേരിയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടന ചടങ്ങിനിടെ നടി നൂറിന്‍ ഷെരീഫിനു മൂക്കിന് ഇടിയേറ്റു. വേദന സഹിക്കാനാവാതെ നടി വേദിയില്‍ പൊട്ടിക്കരഞ്ഞു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലും പ്രചരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. നൂറിന്‍ ഷെരീഫിനു നേരെ കയ്യേറ്റശ്രമം എന്ന രീതിയിലാണ് വീഡിയോ പ്രചരിക്കുന്നതെങ്കിലും സത്യാവസ്ഥ അതല്ല. ആരും അറിഞ്ഞുകൊണ്ട് നൂറിനെ ആക്രമിച്ചതല്ലെന്ന് നടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

Read Also: താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍ റൊണാൾഡോ: മെസി

മഞ്ചേരിയില്‍ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടന ചടങ്ങിനാണ് നൂറിന്‍ ഷെരീഫ് എത്തിയത്. വൈകീട്ട് നാലിനു തന്നെ നൂറിനും മാതാപിതാക്കളും സ്ഥലത്തെത്തി. കുറച്ചുകൂടി ആളുകള്‍ എത്തിയിട്ട് ഉദ്ഘാടനം ചെയ്യാമെന്നും ആറുമണിവരെ കാത്തിരിക്കണമെന്നും ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉടമസ്ഥന്‍ ആവശ്യപ്പെട്ടതായി നൂറിന്റെ രക്ഷിതാക്കള്‍ മനോരമ ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

“ആറുമണിയായപ്പോഴേക്കും തിരക്ക് ക്രമാതീതമായി വര്‍ധിച്ചു. ജനങ്ങള്‍ കാത്തിരുന്ന് മുഷിഞ്ഞു. നൂറിനെ കണ്ടതും ആളുകള്‍ രോഷാകുലരായി. നാല് ബൗണ്‍സര്‍മാര്‍ മാത്രമാണ് നൂറിനൊപ്പമുണ്ടായിരുന്നത്. തിക്കിനും തിരക്കിനും ഇടയിലൂടെ കടയിൽ കയറിയപ്പോൾ ആറര മണിയായി. നൂറിനെ കടയിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നതിന്റെ ഇടയിൽ ആരുടെയോ കൈ മൂക്കിൽ ശക്തിയായി കൊണ്ടു,” നൂറിന്റെ രക്ഷിതാക്കൾ പറഞ്ഞു.

കരുതികൂട്ടിയുള്ള ആക്രമണമായിരുന്നില്ല. തിരക്കിനിടെ അപ്രതീക്ഷിതമായി ആരുടെയോ കൈ മൂക്കിലിടിച്ചതാണ്. വേദന സഹിക്കാൻ പറ്റിയില്ല. അതിനാലാണ് നൂറിന്‍ കരഞ്ഞത്. അല്ലാതെ കയ്യേറ്റശ്രമം ഒന്നും ഉണ്ടായിട്ടില്ലെന്ന് നൂറിന്റെ രക്ഷിതാക്കൾ പറഞ്ഞു.

Read Also: പൃഥ്വിരാജ് ചിത്രം ‘ചോക്ലേറ്റി’ന് പുനരാവിഷ്കാരം ഒരുങ്ങുന്നു; നായകൻ ഉണ്ണി മുകുന്ദൻ, നായിക നൂറിൻ

ഞങ്ങളുടെ കാറിനും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. കാറിന്റെ കേടുപാടുകള്‍ ശരിയാക്കി തരാമെന്ന് സംഘാടകര്‍ പറഞ്ഞു. തിരക്കില്‍ സുരക്ഷയൊരുക്കേണ്ടത് സംഘടകരുടെ ചുമതലയാണ്. നൂറിന്റെ മൂക്കിനു ചെറിയ ചതവു മാത്രമേയുള്ളൂ. ഡോക്ടറെ കാണിച്ചു. മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് നൂറിന്റെ അച്ഛന്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook