വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും സീരിയലുകളിലും ടെലിവിഷൻ പരിപാടികളിലും സജീവമാണ് മലയാളികളുടെ പ്രിയനടി നിത്യ ദാസ്. മക്കളെയും കുടുംബാംഗങ്ങളെയും സാക്ഷി നിർത്തി ‘വീണ്ടും വിവാഹിതയായ’ നിത്യദാസിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. സീ കേരളത്തിലെ ‘ഞാനും എന്റാളും’ എന്ന പരിപാടിയ്ക്കിടയിലാണ് നിത്യയുടെ വിവാഹം റീക്രിയേറ്റ് ചെയ്തത്. ഈ റിയാലിറ്റി ഷോയുടെ മെന്ററാണ് നിത്യ.
പഞ്ചാബിയായ അരവിന്ദ് സിങ് ജംവാൾ (വിക്കി) ആണ് നിത്യയുടെ ഭര്‍ത്താവ്. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് 2007 ലായിരുന്നു നിത്യയുടെ വിവാഹം. താൻ ആഗ്രഹിച്ചതു പോലെയായിരുന്നില്ല ആ വിവാഹചടങ്ങുകൾ എന്ന് നിത്യ തന്നെ ഒരു ചാനൽ ഷോയ്ക്കിടയിൽ പറഞ്ഞിരുന്നു. ‘താലിയ്ക്ക് പകരം പഞ്ചാബി സ്റ്റൈലിലുള്ള മംഗല്യസൂത്രയാണ് വിവാഹത്തിന് അണിഞ്ഞത്. പുടവ കൊടുക്കുന്നതാണല്ലോ നമ്മുടെ നാട്ടിലെ കല്യാണരീതി. അവരന്ന് പുടവ കൊണ്ട് വരാനും മറന്നു. നെറ്റിയില്‍ സിന്ദൂരം തൊട്ടില്ല, പകരം ലിപ്സ്റ്റിക് കൊണ്ടാണ് അഡ്ജസ്റ്റ് ചെയ്തത്. അങ്ങനെ മൊത്തത്തില്‍ അലങ്കോലമായ കല്യാണമായിരുന്നു,’ എന്നാണ് നിത്യ പറഞ്ഞത്.
അന്ന് അലങ്കോലമായ കല്യാണചടങ്ങുകളാണ് ‘ഞാനും എന്റാളും’ എന്ന പരിപാടിയ്ക്കിടയിൽ പുനരാവിഷ്കരിച്ചത്. നിത്യയ്ക്ക് ഒരു ആഗ്രഹമുണ്ടെന്നും അത് ഈ വേദിയില്‍ വച്ച് നടത്തണമെന്നും സംവിധായകന് ജോണി ആന്റണിയാണ് വിക്കിയോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് കേരളാ സ്റ്റൈലില്‍ തന്നെ നിത്യയെ താലിക്കെട്ടുകയായിരുന്നു വിക്കി. അച്ഛന്റെയും അമ്മയുടെയും വിവാഹത്തിന് സാക്ഷിയായി മക്കളായ നൈനയും നമനും വേദിയിലുണ്ടായിരുന്നു.
2001 ൽ പുറത്തിറങ്ങിയ ‘ഈ പറക്കും തളിക’ എന്ന സിനിമയിലൂടെയായിരുന്നു നിത്യ ദാസിന്റെ അരങ്ങേറ്റം. പിന്നീട് ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, നരിമാൻ, കുഞ്ഞിക്കൂനൻ, കഥാവശേഷൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 2007ൽ പുറത്തിറങ്ങിയ ‘സൂര്യകിരീട’മാണ് അവസാനം അഭിനയിച്ച സിനിമ. വിവാഹശേഷം മിനി സ്ക്രീനിൽ നിത്യ ദാസ് തിളങ്ങി നിന്നിരുന്നു. മലയാളം,തമിഴ് ഭാഷകളിലായി നിരവധി സീരിയലുകളില്‍ അഭിനയിച്ചു.