ജന്മദിനത്തിൽ മമ്മൂട്ടിയെ സ്നേഹാശംസകൾ കൊണ്ട് മൂടുകയാണ് സഹപ്രവർത്തകരും ആരാധകരും. നടനായും സഹോദരനായും കൂട്ടുകാരനായുമൊക്കെ മമ്മൂട്ടി തങ്ങളുടെ ജീവിതത്തെ എങ്ങനെയൊക്കെയാണ് സ്പർശിച്ചതെന്ന് തുറന്നെഴുതുകയാണ് പലരും. കരിയറിന്റെ തുടക്കക്കാലത്ത് മമ്മൂട്ടി തന്ന പിന്തുണ മുന്നോട്ടുള്ള യാത്രയ്ക്ക് എത്രത്തോളം പ്രചോദനമായിട്ടുണ്ടെന്ന് ജോജു ജോർജിനെയും സുരാജ് വെഞ്ഞാറമൂടിനെയും പോലുള്ള നടന്മാർ പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. പ്രതിഭയുള്ളവരെ പിന്തുണയ്ക്കാനും മുന്നോട്ടുള്ള യാത്രയ്ക്ക് ഒരു കൈസഹായം ചെയ്യാനുമൊക്കെ ഒരിക്കലും മടികാണിച്ചിട്ടില്ലാത്ത വ്യക്തി കൂടിയാണ് മമ്മൂട്ടി.
ഇപ്പോഴിതാ, നടിയും നർത്തകിയുമായ നിരഞ്ജന അനൂപ് ഷെയർ ചെയ്ത ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. “ഇതിഹാസമാവാൻ ഒരു കാരണമുണ്ട്. സ്വപ്നം കണ്ടത് നേടിയെടുക്കാനുള്ള പോരാട്ടം തുടരാൻ തലമുറകളെ പ്രചോദിപ്പിക്കുന്നു!,” എന്നാണ് നിരഞ്ജന കുറിക്കുന്നത്. മമ്മൂട്ടിയുമായി നടത്തിയ ഒരു ചാറ്റിന്റെ സ്ക്രീൻഷോട്ടും നിരഞ്ജന ഷെയർ ചെയ്തിട്ടുണ്ട്.
“ഇപ്പോഴും പ്രയത്നിക്കുകയാണെന്ന് താങ്കൾ പറഞ്ഞു. ഇത്തരം സന്ദേശങ്ങൾ, അത്ര നല്ല ദിവസങ്ങളിൽ അല്ലാത്ത ഞങ്ങളെ പോലുള്ള ആളുകൾക്ക് പ്രതീക്ഷ നൽകുകയാണ്,” എന്ന നിരഞ്ജനയുടെ മെസേജിന് “പ്രയത്നിക്കുമ്പോഴാണ് ത്രില്ലുള്ളത്. നിങ്ങൾ ഒരിക്കൽ നേടി കഴിഞ്ഞാൽ ആ ത്രിൽ നഷ്ടപ്പെടും. അതുകൊണ്ട് പ്രയത്നം തുടരുക. ഞാൻ ഇപ്പോഴും പ്രയത്നിക്കുകയാണ്,” എന്നാണ് മമ്മൂട്ടി മറുപടി നൽകുന്നത്.