മലയാളത്തിന്റെ പ്രിയ നടി നവ്യ നായരുടെ ജന്മദിനമായിരുന്നു ഇന്നലെ. സിനിമാ ലോകത്തുനിന്നുള്ളവരും ആരാധകരും നടിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചിരുന്നു. കുടുംബത്തിനൊപ്പമായിരുന്നു നവ്യയുടെ പിറന്നാൾ ആഘോഷം. ഇപ്പോഴിതാ പിറന്നാൾ ദിനത്തിൽ താനൊരിക്കലും പ്രതീക്ഷിക്കാതെ ലഭിച്ചൊരു സമ്മാനത്തെക്കുറിച്ച് ആരാധകരെ അറിയിച്ചിരിക്കുകയാണ് നവ്യ.
”ജീവിതത്തിൽ നമ്മളെല്ലാം തിരക്കിട്ടോടുന്നവരാണ്.. എന്നിട്ടും എനിക്കുവേണ്ടി എന്നോ അവർക്ക് സിനിമകളിൽ കണ്ട നടിയോട് തോന്നിയ ഒരു ഇഷ്ടത്തിന്റെ പേരിൽ അവരുടെ സമയവും അധ്വാനിച്ചുണ്ടാക്കുന്ന പണവും ചിലവാക്കി എനിക്ക് വേണ്ടി ഒരുക്കിയ ഈ സമ്മാനം എനിക്ക് ഏറെ വിലപ്പെട്ടതാണ് .. എന്നെ ഒരു കൂടപ്പിറപ്പിനേക്കാൾ നിങ്ങൾ സ്നേഹിക്കുന്നു .. തിരികെ തരാൻ ഉള്ളതും സ്നേഹമാണ്..
ജബീനിന്റെ കസിൻ വരച്ച ഈ ചിത്രം സ്റ്റാറ്റസിൽ കണ്ടപ്പോൾ മുതൽ എനിക്ക് ഒരു പ്രത്യേക ഇഷ്ടം തോന്നിയതാണ്, അതു വാങ്ങുന്നതിനെ പറ്റി ഞാൻ സംസാരിക്കുകയും ചെയ്തിരുന്നു , പക്ഷേ അതിങ്ങനെ ഒരു സർപ്രൈസ് ആയി എന്നെ സ്നേഹിക്കുന്ന നിങ്ങൾ എത്തിക്കും എന്നൊർത്തില്ല,” ഇതായിരുന്നു നവ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
പിറന്നാൾ ദിനത്തിൽ തനിക്ക് സർപ്രൈസ് ആയി കിട്ടിയ കേക്കിന്റെ വീഡിയോയും നവ്യ ഷെയർ ചെയ്തിട്ടുണ്ട്. നവ്യയുടെ സിനിമയിലെ ചിത്രങ്ങൾ കേക്കിൽ വരച്ചിരുന്നു. ഇതുകണ്ട മകൻ തന്നോട് മമ്മ ഇത്രയും സിനിമകളിൽ അഭിനയിച്ചിട്ടുണ്ടോയെന്ന് ചോദിച്ചതായി നവ്യ എഴുതിയിട്ടുണ്ട്.
ജന്മദിനത്തിൽ മകൻ ഒരുക്കിയ സർപ്രൈസിനെ കുറിച്ചും നവ്യ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു.
വിവാഹത്തിനുശേഷം വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ് നവ്യ. 2010ൽ വിവാഹിത ആയ ശേഷം 2012ൽ ‘സീൻ ഒന്ന് നമ്മുടെ വീട്’ എന്ന ചിത്രത്തിലും ‘ദൃശ്യ’ ത്തിന്റെ ആദ്യ ഭാഗത്തിലും മാത്രമാണ് നവ്യ അഭിനയിച്ചത്. വിവാഹത്തിനു ശേഷം നവ്യ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ദൃശ്യം 2 വിന്റെ കന്നഡ റീമേക്ക്. സിനിമയിൽ നിന്നും അവധിയെടുത്തെങ്കിലും ടെലിവിഷൻ ഷോകളിൽ നവ്യ സജീവ സാന്നിധ്യമായിരുന്നു. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു മടങ്ങിയെത്താൻ ഒരുങ്ങുകയാണ് നവ്യ നായർ.
Read More: വർഷങ്ങൾക്കു ശേഷം ‘ബാലാമണി’ ഗുരുവായൂർ നടയിൽ; വീഡിയോ