സ്ത്രീകളെ കൂടുതൽ സുന്ദരികളാക്കി മാറ്റുന്ന ഒരു മാജിക് സാരിയിൽ ഒളിഞ്ഞിരിപ്പുണ്ട്. വിശേഷാവസരങ്ങളിലും വിവാഹത്തിനുമെല്ലാം പലപ്പോഴും താരമാവുന്നതും സാരി തന്നെ. ചുറ്റുമൊന്നു കണ്ണോടിച്ചാൽ, സാരിയോട് അഗാധമായ പ്രണയം സൂക്ഷിക്കുന്ന നിരവധി സ്ത്രീകളെ കണ്ടെത്താനാവും. അക്കൂട്ടത്തിൽ ഒരാളായിരുന്നു ജയലളിത. 10,500 ലേറെ സാരികൾ ജയലളിതയുടെ സ്വകാര്യ ശേഖരത്തിലുണ്ടായിരുന്നു എന്നാണ് കണക്ക്.
തന്‍റെ സാരി പ്രേമത്തെ കുറിച്ച് നടി നളിനി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 365 ദിവസവും തനിക്ക് പുത്തൻ സാരി വേണമെന്ന് നിർബന്ധമാണെന്നാണ് നളിനി പറയുന്നത്.
“എനിക്ക് സാരികളോട് ഭയങ്കര ക്രേസ് ആണ്. ദിവസവും പുതിയ സാരി വേണം, 365 ദിവസവും പുതിയ സാരി വേണമെന്നത് എനിക്ക് നിർബന്ധമാണ്. എവിടെ പോയാലും സാരി വാങ്ങും. സാരികൾ സൂക്ഷിക്കാനായി ഒരു വീട് തന്നെ ഉണ്ട്. പല വർഷങ്ങളായുള്ള സാരിയുടെ വലിയൊരു കളക്ഷൻ തന്നെയുണ്ട്,” നളിനി പറയുന്നു.
തെന്നിന്ത്യയ്ക്ക് മാത്രമല്ല മലയാളികൾക്കും ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച അഭിനേത്രിയാണ് നളിനി. ‘ഇതിലെ വന്നവർ’ എന്ന ചിത്രത്തിലൂടെയാണ് നളിനി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ‘ഇടവേള,’ ‘നവംബറിന്റെ നഷ്ടം,’ ‘കൂലി,’ ‘ആവനാഴി,’ ‘അടിമകൾ ഉടമകൾ,’ ‘ഭൂമിയിലെ രാജാക്കന്മാർ’ തുടങ്ങി നിരവധിയേറെ മലയാളചിത്രങ്ങളിൽ നളിനി വേഷമിട്ടു.
നടി ശോഭയുടെ ജീവിതത്തെ ആസ്പദമാക്കി കെജി ജോർജ് സംവിധാനം ചെയ്ത ‘ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്’ എന്ന ചിത്രത്തിൽ ശോഭയെ അവതരിപ്പിച്ചത് നളിനിയായിരുന്നു. ഈ ചിത്രത്തിലെ കഥാപാത്രം നളിനിയ്ക്ക് മലയാളത്തിൽ ഏറെ പ്രശസ്തിയും പുരസ്കാരങ്ങളും നേടി കൊടുക്കുകയും ചെയ്തു.


1980 മുതൽ 1990 വരെ 19 ഓളം മലയാളചിത്രങ്ങളിൽ സജീവമായി നിറഞ്ഞു നിന്ന നളിനി, വിവാഹത്തോടെ അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്തു. വിവാഹമോചനത്തിന് ശേഷം 2001ൽ രാവണപ്രഭുവിലൂടെ മലയാളത്തിലേക്ക് നളിനി വീണ്ടുമെത്തി. ചിത്രത്തിൽ കൗണ്ടറുടെ ഭാര്യയുടെ വേഷമാണ് നളിനി അവതരിപ്പിച്ചത്.
1987-ൽ നടൻ രാമരാജനെ നളിനി വിവാഹം ചെയ്തു. പ്രണയവിവാഹമായിരുന്നു ഇത്. അരുണ, അരുൺ എന്നിങ്ങനെ ഇരട്ടകുട്ടികളാണ് ഈ ദമ്പതികൾക്ക്. 2000ൽ നളിനിയും രാമരാജനും വിവാഹമോചനം നേടി.
Read Here: സിനിമയ്ക്കും മുന്‍പേ റഹ്‌മാന്‍ മലയാളത്തിൽ