തിരുവോണദിനത്തിലാണ് ജീവിതത്തിലെ വലിയൊരു സന്തോഷം നടി മൈഥിലി ആരാധകരുമായി പങ്കുവച്ചത്. “ഞാൻ മാതൃത്വത്തിലേക്ക് പ്രവേശിച്ച സന്തോഷം എല്ലാവരുമായും പങ്കിടുന്നു,” എന്നാണ് ഭർത്താവ് സമ്പത്തിനൊപ്പമുള്ള ചിത്രങ്ങൾ ഷെയർ ചെയ്ത് മൈഥിലി കുറിച്ചത്.
മൈഥിലി അഭിനയിക്കുന്ന പുതിയ ചിത്രം ചട്ടമ്പി ഇന്ന് രാത്രിയോടെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചട്ടമ്പിയുടെ പ്രമോഷനായി നിറവയറോടെ എത്തിയ മൈഥിലിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
നടി മഞ്ജു വാര്യർ, ഗ്രേസ് ആന്റണി എന്നിവരെയും ചിത്രങ്ങളിൽ മൈഥിലിയ്ക്ക് ഒപ്പം കാണാം.
ഏപ്രിൽ 28നായിരുന്നു നടി മൈഥിലിയും ആർക്കിടെക്റ്റായ സമ്പത്തും തമ്മിലുള്ള വിവാഹം. ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർത്ഥ പേര്. പത്തനംത്തിട്ട കോന്നി സ്വദേശിയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം.
കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സാൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.
‘ലോഹം’ എന്ന ചിത്രത്തിലൂടെ ഗായികയായും മൈഥിലി അരങ്ങേറ്റം കുറിച്ചിരുന്നു.