scorecardresearch
Latest News

വെള്ളയിൽ പൂക്കളുള്ള ഒരു സാരി വലിയ കൊതിയായിരുന്നു; മോളി മോഡേണായ കഥ

ഇന്ന്  പ്രമുഖ മാസികയുടെ കവർ പേജിൽ ‘മോഡേൺ മോളിച്ചേച്ചി’ ആയി കാലിൽ കാലും കയറ്റിയിരിക്കുമ്പോൾ, നല്ലൊരു സാരിയുടുക്കാനും ചെരിപ്പിടാനും കൊതിച്ച ഓർമകളുടെ കടലിരമ്പമുണ്ട് മോളി കണ്ണമാലിയുടെ ഉള്ളിൽ; ഒപ്പം കുടുംബവും കലയും നല്‍കുന്ന സ്നേഹത്തിന്റെ ഇരമ്പവും…

വെള്ളയിൽ പൂക്കളുള്ള ഒരു സാരി വലിയ കൊതിയായിരുന്നു; മോളി മോഡേണായ കഥ

“അമ്മേ, ദേ അമ്മ വൈറലായി,” രാവിലെ മകൻ ഫോണുമായി ഓടിയെത്തിയപ്പോൾ മോളിചേച്ചി പറഞ്ഞു “നീ നോക്കിക്കോടാ, ഇനിയെന്നെ പിടിച്ചാൽ കിട്ടില്ല.” ‘മോഡേണ്‍ ലുക്കില്‍’ പാന്റും ടര്‍ട്ടില്‍ നെക്ക് ടോപ്പും ബൂട്ട്സുമെല്ലാം ധരിച്ച് ഹെയര്‍ സ്റ്റെെലും മാറ്റി മലയാള മനോരമയുടെ ‘ആരോഗ്യം’ മാസികയുടെ ജൂലൈ പതിപ്പിന്റെ കവർ പേജില്‍ എത്തിയതോടെ നടി മോളി കണ്ണമാലി നാട്ടിൽ സ്റ്റാറായി.

അമേരിക്കയില്‍ ജോർജ്ജ് ഫ്ലോയിഡ് എന്ന കറുത്ത വർഗ്ഗക്കാരനെ വെള്ളക്കാരനായ പോലീസുകാരൻ കഴുത്തില്‍ കാൽമുട്ടു കയറ്റി ശ്വാസംമുട്ടിച്ചു കൊന്നതിന്റെ പ്രതിഷേധം ലോകമെന്നും പടര്‍ന്ന് ‘Black Lives Matter’ എന്ന ക്യാമ്പൈന്‍ ആളിക്കത്തിയതിന്റെ പശ്ചാത്തലത്തിലാണ് ‘കറുപ്പിന്റെ കരുത്ത്’ എന്ന ആശയവുമായി മലയാള മനോരമയുടെ ‘ആരോഗ്യം’ മാസികയുടെ മുഖചിത്രത്തില്‍ മോളി കണ്ണമാലി മോഡേണ്‍ ആയി എത്തിയത്.

‘പൗഡറിടുന്ന മേക്കപ്പ്’ പരിചയമുണ്ടെങ്കിലും, ‘ഷെർലക്ക് ടോംസിൽ’ പാന്റും ടീഷർട്ടുമിട്ടിട്ടുണ്ടെങ്കിലും, സാരിയും ചട്ടേം മുണ്ടുമൊക്കെ പതിവാക്കിയ മോളിചേച്ചിയ്ക്ക് ‘ഫോട്ടോഷൂട്ട്’ ഒരു പുതിയ അനുഭവമായിരുന്നു.

“എന്താണ് ‘ഫോട്ടോഷൂട്ട്’ എന്നു പോലും എനിക്കറിയില്ലായിരുന്നു. അവര് വിളിച്ചപ്പോൾ ഞാൻ വരാമെന്ന് പറഞ്ഞു. എന്റെ അളവൊക്കെ എടുത്തോണ്ട് പോയി. അവിടെ ചെന്നപ്പോൾ മെയ്ക്കപ്പിടാൻ ആളു വന്നു. ‘ഒള്ള മോന്ത വച്ച് നിന്നാൽ പോരെ മോളെ,’ എന്ന് ചോദിച്ചപ്പോൾ, ‘അല്ല ചേച്ചി, ഇത് ഫോട്ടോഷൂട്ടാണ്’ എന്നു പറഞ്ഞു. പിന്നെ മുഖത്ത് എന്തൊക്കെയോ ചെയ്ത് കണ്ണിൽ ലെൻസും വച്ചു.”

 

‘ചേച്ചിടെ മുഖച്ഛായ മാറ്റും’ എന്ന് പറഞ്ഞ അണിയറപ്രവര്‍ത്തകരോട്, ‘കറുത്ത തൊലിയൊക്കെ മാറ്റി വെളുത്ത തൊലി ഒട്ടിച്ചോളാൻ’ പറഞ്ഞു മോളി ചേച്ചി; ‘ഇത് നേരത്തേ പറഞ്ഞെങ്കിൽ ഞാൻ മുഖത്ത് കുറച്ച് തിളച്ച വെള്ളം ഒഴിച്ച് വന്നേനല്ലോടാ’ എന്നും.

“എല്ലാം കഴിഞ്ഞ് കണ്ണാടീല് നോക്കിയപ്പോൾ കൊള്ളാമെന്ന് എനിക്കും തോന്നി. ഞാനവരോട് ചോദിച്ചു ‘നീയൊക്കെ കൂടി എന്റെ മക്കൾക്ക് തള്ളയില്ലാതാക്കി കളയുമോ,’ എന്ന്. വീട്ടിൽ വന്ന് ഫോട്ടോ കാണിച്ചു കൊടുത്തപ്പോൾ മക്കളും പറഞ്ഞു അടിപൊളിയായിട്ടുണ്ടല്ലോ അമ്മച്ചീ എന്ന്. മോളിയമ്മേ വയസാം കാലത്ത് ചെത്തായിട്ടുണ്ടല്ലോ എന്നാണ് ഗൾഫീന്നൊരു ബന്ധു വിളിച്ച് പറഞ്ഞത്.”

അന്‍വര്‍ റഷീദിന്റെ ‘ബ്രിഡ്ജ്’ എന്ന ഹ്രസ്വചിത്രത്തില്‍ തുടങ്ങി ഇരുപത്തിയഞ്ചോളം ചിത്രങ്ങളില്‍ വേഷമിട്ട മോളി കണ്ണമാലി, ചവിട്ടു നാടകത്തിലൂടെയാണ് സിനിമാ രംഗത്ത് എത്തുന്നത്. പ്രധാനമായും കൈകാര്യം ചെയ്യുന്നത് ഹാസ്യവേഷങ്ങളാണ്.

“ഇടയ്ക്ക് കോമഡി ഷോയിലേക്കൊക്കെ വിളിച്ചോണ്ടു പോകുമ്പോൾ, തൊലി കറുപ്പായതിന്റെ പേരിൽ കളിയാക്കാറുണ്ട്. ഇതൊക്കെ വച്ചാണല്ലോ അവര് കോമഡിയുണ്ടാക്കുന്നത്. എനിക്ക് കറുപ്പായതു കൊണ്ട് ഒരു സങ്കടോമില്ല. പുറത്ത് കറുപ്പാണേലും നല്ല വെടിപ്പുള്ള ഹൃദയമാണ് എന്റേത്.”

പരിഹാസമൊന്നും മോളിചേച്ചിയെ തളർത്തില്ല. കാരണം തീയിൽ കുരുത്തത് വെയിലത്ത് വാടില്ല. സിനിമയിൽ വന്ന് ജീവിതം മെച്ചപ്പെട്ടെങ്കിലും ഇതൊന്നുമില്ലാത്ത ഒരു കാലം ഉണ്ടായിരുന്നെന്ന് മോളി കണ്ണമാലി ഓർക്കുന്നു.

“മഞ്ഞ നിറത്തിൽ വെൽവെറ്റ് തുണീടെ ഒരു പാവാട ഉണ്ടായിരുന്നു എനിക്ക്. ബർത്ത്ഡേയ്ക്ക് അമ്മച്ചി വാങ്ങിത്തന്നതായിരുന്നു. ഒത്തിരി ഇഷ്ടമായിരുന്നു ആ പാവാട. പക്ഷേ അതാരോ അടിച്ചോണ്ട് പോയി.

ഞാനും അനിയനും കുഞ്ഞായിരുന്നപ്പളേ ഞങ്ങടെ അപ്പൻ മരിച്ചു. ചുമട്ട് തൊഴിലായിരുന്നു അമ്മച്ചിയ്ക്ക്. കുറേ കഷ്ടപ്പെട്ടാണെങ്കിലും അപ്പനില്ലാത്ത കുറവ് അറിയിയ്ക്കാതെയാണ് അമ്മച്ചി ഞങ്ങളെ വളർത്തിയത്. ഐലന്റിലായിരുന്നു അമ്മച്ചിയ്ക്ക് ജോലി. അവിടത്തെ ഏതോ തുണിക്കടയിൽ നിന്നാണ് എനിക്കും അനിയനുമുള്ള ഉടുപ്പൊക്കെ വാങ്ങിക്കൊണ്ടുവരാറ്. അന്നൊന്നും റെഡിമേഡ് ഉടുപ്പില്ലല്ലോ. തുണിവാങ്ങി തയ്പ്പിക്കും. അവന് നിക്കറും ഷർട്ടും, എനിക്ക് പാവാടേം ബ്ലൌസും. കുറച്ചൂടെ വലുതായപ്പോൾ അരപ്പാവാടയിൽ നിന്നും ഫുൾ പാവാടയിലേക്ക് മാറി. കടപ്പുറം ഭാഗമായിരുന്നോണ്ട് എന്റെ കൂടെ ഉള്ള ആർക്കും ഫാഷൻ ഒന്നുമില്ലായിരുന്നു. പാവാടേം വട്ടക്കഴുത്തുള്ള ബ്ലൌസും കോളറുള്ള ബ്ലൌസും ഒക്കെയായിരുന്നു അന്നത്തെ ഫാഷൻ. അമ്മച്ചി അങ്ങനൊക്കെ തയ്പ്പിക്കാറുണ്ടായിരുന്നു. കൂട്ടത്തിൽ പത്രാസുകാരി ഞാൻ തന്നെ,” പതിവ് പോലെ പൊട്ടിച്ചിരിച്ചു കൊണ്ട് മോളിച്ചേച്ചി പറഞ്ഞു.

കൂട്ടത്തിലെ ‘ഫാഷൻകാരി’ ആയിരുന്നെങ്കിലും അതിനെക്കാൾ വലിയ ‘ഫാഷൻകാരികളെ’ കാണുമ്പോൾ കൊതി തോന്നിയിട്ടുണ്ടെന്ന് മോളിചേച്ചി. പുതിയ സാരിയും ചെരുപ്പുമൊക്കെയിടാൻ കൊതിച്ചിട്ടുണ്ടെങ്കിലും അമ്മയുടെ കഷ്ടപ്പാടോർക്കുമ്പോൾ അതങ്ങ് മറക്കുമെന്നും.

“അമ്മച്ചി ജോലി നിർത്തിയപ്പോൾ ഞാൻ പോയി തുടങ്ങി. സ്വന്തമായി വരുമാനം ഉണ്ടായപ്പോഴും ഉടുപ്പൊന്നും വാങ്ങിയിരുന്നില്ല. എന്തെങ്കിലും കണ്ട് കൊതി തോന്നിയാൽ അമ്മച്ചിയോട് പറയും. സാധിക്കുന്നതാണേൽ വാങ്ങിത്തരും. എനിക്ക് ഇളം മഞ്ഞയും ഇളം റോസുമൊക്കെ ഇഷ്ടമുള്ള നിറങ്ങളായിരുന്നു. വെള്ളയിൽ ഇളം റോസ് പൂക്കളുള്ള ഒരു സാരി വലിയ കൊതിയായിരുന്നു. അതൊക്കെ ഇട്ട് നല്ല ഭംഗിയുള്ള ചെരുപ്പിട്ട് പെൺപിള്ളാര് പോകുന്നത് കണ്ട് കൊതിച്ചിട്ടുണ്ട്. ആ രൂപത്തിൽ ഞാനെന്നെ സങ്കൽപ്പിക്കും. ഒരു ദിവസം അമ്മച്ചിയോട് പറഞ്ഞു. വലിയ പൈസയുടെ ഒന്നും അല്ലെങ്കിലും പൂവിന്റെ ഡിസൈനുള്ള ഒരു ജോഡി ചെരുപ്പ് അമ്മച്ചി വാങ്ങിത്തന്നു. അന്നൊക്കെ നല്ലൊരു ചെരുപ്പിടുന്നത് സ്വപ്നമായിരുന്നു.

പത്തു വയസിൽ ചവിട്ട് നാടകത്തിന് പോയി തുടങ്ങിയപ്പോളാണ് ഞാൻ ആദ്യമായി പാന്റിടുന്നത്. അത് ചുരിദാറിന്റെ പാന്റായിരുന്നു. എന്റെ പന്ത്രണ്ടാം വയസിലാണ് ഒരു പെണ്ണ് പാന്റിടുന്നത് ഞാൻ ആദ്യമായി കാണുന്നത്. അത് കണ്ട് ഞാൻ അത്ഭുതപ്പെട്ടു. പെണ്ണുങ്ങള് പാന്റിടുമോ എന്ന കൌതുകമായിരുന്നു. എന്റെ സ്ഥിരം വസ്ത്രം പാവാടയും ബ്ലൌസുമായിരുന്നു.

പ്രായപൂർത്തിയായപ്പോൾ സാരിയുടുത്തു തുടങ്ങി. അത്ര വിലയുള്ള സാരി ഒന്നും അല്ലായിരുന്നു. 18 വയസിൽ കല്യാണം കഴിഞ്ഞു. ക്രീം നിറമായിരുന്നു കല്യാണ സാരിയ്ക്ക്. കല്യാണം കഴിഞ്ഞ് കെട്ട്യോനെനിക്ക് ആദ്യമായി വാങ്ങിത്തന്നത് മഞ്ഞ നിറത്തിലുള്ള സാരിയും ബ്ലൌസും ആയിരുന്നു. പിന്നെ മക്കളൊക്കെയായി പ്രാരാബ്ധം കൂടി. എന്നാലും എന്റെ അമ്മച്ചി ഞങ്ങളെ നോക്കിയ പോലെ തന്നെ മക്കളെ സന്തോഷത്തോടെ തന്നെയാണ് ഞാനും വളർത്തിയത്. കല്ല് ചുമക്കാനൊക്കെ പോയിട്ടുണ്ട്. അവർക്ക് നല്ല ഉടുപ്പൊക്കെ വാങ്ങിക്കൊടുക്കണം എന്നെനിക്ക് നിർബന്ധം ആയിരുന്നു.”

Molly Kannamaly, മോളി കണ്ണമായി, മനോരമ ആരോഗ്യം, Molly Kannamaly Photoshoot, മോളി കണ്ണമാലി ഫോട്ടോഷൂട്ട്, Molly Kannamaly interview, മോളി കണ്ണമാലി ഇന്റർവ്യൂ, iemalayalam, ഐഇ മലയാളം

ഏറെ കഷ്ടപ്പെട്ടെങ്കിലും, അന്ന് ജീവിതത്തിൽ ആഗ്രഹിച്ചതെല്ലാം ഇന്ന് സാധിക്കാനായെന്ന് മോളിച്ചേച്ചി.

“മക്കളെന്നെ പൊന്നു പോലെ നോക്കുന്നുണ്ട്. ആദ്യം ഞാൻ മുണ്ടും ബ്ലൌസുമാണ് വീട്ടിലിട്ടിരുന്നത്. ഒരിക്കൽ മൂത്തമകൻ പറഞ്ഞു, ‘അമ്മച്ചി ഇനി വീട്ടിൽ നൈറ്റി ഇട്ടാൽ മതി’ എന്ന്. അവൻ മൂന്ന് നൈറ്റിയും എടുത്തോണ്ട് വന്നു. അതു കഴിഞ്ഞ് ഇളയമോനും വാങ്ങിത്തന്നു. ബർത്ത്ഡേയ്ക്കും ക്രിസ്മസിനും ഈസ്റ്ററിനും എന്ന് വേണ്ട, ഇടയ്ക്കിടെ സാരിയൊക്കെ വാങ്ങിത്തരും. ഇപ്പോൾ എന്റെ കൈയിലുള്ളതൊക്കെ വില കൂടിയ സാരികളാണ്. പതിനായിരം രൂപയുടെ സാരി ഇപ്പോൾ എന്റെ കൈയിലുണ്ട്. അതൊക്കെ കാണുമ്പോൾ, നല്ലൊരു ഉടുപ്പിടാൻ കൊതിച്ച കാലം ഞാനോർക്കും. മരിച്ചു പോകുമ്പോൾ ഈ സാരിയൊക്കെ എന്റെ കുഴിമാടത്തിലിടാനാ പേരമക്കളോട് ഞാൻ പറഞ്ഞേക്കുന്നത്.”

ഇന്ന്  പ്രമുഖ മാസികയുടെ കവർ പേജിൽ ‘മോഡേൺ മോളിച്ചേച്ചി’ ആയി കാലിൽ കാലും കയറ്റിയിരിക്കുമ്പോൾ, നല്ലൊരു സാരിയുടുക്കാനും ചെരിപ്പിടാനും കൊതിച്ച ഓർമകളുടെ കടലിരമ്പമുണ്ട് മോളി കണ്ണമാലിയുടെ ഉള്ളിൽ; ഒപ്പം കുടുംബവും കലയും നല്‍കുന്ന സ്നേഹത്തിന്റെ ഇരമ്പവും.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress moly kannamali on viral makeover for manorama arogyam cover