സിനിമാസ്വാദകർക്ക് ഏറെ സുപരിചിതയായ നടിയാണ് മോളി കണ്ണമാലി. കൊച്ചി ഭാഷ കൊണ്ട് പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ നടി അനവധി ചിത്രങ്ങളിലും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. ഹൃദയ സംബന്ധമായ രോഗങ്ങളുള്ള മോളി ഗുരുതരാവസ്ഥായിലാണെന്ന വാർത്തയാണ് പുറത്തുവരുന്നത്. ബിഗ് ബോസ് താരങ്ങളായ ശാലിനിയും ദിയ സനയും സഹായം അഭ്യർത്ഥിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് കേരള കര മോളിയുടെ അവസ്ഥയെക്കുറിച്ച് അറിയുന്നത്.
കഴിഞ്ഞ ദിവസം ഭക്ഷണ കഴിക്കുന്നതിനിടയിൽ ശ്വാസംമുട്ടുന്നു എന്ന കാരണത്താൽ മകനെ വിളിച്ച മോളിയെ ഉടൻ വീടിനടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയമിടിപ്പ് സാധാരണയേക്കാളും വർധിക്കുന്നു എന്നതിനെ തുടർന്ന് പിന്നീട് മോളിയെ ചുള്ളിയ്ക്കലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. “ഓക്സിജൻ മാസ്ക് വച്ച് മാത്രമെ അമ്മച്ചിയ്ക്കിപ്പോൾ ശ്വാസിക്കാനാകൂ. ഇന്നലെ വൈകുന്നേരം രോഗാവസ്ഥയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർ പറഞ്ഞിരുന്നു. എന്നാൽ ഇന്ന് രാവിലയോടെ അവസ്ഥ വീണ്ടും വഷളായി. രണ്ടു ദിവസം കൂടി ഐ സി യുവിൽ തന്നെ തുടരണമെന്നാണ് ഡോക്ടർ പറഞ്ഞത്” മോളി കണ്ണമാലിയുടെ മകൻ ജോളി ഇൻഡ്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
മോളി ഹോളിവുഡിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നു എന്ന വാർത്തയാണ് കുറച്ചു നാളുകൾക്ക് മുൻപ് പുറത്തുവന്നത്. ഹോളിവുഡ് ലുക്കിലുള്ള ഫൊട്ടൊഷൂട്ട് ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.