ഏറെ നാളുകളായി ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് വിക്രം നായകനാവുന്ന കോബ്ര. ഏറെനാൾ നീണ്ട ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കുമൊടുവിൽ ചിത്രം ഓഗസ്റ്റ് 31ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിൽ മലയാളി താരങ്ങളായ മിയ, റോഷൻ മാത്യു എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രമോഷനിടെ മിയ പറഞ്ഞ രസകരമായൊരു കാര്യമാണ് ഇപ്പോൾ വൈറലാവുന്നത്.
സിനിമയുടെ ചിത്രീകരണ കാലം നീണ്ടുപോയതിനു അനുസരിച്ച് തന്റെ ജീവിതത്തിലും ഏറെ മാറ്റങ്ങളുണ്ടായി എന്നാണ് മിയ പറയുന്നത്. “2019ൽ സിനിമ തുടങ്ങി. 2020 ജനുവരിയിൽ ഈ പടത്തിൽ ജോയിൻ ചെയ്തപ്പോൾ ഞാൻ സിംഗിളായിരുന്നു. രണ്ടാം ഷെഡ്യൂളിന് പോയപ്പോഴേക്കും ഞാൻ വിവാഹിതയായിരുന്നു. മൂന്നാമത്തെ ഷെഡ്യൂളിന് പോയപ്പോൾ അഞ്ചുമാസം ഗർഭിണിയായിരുന്നു, പടത്തിന്റെ അവസാന ഷെഡ്യൂൾ തീർത്ത സമയത്ത് ലൂക്ക ജനിച്ചിട്ട് അഞ്ചുമാസമായിരുന്നു പ്രായം, ഇപ്പോൾ റിലീസ് സമയമാവുമ്പോഴേക്കും ഇതാ ആൾക്ക് ഒരു വയസ്സ് കഴിഞ്ഞിട്ടുണ്ട്,” മിയ പറഞ്ഞു.
മിയയുടെ വാക്കുകൾ കേട്ട് ലൂക്കയേയും കൊണ്ട് സ്റ്റേജിലേക്ക് എത്തിയ വിക്രത്തിന്റെ കമന്റ് “ഈ ബേബി കോബ്ര ബേബിയാണ്,” എന്നായിരുന്നു. മിയയ്ക്കും ഭർത്താവ് അശ്വിനും ലൂക്കയ്ക്കുമൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്താണ് വിക്രം വേദി വിട്ടത്.
മിയയുടെ വാക്കുകൾക്ക് രസകരമായ കൌണ്ടർ നൽകുന്ന വിക്രത്തിന്റെ ഒരു വീഡിയോയും വൈറലാവുന്നുണ്ട്. “ഫസ്റ്റ് ഷെഡ്യൂളിൽ ഞാൻ അവരുടെ മോനായിരുന്നു. സെക്കൻഡ് ഷെഡ്യൂളിൽ ഞാൻ ക്ലാസ്മേറ്റായിരുന്നു. തേർഡ് ഷെഡ്യൂളിൽ ഭർത്താവും ഫോർത്ത് ഷെഡ്യൂളിൽ അപ്പൂപ്പനുമായി,” എന്നാണ് ചിരിയോടെ വിക്രം പറയുന്നത്.
കൊച്ചിയിൽ നടന്ന കോബ്രയുടെ പ്രമോഷൻ പരിപാടിയിൽ വിക്രത്തിനും മിയയ്ക്കുമൊപ്പം റോഷൻ മാത്യുവും പങ്കെടുത്തിരുന്നു.
അജയ് ജ്ഞാനമുത്തു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോബ്ര. ഡിമോണ്ടി കോളനി, ഇമൈക്ക നൊടികൾ എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് ഒരുക്കുന്ന ചിത്രമാണിത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താനും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക.
എസ്.എസ് ലളിത് കുമാറാണ് ചിത്രത്തിന്റെ നിർമാണം. താമരൈ, പാ.വിജയ്, വിവേക് എന്നിവരുടെ വരികൾക്ക് എ.ആർ. റഹ്മാൻ ആണ് സംഗീതം ഒരുക്കിയത്. ഹരീഷ് കണ്ണൻ ഛായാഗ്രഹണവും ഭുവൻ ശ്രീനിവാസൻ എഡിറ്റിങ്ങും ദിലീപ് സുബ്ബരായൻ സംഘട്ടനസംവിധാനവും നിർവഹിച്ചിരിക്കുന്നു.