കൊച്ചുകുഞ്ഞുങ്ങളെയും കൊണ്ട് തിയേറ്ററിൽ സിനിമ കാണാൻ പോവുന്ന കാര്യം പലപ്പോഴും അച്ഛനമ്മമാർക്ക് അത്ര സുഖകരമായ അനുഭവമല്ല. കുട്ടികൾ ചിലപ്പോൾ നിർത്താതെ വാശി പിടിച്ച് കരയുന്നത് അച്ഛനമ്മമാരെയും തിയേറ്ററിലെ കാണികളെയും ഒരുപോലെ അസ്വസ്ഥരാക്കുന്ന കാര്യമാണ്. മകൻ ലൂക്കയ്ക്ക് ഒപ്പമുള്ള ആദ്യത്തെ തിയേറ്റർ അനുഭവം പങ്കുവയ്ക്കുകയാണ് മിയ.
“ലൂക്കയുടെ ആദ്യത്തെ സിനിമാനുഭവം. കെജിഎഫ്2. സിനിമയിൽ ധാരാളം വിഎഫ്‌എക്‌സും ബഹളവുമൊക്കെയുള്ളതിനാൽ ലൂക്കയെ തിയേറ്ററിലേക്ക് കൊണ്ടുപോവണോ എന്നതിൽ ഞങ്ങൾക്ക് സംശയമുണ്ടായിരുന്നു. ഞങ്ങൾക്ക്, പ്രത്യേകിച്ച് അശ്വിന്, മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത് എന്ന കാര്യത്തിൽ നിർബന്ധമാണ്. അതിനാൽ തിയേറ്ററിൽ പ്രവേശിക്കുന്നതിന് മുമ്പ് ഞങ്ങൾ എല്ലാ തയ്യാറെടുപ്പുകളും നടത്തി. സെക്കൻഡ് ഷോ ബുക്ക് ചെയ്തു, അവന് നന്നായി ഭക്ഷണം നൽകി, സുഖപ്രദമായ വസ്ത്രങ്ങൾ ധരിപ്പിച്ചു… ആദ്യം, സ്ക്രീനിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ അവൻ ആകാംക്ഷയോടെ നോക്കുന്നുണ്ടായിരുന്നു. പത്തോ പതിനഞ്ചോ മിനിറ്റിനു ശേഷം അവന് മനസ്സിലായി, റോക്കി ഭായ് ബഹളം വയ്ക്കുന്നത് നിർത്താൻ പോവുന്നില്ലെന്ന്. അതോടെ,തന്റെ കാര്യം നോക്കി അവൻ ഉറക്കമായി. ലൂക്കയ്ക്ക് ഒപ്പമുള്ള ഞങ്ങളുടെ ആദ്യ തിയേറ്റർ അനുഭവം മികച്ചതായിരുന്നു, ഞങ്ങളിനിയും ഇതാവർത്തിക്കും,” മിയ കുറിക്കുന്നു.
പരസ്യചിത്രങ്ങളിലാണ് മിയ ആദ്യമഭിനയിച്ചത്. പിന്നീട് അൽഫോൺസാമ്മ എന്ന സീരിയലിലൂടെ ശ്രദ്ധ നേടി. 2010ല്‍ പുറത്ത് ഇറങ്ങിയ ഒരു സ്‌മോള്‍ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് മിയയുടെ സിനിമ പ്രവേശനം. പിന്നീട് ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത്, ചേട്ടായീസ്, റെഡ് വൈന്‍, മെമ്മറീസ്, വിശുദ്ധന്‍, സലാം കാശ്മീര്‍, ഹായ് ഐ ആം ടോണി, അമരകാവ്യം, കസിന്‍സ്, അനാര്‍ക്കലി, പാവാട, വെട്രിവേല്‍, പരോള്‍, പട്ടാഭിരാമന്‍, ഷെർലക് ഹോംസ്, മെഴുതിരി അത്താഴങ്ങൾ, ബ്രദേഴ്സ് ഡേ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ മിയ അഭിനയിച്ചു.ഡ്രൈവിംഗ് ലൈസൻസ് ആണ് ഏറ്റവും ഒടുവിൽ റിലീസിനെത്തിയ മിയ ചിത്രം.
2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. 2021ൽ മകൻ ലൂക്ക ജനിച്ചു. മകന്റെ ജനനശേഷം വീണ്ടും അഭിനയത്തിൽ സജീവമാവുകയാണ് മിയ. തമിഴിലും മലയാളത്തിലുമായി മിയയുടെ സിനിമകൾ റിലീസിന് ഒരുങ്ങുകയാണ്.