സിനിമാ താരങ്ങളുടെ ചിത്രങ്ങള്‍ക്ക് താഴെ പലതരത്തിലുള്ള കമന്റുകൾ വരാറുണ്ട്. പലപ്പോഴും താരങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നുകയറുന്ന വിധത്തിലാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. എന്നാല്‍, ഇത്തരക്കാര്‍ക്ക് കലക്കന്‍ മറുപടി നല്‍കിയിരിക്കുകയാണ് സിനിമാ താരം മീര നന്ദന്‍. താന്‍ ധരിക്കുന്ന വസ്ത്രത്തിന്റെ നീളം അളക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യം നല്‍കിയിട്ടില്ലെന്നും മറ്റുള്ളവരെ ബോധിപ്പിക്കാനായി ജീവിക്കാന്‍ സാധിക്കില്ലെന്നും മീര നന്ദന്‍ പറഞ്ഞു. ‘സ്റ്റാര്‍ ആന്‍ഡ് സ്റ്റെലി’ന് നല്‍കിയ അഭിമുഖത്തിലാണ് സമൂഹമാധ്യമങ്ങളിലെ സദാചാരവാദികള്‍ക്ക് മീര മറുപടി നല്‍കിയിരിക്കുന്നത്.

Read Also: അഭിമാനമുള്ള ഫെമിനിസ്റ്റാണ് താനെന്ന് അന്ന ബെൻ

ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവച്ചതിനു പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട താരമാണ് മീര. ഇതേ കുറിച്ചായിരുന്നു മീരയുടെ പ്രതികരണം. “പണ്ടൊക്കെ പുറത്ത് പോകുമ്പോള്‍ ആള്‍ക്കാര്‍ അടുത്ത് വന്ന് പറയും, സിനിമയിലൊക്കെ കാണാറുണ്ട് കേട്ടോ. പിന്നെ ചാനലിലെ പ്രോഗ്രാം നന്നാവുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ എല്ലാവരും പറയുന്നത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ കണ്ടുവെന്നാണ്. ഞാന്‍ പോലും അറിയാതെ ഞാനൊരു അധോലോകമായി മാറിയില്ലേ. ഇൻസ്റ്റഗ്രാമിലെ ചിത്രങ്ങൾ വലിയ ചർച്ചയായി മാറുന്നുണ്ട്. അത് പിന്നീടാണ് ഞാൻ അറിയുന്നത്. മാതാപിതാക്കൾക്ക് കാണിച്ച ശേഷമാണ് ആ ചിത്രങ്ങൾ ഞാൻ പോസ്റ്റ് ചെയ്‌തത്” മീര നന്ദൻ പറഞ്ഞു.

Read Also: ശബരിമലയിലെത്തുന്ന അയ്യപ്പന്‍മാര്‍ക്ക് സ്ത്രീകളെ കണ്ടാല്‍ ചാഞ്ചല്യമുണ്ടാകും: യേശുദാസ്

“ഒരുപാട് മോശം കമന്റുകൾ ചിത്രത്തിന് താഴെ വന്നിരുന്നു. ആദ്യമൊക്കെ മറുപടി കൊടുക്കുമായിരുന്നു. പിന്നെ ഇത്തരക്കാര്‍ക്ക് മറുപടി കൊടുത്തിട്ട് കാര്യമില്ല എന്ന് മനസ്സിലായി. രണ്ട് വിഭാഗം ആളുകളുണ്ട്, ഒന്ന് നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യൂ എന്ന് പറയുന്നവര്‍. മറ്റു ചിലരാകട്ടെ എന്തിനാണ് വേണ്ടാത്ത പണിക്ക് പോകുന്നത് എന്ന് ചോദിക്കുന്നവര്‍. എനിക്ക് ആള്‍ക്കാരെ ബോധിപ്പിക്കാന്‍ വേണ്ടി ജീവിക്കാന്‍ പറ്റില്ല. എന്റെ പേജില്‍ എനിക്ക് ഇഷ്ടമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യും. അതൊക്കെയാണല്ലോ ഈ സ്വാതന്ത്ര്യമെന്ന് പറയുന്നത്. ഞാൻ നോക്കുമ്പോൾ ഓൺലെെനിലെല്ലാം എന്റെ ഫോട്ടുകളാണ് നിറഞ്ഞുകിടക്കുന്നത്. ഡ്രസിന്റെ നീളം കുറഞ്ഞെന്നാണ് എല്ലാവർക്കും പരാതി” മീര നന്ദൻ പറഞ്ഞു.

Read Also: സച്ചിനെ സഹായിക്കാമോ?; ക്രിക്കറ്റ് കരിയറിലെ നിർണായക മാറ്റത്തിനു കാരണമായ വ്യക്തിയെ തേടി ഇതിഹാസം

‘ഇതിലെ ഏറ്റവും വലിയ കോമഡി എന്താണെന്ന് വച്ചാല്‍, വാര്‍ത്തകള്‍ കണ്ട് എന്നെ എന്റെ അമ്മാമ വിളിച്ചിരുന്നു. “എന്റെ മീരേ എന്താണിത്, ദുബായിലായിട്ടും ആള്‍ക്കാര്‍ക്ക് പുതിയ ലോകത്തെക്കുറിച്ച് വിവരമില്ലേ? ഇവരൊക്കെ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്.” അപ്പോള്‍ തഗ് ലൈഫ് അമ്മാമ എന്ന് പറയാനാണ് എനിക്ക് തോന്നിയത്’– മീര നന്ദൻ കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook