ചെന്നൈ: തെന്നിന്ത്യൻ താരം മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. ശ്വാസകോശത്തിലെ അണുബാധയാണ് മരണ കാരണം.
കുറച്ചു വർഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കു വിദ്യാസാഗർ ചികിത്സയിലായിരുന്നു. ഇതിനിടെ കഴിഞ്ഞ ജനുവരിയിൽ കോവിഡ് ബാധിച്ചു. കോവിഡ് മുക്തനായെങ്കിലും പിന്നീട് രോഗം ഗുരുതരമായി.
അണുബാധ രൂക്ഷമായതോടെ ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ അവയവദാതാവിനെ കിട്ടാൻ വൈകിയതിനാൽ ശസ്ത്രക്രിയ വൈകി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ചൊവ്വാഴ്ച വൈകീട്ടോടെ ആരോഗ്യനില വഷളാവുകയും മരണപ്പെടുകയുമായിരുന്നു.
ബെംഗളൂരുവിൽ സോഫ്റ്റ്വെയർ എൻജിനീയറാണ് വിദ്യാസാഗർ. 2009 ജൂണിലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ഇരുവരുടെയും മകളാണ് നൈനിക. ‘തെരി’ എന്ന ചിത്രത്തിൽ വിജയ്യുടെ മകളായി അഭിനയിച്ചത് നൈനികയാണ്.