scorecardresearch

പ്രിയതമന് വിട നൽകി മീന; വീഡിയോ

രജനീകാന്ത്, രംഭ, ഖുശ്ബു, പ്രഭുദേവ, സ്നേഹ, റഹ്മാൻ തുടങ്ങിയവരും വിദ്യാസാഗറിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു

പ്രിയതമന് വിട നൽകി മീന; വീഡിയോ

ചൊവ്വാഴ്ചയാണ് തെന്നിന്ത്യൻ താരം മീനയുടെ ഭർത്താവും സോഫ്റ്റ്‌വെയർ എൻജിനീയറുമായ വിദ്യാസാഗർ അന്തരിച്ചത്. 48കാരനായ വിദ്യാസാഗറിന്റെ അപ്രതീക്ഷിത വിയോഗത്തിൽ പതറിപ്പോയ മീനയെ ആശ്വസിപ്പിക്കാൻ കലാമാസ്റ്റരെ പോലുള്ള സഹപ്രവർത്തകർ കൂടെ തന്നെയുണ്ടായിരുന്നു. നടൻ രജനീകാന്ത്, രംഭ, ഖുശ്ബു, സുന്ദർ സി, പ്രഭുദേവ, ലക്ഷ്മി, ബ്രന്ദ, സ്നേഹ, റഹ്മാൻ, നാസർ, മൻസൂർ അലിഖാൻ ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തകരും സുഹൃത്തുക്കളും വിദ്യാസാഗറിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.

ചെന്നൈ ബസന്റ് നഗർ ശ്മശാനത്തിലാണ് വിദ്യാസാഗറിന്റെ സംസ്കാരചടങ്ങുകൾ നടന്നത്. പ്രിയതമന് നിറകണ്ണുകളോടെ വിട നൽകി യാത്രയാക്കുന്ന മീന ഏവരിലും നൊമ്പരമുണർത്തി.

കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളാണ് മരണകാരണമായത്. ശ്വാസകോശത്തിലെ അണുബാധയാണ് മരണ കാരണമെന്നാണ് റിപ്പോർട്ട്. കുറച്ചു വർഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കു വിദ്യാസാഗർ ചികിത്സയിലായിരുന്നു. ഇതിനിടെ കഴിഞ്ഞ ജനുവരിയിൽ കോവിഡ് ബാധിച്ചു. കോവിഡ് മുക്തനായെങ്കിലും പിന്നീട് രോഗം ഗുരുതരമായി.

അണുബാധ രൂക്ഷമായതോടെ ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ അവയവദാതാവിനെ കിട്ടാൻ വൈകിയതിനാൽ ശസ്ത്രക്രിയ വൈകി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ചൊവ്വാഴ്ച വൈകീട്ടോടെ ആരോഗ്യനില വഷളാവുകയും മരണപ്പെടുകയുമായിരുന്നു.

ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്നു വിദ്യാസാഗർ. 2009 ജൂണിലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ഇരുവരുടെയും മകളാണ് നൈനിക. ‘തെരി’ എന്ന ചിത്രത്തിൽ വിജയ്‌യുടെ മകളായി അഭിനയിച്ചത് നൈനികയാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress meena husband vidyasagar funeral video