മലയാളത്തിന്റെ പ്രിയനടി മാതു വീണ്ടും വിവാഹിതയായി. തമിഴ്നാട് സ്വദേശിയായ അൻപഴകൻ ജോർജ് ആണ് വരൻ. അമേരിക്കയിൽ ഡോക്ടറാണ് ഇദ്ദേഹം.

ഡോ. ജേക്കബിനെ വിവാഹം ചെയ്ത് അമേരിക്കയിൽ താമസമാക്കിയ താരം ന്യൂയോർക്കിലെ അപ്പാർട്ട്മെന്റിൽ ഡാൻസ് ക്ലാസ് നടത്തി വരികയായിരുന്നു. നാലുവർഷം മുമ്പാണ് ജേക്കബുമായി വിവാഹമോചനം നേടിയത്. രണ്ടു മകളാണ് മാതുവിന്, ജെയ്മിയും ലൂക്കും.ആദ്യ വിവാഹത്തെ തുടർന്ന് സിനിമാ ലോകത്തോട് വിട പറഞ്ഞ മാതു മീന എന്ന പുതിയ പേരിനൊപ്പം ക്രിസ്തുമതവും സ്വീകരിച്ചിരുന്നു.

മമ്മൂട്ടി നായകനായ അമരത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മാതു. ക്രിസ്തു മതം സ്വീകരിച്ചതിനുശേഷമാണ് മാധവി എന്ന പേര് മാറ്റി മാതു എന്ന പേര് സ്വീകരിച്ചത്. മാതു മതം മാറിയത് വിവാഹത്തിന് വേണ്ടിയായിരുന്നുവെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഈയടുത്ത് വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഈ പ്രചരണങ്ങളെ തളളിയാണ് മാതു രംഗത്തെത്തിയത്.

വിവാഹം കഴിക്കാനാണ് മതം മാറിയതെന്ന ആരോപണം തെറ്റാണെന്നും അമരത്തില്‍ അഭിനയിക്കുന്ന കാലത്തേ ക്രിസ്തുവില്‍ വിശ്വസിച്ചുതുടങ്ങിയിരുന്നുവെന്നും മാതു അഭിമുഖത്തിൽ വ്യക്തമാക്കി.

ഇതിനു പിന്നിലെ കാരണവും മാതു വ്യക്തമാക്കി. ‘കുട്ടേട്ടന്‍ എന്ന ചിത്രത്തിനു ശേഷം എന്നെത്തേടി നല്ലൊരു റോളെത്തി, പെരുന്തച്ചനിലെ കഥാപാത്രം. ഷൂട്ടിങ്ങിനു തയാറായി ഇരിക്കുമ്പോഴാണ് എനിക്കു വച്ചിരുന്ന റോളിലേക്ക് മോനിഷയെ തിരഞ്ഞെടുക്കുകയും മോനിഷ അഭിനയിച്ചു തുടങ്ങി എന്നും അറിഞ്ഞത്. വല്ലാതെ സങ്കടം തോന്നിയ ഞാന്‍ ആകെ തളര്‍ന്നുപോയി. വിഷമം സഹിക്കാനാകാതെ അമ്മ എന്നെയും കൂട്ടി സഹായമാതാ പള്ളിയിലേക്കു പോയി. മാതാവിനു മുന്നില്‍ ഞാന്‍ കരഞ്ഞു പ്രാര്‍ത്ഥിച്ചു. വീട്ടിലെത്തി കിടന്നുറങ്ങിയ എന്നെത്തേടി ഒരു ഫോണ്‍ കോളെത്തി, അമരത്തില്‍ അഭിനയിക്കാനുള്ള ഓഫറായിരുന്നു അത്.

പെരുന്തച്ചന്റെ കാര്യമറിഞ്ഞ ആരോ പറ്റിക്കാന്‍ വിളിക്കുകയാണെന്നാണ് കരുതിയത്. ചെറിയ റോളില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ല എന്നു പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ടുചെയ്തു. പിന്നീട് അമ്മയാണ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. മമ്മൂട്ടിയുടെ മകളുടെ വേഷമാണെന്ന് അറിഞ്ഞപ്പോള്‍ വലിയ സന്തോഷമായി’, മാതു പറഞ്ഞു.

അന്നുമുതല്‍ താന്‍ ജീസസിന്റെ മകളാണെന്നും മാതു പറയുന്നു. അച്ഛന്റെയും അമ്മയുടെയും പൂര്‍ണപിന്തുണയോടെ മതംമാറി, പേരും മാറ്റി. പക്ഷേ, അഭിനയിച്ച സിനിമകളുടെയെല്ലാം ടൈറ്റില്‍ കാര്‍ഡില്‍ മാതു എന്നു തന്നെയാണ് അടിച്ചിരുന്നത്. മക്കളെയും ആ വിശ്വാസപ്രകാരം വളര്‍ത്തുന്നു. മുടങ്ങാതെ പള്ളിയില്‍ പോകും. പ്രാര്‍ഥനയാണ് തന്നെ തുണയ്ക്കുന്നതെന്നും മാതു പറയുന്നു.

നെടുമുടി വേണു ആദ്യമായി സംവിധാനം ചെയ്ത പൂരം എന്ന ചിത്രത്തിലാണ് മാതു മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്നത്. അന്നു ഭാഷ അറിയില്ലായിരുന്ന തനിക്ക് ധൈര്യം തന്നു പ്രോത്സാഹിപ്പിച്ചത് വേണു ചേട്ടനാണെന്ന് മാതു പറയുന്നു. മാധവി എന്ന പേരു മാറ്റി മാതു എന്നാക്കിയതും അദ്ദേഹമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ