വിവാഹത്തോടെ അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയാണ് മന്യ. വളരെ കുറച്ച് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മന്യയെ മലയാളികൾ അത്ര പെട്ടെന്നൊന്നും മറക്കില്ല. കുടുംബത്തോടൊപ്പം യുഎസിലാണ് മന്യയുടെ താമസം. സോഷ്യൽ മീഡിയ വഴി കുടുംബ വിശേഷങ്ങളൊക്കെ മന്യ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.
‘കുഞ്ഞിക്കൂനൻ’ സിനിമ ഷൂട്ടിങ്ങിനിടയിലെ ഓർമ്മകളാണ് മന്യ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. കുഞ്ഞന്റെ വേഷത്തിൽ ദിലീപിനെ കണ്ടപ്പോൾ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നാണ് മന്യ പറഞ്ഞിരിക്കുന്നത്. കുഞ്ഞന്റെ വേഷത്തിലുള്ള ദിലീപിനൊപ്പമെടുത്ത ചിത്രവും മന്യ പോസ്റ്റ് ചെയ്തിട്ടുണ്ട്.
”കുഞ്ഞനെ ഞാൻ ആദ്യമായി കണ്ടപ്പോൾ എടുത്ത ഫൊട്ടോയാണിത്. എനിക്ക് ദിലീപേട്ടനെ തിരിച്ചറിയാൻ കഴിഞ്ഞില്ല. എന്റെ ഷോട്ട് റെഡിയായപ്പോള്‍ ഞാന്‍ പോയി. ദിലീപേട്ടന്റെ അടുത്തുകൂടിയാണ് പോയത്. പക്ഷെ എനിക്ക് അദ്ദേഹത്തെ മനസ്സിലായില്ല. അദ്ദേഹം എന്റെ പേര് വിളിച്ചപ്പോൾ ഞാന്‍ തിരിഞ്ഞു നോക്കി, കുഞ്ഞനെ കണ്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി. അപ്പോള്‍ എടുത്ത ഫോട്ടോയാണ് ഇത്. ലക്ഷ്മി ആദ്യമായി കുഞ്ഞനെ കണ്ടപ്പോള്‍ എടുത്ത ഫോട്ടോ. വിലമതിക്കാന്‍ കഴിയാത്ത ഓര്‍മകള്‍. ഈ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് അനുഗ്രഹമാണ്” മന്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
‘കുഞ്ഞിക്കൂനൻ’ സിനിമയിൽ ദിലീപ്, മന്യ, നവ്യ നായർ എന്നിവരായിരുന്നു മുഖ്യവേഷത്തിലെത്തിയത്. ദിലീപ് ഇരട്ട വേഷമാണ് ചെയ്തത്. ചിത്രം വൻ ഹിറ്റായിരുന്നു. മറ്റു പല ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്തു. ‘ജോക്കർ’ എന്ന സിനിമയിലൂടെയാണ് മന്യ മലയാള ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്. വക്കാലത്ത് നാരായണന്‍ കുട്ടി, രാക്ഷസ രാജാവ്, വണ്‍ മാന്‍ ഷോ, അപരിചിതന്‍ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിനുപുറമേ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും മന്യ അഭിനയിച്ചിട്ടുണ്ട്.
Read More: ധ്യാന് മറുപടിയുമായി നവ്യ നായർ