നടുക്കത്തോടെയാണ് മലയാള സിനിമ-ടെലിവിഷൻ ലോകം സുബി സുരേഷിന്റെ മരണവാർത്ത കേട്ടത്. എപ്പോഴും ചിരിച്ചും ചിരിപ്പിച്ചും സൗഹൃദം പങ്കിട്ട ഒരു പ്രിയകൂട്ടുകാരിയെ നഷ്ടമായതിന്റെ ഷോക്കിലാണ് പല താരങ്ങളും. രണ്ടു പതിറ്റാണ്ടോളമായി കോമഡി സ്കിറ്റുകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും സിനിമകളിലൂടെയും മലയാളികളുടെ കാഴ്ചവട്ടത്ത് നിറഞ്ഞുനിന്ന സുബി ഇനിയില്ലെന്ന സത്യത്തെ ഉൾകൊള്ളാൻ പലർക്കും കഴിയുന്നില്ല. ഏറ്റവും അടുത്ത സുഹൃത്തിനെ, കൂടപിറപ്പിനെ പോലെ ജീവിതത്തോട് ചേർത്തുനിർത്തിയവൾ വിട പറഞ്ഞ വിഷമത്തിലാണ് നടി മഞ്ജു പിള്ളയും.
” ലളിതാമ്മ (കെ.പി.എ.സി ലളിത) പോയിട്ട് ഒരു വർഷമാവുന്ന ദിവസമാണ് ഇന്ന്. അതേ ദിവസം തന്നെ സുബിയും… അടുപ്പമുള്ള ഒരാൾ കൂടി അതേ ദിവസം വിടവാങ്ങുമ്പോൾ വല്ലാത്ത വിഷമമാണ്,” ശബ്ദമിടറി കൊണ്ടാണ് മഞ്ജു പിള്ള സുബിയുമായുള്ള സൗഹൃദം ഓർത്തെടുത്തത്.
“വർഷങ്ങളായി അടുപ്പമുള്ളയാളാണ് സുബി. ശാരീരികമായി ഒരുപാട് അസുഖങ്ങളുള്ള കുട്ടിയായിരുന്നു സുബി. പലപ്പോഴും അവൾ ക്രിട്ടിക്കൽ സ്റ്റേജിൽ ഹോസ്പിറ്റലിൽ അഡ്മിറ്റായപ്പോഴും ശക്തിയോടെ തിരിച്ചുവന്നിട്ടുണ്ട്. രണ്ടുദിവസം മുൻപ് സുബിയുടെ മമ്മിയെന്നെ വിളിച്ച് സീരിയസ്സാണെന്നു പറയുമ്പോഴും അവളിത്ര വേഗം പോവുമെന്ന് വിചാരിച്ചില്ല. ശക്തിയോടെ തിരിച്ചുവരുമെന്നു തന്നെയാണ് വിചാരിച്ചത്. ഇത് പക്ഷേ പെട്ടെന്ന് ആയിപ്പോയി.”
“ഒറ്റയ്ക്ക് നിന്ന് പോരാടി നേടിയെടുത്ത ജീവിതമാണ് അവളുടേത്. ആരും സഹായത്തിനില്ലായിരുന്നു. വളരെ അടുത്ത ബന്ധമായിരുന്നു അവളുമായി. ഉറ്റസുഹൃത്തിനെയാണ് നഷ്ടമായത്.”