മോർഫ് ചെയ്ത വ്യാജ അശ്ലീലചിത്രം പ്രചരിപ്പിച്ചവർക്കെതിരെയും ചിത്രം പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരെയും നടി മാളവിക മോഹനൻ രംഗത്ത്. വസ്തുതാ പരിശോധന നടത്താതെ തന്റെ മോർഫ് ചെയ്ത ഫോട്ടോ ഉപയോഗിച്ച മാധ്യമങ്ങൾക്ക് എതിരെ പരസ്യ പ്രസ്താവന ഇറക്കിയിരിക്കുകയാണ് താരം. ഈ വ്യാജചിത്രം ശ്രദ്ധയിൽ പെടുകയാണെങ്കിൽ ദയവായി റിപ്പോർട്ട് ചെയ്ത് സഹായിക്കണമെന്നും താരം ആരാധകരോട് അഭ്യർത്ഥിച്ചു.
“കുറച്ച് മാസങ്ങൾക്ക് മുമ്പ് എടുത്ത എന്റെ ഫോട്ടോയാണ് ആരോ ഫോട്ടോഷോപ്പ് ചെയ്ത് അശ്ലീലചിത്രമാക്കി മാറ്റിയത്. തമിഴിലെ പ്രമുഖ മാധ്യമസ്ഥാപനങ്ങളും ഈ ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്, വിലകുറഞ്ഞ പത്രപ്രവർത്തനമാണിത്,” മാളവിക ട്വിറ്ററിൽ കുറിച്ചു.
മലയാള സിനിമയിലൂടെയാണ് തുടക്കമെങ്കിലും തമിഴ് അടക്കമുളള അന്യഭാഷാ ചിത്രങ്ങളിൽ തിളങ്ങുന്ന നടിയാണ് മാളവിക മോഹനൻ. ദുൽഖർ സൽമാൻ നായകനായ ‘പട്ടംപോലെ’ എന്ന സിനിമയിലൂടെയാണ് മാളവിക മോഹനൻ അഭിനയരംഗത്തേക്കെത്തിയത്. വിജയ് ചിത്രം മാസ്റ്ററിലാണ് മാളവിക ഒടുവിലായി അഭിനയിച്ചത്. ധനുഷിന്റെ മാരൻ ആണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. യുധ്ര എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് മാളവിക.