‘അമരം’ എന്ന ചിത്രത്തിലെ മുത്തിനെ മലയാളികൾക്ക് അത്ര വേഗമൊന്നും മറക്കാൻ ആവില്ല. തൊണ്ണൂറുകളിൽ മലയാളസിനിമയിൽ സജീവമായിരുന്ന മാതുവിന്റെ കരിയറിലെ എന്നെന്നും ഓർക്കാവുന്ന കഥാപാത്രങ്ങളിലൊന്നാണ് ‘അമര’ത്തിലെ മുത്ത്. വിവാഹശേഷം സിനിമയിൽ നിന്നും അപ്രത്യക്ഷരാവുന്ന അഭിനേത്രികളുടെ പാത പിൻതുടർന്ന് മലയാളികളുടെ കാഴ്ചവട്ടത്തു നിന്നും മറഞ്ഞ മാതു, ‘അനിയൻകുഞ്ഞും തന്നാലായത്’ എന്ന ചിത്രത്തിലൂടെ 19 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളസിനിമയിലേക്ക് തിരിച്ചെത്തുകയാണ്.

എത്രത്തോളം മലയാളസിനിമയെ മിസ്സ് ചെയ്തിരുന്നു എന്നത് ഈ തിരിച്ചുവരവിലാണ് മനസ്സിലായതെന്നാണ് മാതു തുറന്നു പറയുന്നത്. ” സിനിമ എനിക്ക് ഇഷ്ടമായിരുന്നെങ്കിലും മക്കൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കണം ഫാമിലി ലൈഫ്​ ആസ്വദിക്കണം എന്നൊക്കെ കരുതിയാണ് വിട്ടുനിന്നത്. പല ചിത്രങ്ങളിൽ നിന്നും ഓഫറുകൾ വന്നിരുന്നെങ്കിലും കുടുംബജീവിതത്തിനായിരുന്നു അന്ന് ഞാൻ മുൻഗണന നൽകിയിരുന്നത്. ഇപ്പോൾ മക്കൾ വളർന്നു. ഈ തിരിച്ചുവരവിലാണ് മലയാളസിനിമയെ എത്രത്തോളം മിസ്സ് ചെയ്തിരുന്നു എന്ന് മനസ്സിലാവുന്നത്,” ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ മാതു പറഞ്ഞു.

മൂന്നു സഹോദരിമാരും അവരുടെ അനിയനും തമ്മിലുള്ള സാഹോദര്യത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ നായകന്റെ സഹോദരിയുടെ വേഷത്തിലാണ് മാതു എത്തുന്നത്. പാലായിൽ ലോക്കൽ രാഷ്ട്രീയം കളിച്ച് ജോളിയായി ജീവിച്ചിരുന്ന അനിയൻകുഞ്ഞ്, ഒരു ഘട്ടത്തിൽ അമേരിക്കയിലുള്ള സഹോദരിമാരുടെയടുത്ത് എത്തുകയും അവിടെ ഒരു സംഭവത്തിൽ യാദൃച്ഛിമായി ഇടപെടുന്നതിലൂടെ അയാളുടെ ജീവിതത്തിലും സ്വഭാവത്തിലുണ്ടാകുന്ന പരിവർത്തനങ്ങളുമാണ് ചിത്രം പറയുന്നത്. രാജീവ്‌നാഥ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ അമേരിക്കയാണ്. തന്റെ വീട്ടിൽ നിന്നും ലൊക്കേഷനിലേക്ക് അധികം ദൂരമില്ല എന്നതു കൂടിയാണ് പടം കമിറ്റ് ചെയ്യാനുള്ള മറ്റൊരു കാരണം എന്ന് മാതു പറയുന്നു. അമേരിക്കയിൽ ഡാൻസ് സ്കൂൾ നടത്തുകയാണ് താരമിപ്പോൾ.

വിനു എബ്രഹാം ആണ് ‘അനിയൻകുഞ്ഞും തന്നാലായത്’ എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. രൺജിപണിക്കർ, നന്ദു, സുരാജ് വെഞ്ഞാറമൂട്, മേജർ കിഷോർ, അഭിരാമി, ഗീത എന്നിവർക്കൊപ്പം നിരവധി അമേരിക്കൻ അഭിനേതാക്കളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സെൻ പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഫോർ ദി പീപ്പിൾ എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ സലിൽ ശങ്കരൻ ആണ് ചിത്രം നിർമ്മിക്കുന്നത്. അഴകപ്പനും ആഷിഷും ചേർന്നാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. കാവാലം നാരായണപ്പണിക്കർ, ജോയ് തമലം എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം ജയചന്ദ്രനും റോണിറാഫേലും ചേർന്നാണ്. ചിത്രത്തിനു വേണ്ടി മംമ്ത മോഹൻദാസും ഒരു ഗാനം ആലപിച്ചിട്ടുണ്ട്.

Read more: ഹണിമൂണ്‍ ചിത്രങ്ങള്‍ പങ്കുവച്ച് നടി മാതു

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ