യുവനടിമാരിൽ ശ്രദ്ധേയയാണ് ലിയോണ ലിഷോയ്. ‘ഇഷ്ക്’, ആൻമേരിയ കലിപ്പിലാണ്’, ‘മായാനദി’, മറഡോണ’, ‘അതിരൻ’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം കവർന്ന അഭിനേത്രി. പ്രമുഖ സിനിമാ സീരിയൽ താരമായ ലിഷോയിയുടെ മകൾ കൂടിയായ ലിയോണയെ ഏറ്റവുമൊടുവിൽ കണ്ടത് ‘ട്വൽത്ത് മാൻ’ എന്ന ചിത്രത്തിലാണ്. അടുത്തിടെ, ഏതാനും വർഷങ്ങളായി താൻ അഭിമുഖീകരിക്കുന്ന എൻഡോമെട്രിയോസിസ് എന്ന രോഗാവസ്ഥയെ കുറിച്ച് ലിയോണ സമൂഹമാധ്യമങ്ങളിലൂടെ തുറന്നു പറഞ്ഞിരുന്നു. എൻഡോമെട്രിയോസിസ് എന്ന രോഗത്തെ കുറിച്ച് കൂടുതൽ പേരെ ബോധവത്കരിക്കാനും ലിയോണയുടെ കുറിപ്പിനു സാധിച്ചിരുന്നു.
രോഗത്തിന്റെ ലക്ഷണങ്ങളെ കുറിച്ചും രോഗാവസ്ഥ തിരിച്ചറിഞ്ഞതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ലിയോണ ഇപ്പോൾ. അമൃത ടിവിയിലെ റെഡ് കാർപെറ്റിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു ലിയോണ ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്.
“എന്തുകൊണ്ട് എൻഡോമെട്രിയോസിസ് ഉണ്ടാവുന്നു എന്ന കാര്യത്തെ കുറിച്ച് ഇപ്പോഴും കൃത്യമായ കാരണങ്ങൾ കണ്ടുപിടിച്ചിട്ടില്ല. ഞാൻ മനസ്സിലാക്കിയിടത്തോളം, സ്ത്രീകളുടെ ശരീരത്തിൽ ആർത്തവം ഉണ്ടാവുമ്പോൾ രക്തം മുഴുവനായും പുറത്തുപോവാതെ എവിടെയെങ്കിലും തങ്ങിനിൽക്കുന്നത് മൂലം പ്രശ്നങ്ങളുണ്ടാവുന്നു എന്നാണ്. വളരെ സാധാരണമായി കാണപ്പെടുന്ന കാര്യങ്ങൾ തന്നെയാണ് ഇതിന്റെയും ലക്ഷണങ്ങൾ എന്നതിനാൽ പലപ്പോഴും ഇവ പെട്ടെന്ന് കണ്ടുപിടിക്കാറില്ല. പല സ്ത്രീകളും വർഷങ്ങളായി കഠിനമായ വേദന സഹിച്ച് ഇരിക്കുകയാണ് ഇതാണ് രോഗമെന്നറിയാതെ.
എന്റെ കേസിൽ ഫൈബ്രോയ്ഡിസിനു നടത്തിയ സർജറിയ്ക്ക് ഇടയിലാണ് എൻഡോമെട്രിയോസിസ് ഉണ്ടെന്ന് മനസ്സിലായത്. സർജറി ചെയ്തില്ലെങ്കിൽ ഞാനും ഇതാണ് എന്നറിയില്ലായിരുന്നു. ആർത്തവസമത്ത് എനിക്ക് തീവ്രമായ വേദന അനുഭവപ്പെടാറുണ്ട്. അപ്പോഴെല്ലാം അത് സ്വാഭാവികമാണെന്നാണ് എല്ലാവരും പറഞ്ഞത്.
എൻഡോമെട്രിയോസിസ് കൃത്യമായി മരുന്നില്ല. രോഗം കണ്ടെത്തിയപ്പോൾ എനിക്ക് ഹോർമോൺ ഗുളികകൾ നൽകി. പക്ഷേ അതുകഴിക്കുമ്പോൾ എനിക്ക് മൂഡ് സ്വിംഗ്സ് വരും. അതെന്റെ ജോലിയേയും വ്യക്തി ജീവിതത്തെയും ബാധിക്കാൻ തുടങ്ങി. ട്വൽത്ത് മാന്റെ സെറ്റിലൊക്കെ വളരെ ബുദ്ധിമുട്ടി. ആ സെറ്റിൽ ധാരാളം ആളുകളുണ്ടായിരുന്നു, മൂഡ് സ്വിംഗ്സ് കാരണം എനിക്ക് എല്ലാവരുമായ് ഇടപെടാനൊക്കെ ബുദ്ധിമുട്ട് തോന്നി. ഒറ്റയ്ക്ക് നിൽക്കാൻ തോന്നും. പിന്നീടാണ് മനസ്സിലായത് ഹോർമോൺ ഗുളികകളുടെ സൈഡ് എഫക്ടാണ് ഈ ഡിപ്രഷൻ അവസ്ഥയെന്ന്.
ട്വൽത്ത്മാന്റെ സെറ്റിൽ എന്റെ മാറ്റം തിരിച്ചറിഞ്ഞൊരാൾ ലാലേട്ടനാണ്. അതിനു മുൻപ് റാമിൽ ഞങ്ങൾ ഒന്നിച്ച് ജോലി ചെയ്തിരുന്നു. അന്നത്തെ പെരുമാറ്റമല്ല ഇവിടെയെന്റെത് എന്നു കണ്ട് ലാലേട്ടൻ പ്രശ്നം തിരക്കി. ഞാൻ കാര്യങ്ങളെല്ലാം പറഞ്ഞപ്പോൾ ഹോർമോൺ ഗുളികയല്ല പ്രതിവിധി, ഞാനൊരു ഡോക്ടറെ പരിചയപ്പെടുത്തി തരാം എന്നു പറഞ്ഞ് എനിക്കൊരു ആയുർവേദ ഡോക്ടറെ സജസ്റ്റ് ചെയ്തു. ഷൂട്ട് കഴിയുന്ന ദിവസം മുടങ്ങാതെ ഓർമ്മിപ്പിച്ച് അപ്പോയിന്റ്മെന്റ് എടുത്ത് എന്നെ ഡോക്ടറുടെ അടുത്തേക്ക് പറഞ്ഞുവിടുകയും ചെയ്തു. ഇപ്പോൾ കൃത്യം ഒരു വർഷത്തോളമായി ചികിത്സ തുടങ്ങിയിട്ട്, പഴയതിലും ഭേദമായിട്ടുണ്ട് അവസ്ഥ,” ലിയോണ പറയുന്നു.
എന്താണ് എന്‍ഡോമെട്രിയോസിസ്?
ഗർഭാശയത്തിന്റെ ഏറ്റവും ഉള്ളിലുള്ള സ്തരമാണ് എൻഡോമെട്രിയം. ‘എൻഡോമെട്രിയ’ ത്തിലെ കോശങ്ങൾ ഗർഭപാത്രത്തിന് വെളിയിലായി മറ്റ് ആന്തരിക അവയവങ്ങളിൽ കാണപ്പെടുന്ന അവസ്ഥയാണ് ‘എൻഡോമെട്രിയോസിസ്’ എന്നറിയപ്പെടുന്നത്. ആര്‍ത്തവസമയത്ത് എന്‍ഡോമെട്രിയം രക്തസ്രാവത്തിന്റെ രൂപത്തില്‍ പുറത്ത് വരികയോ ചില സമയത്ത് ഈ രക്തം അണ്ഡവാഹിനിക്കുഴലിലൂടെ വയറിനകത്ത് കെട്ടിക്കിടക്കുകയോ ചെയ്യും. ശരീരത്തിനുള്ളിൽ ഏത് ഭാഗത്തു വേണമെങ്കിലും ഈ അവസ്ഥ കാണപ്പെടാം, കൂടുതലായും അണ്ഡാശയത്തിലും അണ്ഡവാഹിനി കുഴലിലും ഗർഭാശയത്തിൻറെ ബാഹ്യഭിത്തിയിലും മറ്റ് സമീപ പ്രദേശങ്ങളിലുമാണ് കാണപ്പെടുന്നത്. എന്നിരുന്നാലും അപൂർവമായി യോനി, ഗർഭാശയഗളം, കുടൽ, മൂത്രസഞ്ചി എന്നിവിടങ്ങളിലും എൻഡോമെട്രിയോസിസ് കണ്ടെത്തിയിട്ടുണ്ട്.
മോഡലിംഗ് രംഗത്തു നിന്നാണ് ലിയോണ അഭിനയത്തിലേക്ക് എത്തുന്നത്. 2012ൽ ‘കലികാലം’ എന്ന ചിത്രത്തിലൂടെയാണ് ലിയോണ അരങ്ങേറ്റം കുറിച്ചത്. എന്നാൽ, ‘ജവാൻ ഒഫ് വെള്ളിമല’ എന്ന ചിത്രത്തിൽ ആസിഫിന്റെ നായികയായി എത്തിയതോടെയാണ് ശ്രദ്ധ നേടിയത്.
‘നോർത്ത് 24 കാതം,’ ‘റെഡ് വൈൻ,’ ‘ഹരം,’ ‘ആൻമരിയ കലിപ്പിലാണ്,’ ‘മായാനദി,’ ‘ക്വീൻ,’ ‘മറഡോണ,’ ‘അതിരൻ,’ ‘ഇഷ്ക്,’ ‘ട്വന്റിവൺ ഗ്രാംസ്,’ ‘വരയൻ’, ‘ട്വൽത്ത്മാൻ’ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ
നടി എന്നതിനൊപ്പം തന്നെ സംരംഭക എന്ന നിലയിലും ശ്രദ്ധ നേടുകയാണ് ലിയോണ ഇപ്പോൾ. സുഹൃത്ത് മഞ്ജു മേരി അഗസ്റ്റിനുമായി ചേർന്ന് കോഴിക്കോട് കഹാനി എന്ന ബൊട്ടീകും ലിയോണ നടത്തുന്നുണ്ട്.