തമിഴ്‌നാട്ടിൽ പ്രചാരത്തിലുള്ള ഒരു ആയുധകലയാണ് സിലമ്പം. കേരളത്തിന്റെ കരളിപയറ്റ് പോലെ തമിഴ്‌നാടിന്റെ സിലമ്പത്തിന് ഏകദേശം 3000 വർഷത്തെ ചരിത്രമുണ്ട്. മുളവടിയിൽ നടത്തുന്ന അഭ്യാസമാണ് സിലമ്പം. നേരത്തെ പുരുഷന്മാരുടെ ആയോധനകല എന്ന് അറിയപ്പെട്ടിരുന്ന സിലമ്പം ഇന്ന് സ്ത്രീകളും അഭ്യസിക്കുന്നുണ്ട്. ഇപ്പോഴിതാ, ലെനയും സിലമ്പം പഠിക്കുകയാണ്.
ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ടാണ് ലെന താൻ സിലമ്പം പരിശീലിക്കുന്ന വിവരം ആരാധകരെ അറിയിച്ചത്. ആറു ദിവസം കൊണ്ട് ഇത്രയും പഠിച്ചതിൽ സൂപ്പർ ത്രില്ലിലാണ് എന്നാണ് ലെന വീഡിയോക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. റിച്ച ദിർഷിയാണ് തന്റെ ഗുരുവെന്നും ലെന പറയുന്നു.
“സൂപ്പർ ത്രില്ലിൽ, റിച്ച ദിർഷിയിൽ നിന്നുള്ള 6 ദിവസത്തെ പരിശീലനത്തിന് ശേഷം എന്റെ സിലമ്പം കഴിവുകൾ” ലെന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
മലയാളസിനിമയിലെ സജീവസാന്നിധ്യമായി ലെന മാറിയിട്ട് രണ്ടു പതിറ്റാണ്ടിലേറെയായി. ജയരാജിന്റെ ‘സ്നേഹം’ എന്ന ചിത്രത്തിലൂടെ സിനിമകളിൽ അരങ്ങേറ്റം കുറിച്ച ലെന ഇന്ന്, മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം കവർന്നൊരു അഭിനേത്രി കൂടിയാണ്. കഥാപാത്രം നെഗറ്റീവാണോ പോസിറ്റീവാണോ എന്നൊന്നും നോക്കാതെ തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങൾക്ക് തന്റേതായൊരു ടച്ച് നൽകാൻ ലെനയ്ക്ക് സാധിക്കാറുണ്ട്.
22 വർഷങ്ങൾക്കിടയിൽ നൂറ്റിപ്പത്തിലേറെ ചിത്രങ്ങളിൽ ഇതിനകം അഭിനയിച്ചുകഴിഞ്ഞു. മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിരുന്നു. ‘ട്രാഫിക്’ എന്ന ചിത്രമാണ് ലെനയുടെ അഭിനയജീവിതത്തിൽ വഴിത്തിരിവായ ചിത്രങ്ങളിലൊന്ന്. പിന്നീട് ‘സ്നേഹ വീട്’, ‘ഈ അടുത്ത കാലത്ത്’, ‘സ്പിരിറ്റ്’, ‘എന്ന് നിന്റെ മൊയ്തീൻ’, ‘അതിരൻ’ തുടങ്ങിയ ചിത്രങ്ങൾ ലെനയുടെ കരിയറിൽ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.