രണ്ടു പതിറ്റാണ്ടിലേറെയായി മലയാള സിനിമയില്‍ കരുത്തുറ്റ വേഷങ്ങളിലൂടെ തന്റേതായ ഇടം കണ്ടെത്തിയ നായികയാണ് ലെന. ജയരാജിന്റെ ‘സ്നേഹം’ എന്ന ചിത്രത്തിലൂടെയായിരുന്നു ലെനയുടെ അരങ്ങേറ്റം. ഇന്ന് കഥാപാത്രം നെഗറ്റീവാണോ പോസിറ്റിവാണോ എന്നൊന്നും നോക്കാതെ തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങൾക്ക് തന്റേതായൊരു ടച്ച് നൽകുന്ന അഭിനേത്രിയാണ് ലെന.
സിനിമയിൽ എത്തിയതിന്റെ സിൽവർ ജൂബിലി കഴിഞ്ഞ ദിവസമാണ് ലെന ആഘോഷിച്ചത്. “25 വർഷം മുമ്പ് ഈ ദിവസമാണ് ഞാൻ സിനിമയുടെ മാസ്മരിക ലോകത്തേക്ക് ചുവടുവെച്ചത്. ‘സ്നേഹം’ എന്ന സിനിമയിൽ എന്നെ കാസ്റ്റ് ചെയ്തതിന് സംവിധായകൻ ജയരാജിനോട് നന്ദിയുണ്ട്. എന്നോടൊപ്പം ഈ യാത്രയുടെ ഭാഗമായ ഓരോ വ്യക്തിക്കും നന്ദി,” എന്നാണ് കുറിപ്പ് പങ്കുവച്ച് ലെന കുറിച്ചത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം തന്റെ യാത്രാചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ഋഷികേശിൽ നിന്നുള്ള ചിത്രമാണ് ലെന പങ്കുവച്ചത്.
“ആദ്യമായാണ് ഋഷികേശിൽ എത്തുന്നത്” എന്നാണ് ചിത്രത്തോടൊപ്പം താരം കുറിച്ചത്. അതിരാവിലെ നദിയിൽ മുങ്ങി പ്രാർത്ഥിക്കുന്ന ചിത്രമാണ് ലെന ഷെയർ ചെയ്‌തത്. വളരെ മനോഹരമായ അനുഭവം, ദൈവീകം തുടങ്ങിയ കമന്റുകളാണ് ചിത്രത്തിനു താഴെ നിറയുന്നത്.
25 വർഷങ്ങൾക്കിടയിൽ നൂറ്റിയമ്പതിനടുത്ത് ചിത്രങ്ങളിൽ ഇതിനകം ലൈന അഭിനയിച്ചുകഴിഞ്ഞു. മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിരുന്നു. ‘ട്രാഫിക്’ എന്ന ചിത്രമാണ് ലെനയുടെ അഭിനയജീവിതത്തിൽ വഴിത്തിരിവായ ചിത്രങ്ങളിലൊന്ന്. പിന്നീട് ‘സ്നേഹ വീട്’, ‘ഈ അടുത്ത കാലത്ത്’, ‘സ്പിരിറ്റ്’, ‘എന്ന് നിന്റെ മൊയ്തീൻ’, ‘അതിരൻ’ തുടങ്ങിയ ചിത്രങ്ങൾ ലെനയുടെ കരിയറിൽ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.
റഹിം ഖാദർ സംവിധാനത്തിൽ ഒരുങ്ങിയ’വനിത’ ആണ് ലെനയുടെ ഏറ്റവും പുതിയ ചിത്രം. ലെനയെ കൂടാതെ സജിത മഠത്തിൽ, നവാസ് വള്ളിക്കുന്ന്, ശ്രീജിത്ത് രവി, സലിം കുമാർ, കലാഭവൻ നവാസ് എന്നിവരും ചിത്രത്തിൽ മുഖ്യ വേഷങ്ങളിലുണ്ട്.