പ്രണയഗാനങ്ങളുടെ പട്ടികയിൽ ആദ്യ നിരയിൽ തന്നെ ഇടംപിടിക്കുന്ന ഗാനമാണ് ‘രണ്ടാംഭാവം’ എന്ന ചിത്രത്തിലെ ‘മറന്നിട്ടുമെന്തിനോ’ എന്നത്. പലരും തങ്ങളുടെ പ്ലേലിസ്റ്റിൽ ഉൾപ്പെടുത്തി ലൂപ്പിലിട്ട് കേൾക്കാറുണ്ട് ഈ ഗാനം. സുരേഷ് ഗോപി, പൂർണിമ,ലെന എന്നിവരാണ് ആ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. വിരഹവും, പ്രണയം ഇടകലർന്ന് ഒഴുകുന്ന ആ ഗാനം ഒരുക്കിയത് മെലഡിയുടെ രാജാവ് എന്ന് പലരും വിശേഷിപ്പിക്കുന്ന വിദ്യാസാഗറാണ്. ഈ ഗാനരംഗത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു രംഗമാണ് ഞാവൽപ്പഴം കഴിക്കുന്ന ലെനയുടെ ദൃശ്യങ്ങൾ. പഴം കഴിച്ച ശേഷം അതിന്റെ നിറം നാവിലാകുമ്പോൾ അത് സുരേഷ് ഗോപിയെ കാണിച്ച് കുസൃതിയോടെ ചിരിക്കുന്ന ലെനയുടെ ദൃശ്യങ്ങൾ ഗാനത്തിൽ കാണാം. ലെന എന്ന നടി ശ്രദ്ധിക്കപ്പെട്ടതും ഈ ചിത്രത്തിലൂടെ തന്നെയാണ്.
‘രണ്ടാംഭാവം’ പുറത്തിറങ്ങി 22 വർഷങ്ങൾക്കു ശേഷം ഞാവൽപ്പഴം കഴിക്കുന്ന ആ രംഗം എങ്ങനെയാണ് ചിത്രീകരിച്ചതെന്ന് പറയുകയാണ് ലെന. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇതിനെക്കുറിച്ച് ലെന കുറിച്ചത്. “ഈ ഗാനരംഗത്തിൽ എന്റെ നാവിൽ എങ്ങനെ ആ നിറം വന്നെന്ന രഹസ്യം വെളിപ്പെടുത്താൻ പോവുകയാണ്. 2000 ത്തിലെ ഒരു മനോഹരമായ ദിവസത്തിലാണ് ഈ രംഗം ചിത്രീകരിച്ചത്. ഞാൻ അന്ന് കുറച്ച് ഞാവൽപ്പഴം കഴിച്ചതിനെ തുടർന്ന് എന്റെ നാവിന്റെ നിറം മാറിയിരിക്കുകയായിരുന്നു. ഇത് കണ്ട സംവിധായകൻ ലാൽ ജോസ് കുറച്ച് പെയിന്റ് എന്റെ നാവിൽ വരക്കാൻ ആവശ്യപ്പെട്ടു. ഒടുവിൽ അത് നിങ്ങൾ ഗാനരംഗത്തിൽ കണ്ട പോലെയായി” ലെന കുറിച്ചു.
ലാൽ ജോസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ക്രൈം ഡ്രാമ ചിത്രമാണ് ‘രണ്ടാംഭാവം’. രഞ്ജൻ പ്രമോദ് തിരകഥ എഴുതിയ ചിത്രത്തിന്റെ നിർമാണം കെ മനോഹരൻ ആണ്. സുരേഷ് ഗോപി, ബിജു മേനോൻ, തിലകൻ, പൂർണിമ, നരേന്ദ്ര പ്രസാദ്, ലെന എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചത്. സുരേഷ് ഗോപി ഇരട്ട വേഷത്തിലെത്തിയ ചിത്രം എന്ന പ്രത്യേകത കൂടി ‘രണ്ടാംഭാവ’ത്തിനുണ്ട്.