വ്യാജവാർത്തകളോട് പ്രതികരിച്ച് നടി ലെന. താൻ കോവിഡ് ബാധിച്ച് ആശുപത്രിയിലാണ് എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകളുടെ നിജസ്ഥിതി വെളിപ്പെടുത്തുകയാണ് താരം. സോഷ്യൽ മീഡിയയിലൂടെയാണ് ലെന ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
“നടി ലെന കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ബാംഗ്ലൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ് എന്ന രീതിയിലുള്ള ഒരു വാർത്ത ഓൺലൈൻ മീഡിയകളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നുണ്ട്. തീർത്തും വ്യാജമായൊരു വാർത്തയാണ്, യുകെയിൽ നിന്നും തിരിച്ചെത്തിയ ഞാൻ കോവിഡ് ടെസ്റ്റ് എടുക്കുകയും ടെസ്റ്റ് നെഗറ്റീവ് ആവുകയും ചെയ്തിരുന്നു. യുകെയിൽ നിന്നും വരുന്ന യാത്രക്കാർ പാലിക്കേണ്ട നിലവിലെ കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി ഞാൻ ബാംഗ്ലൂരിലെ സർക്കാർ ആശുപത്രിയിൽ ക്വാറന്റൈൻ പൂർത്തിയാക്കിയിരുന്നു. എന്നാൽ എനിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന രീതിയിൽ ഓൺലൈൻ മീഡിയകൾ ഈ വാർത്ത തെറ്റായി റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ദയവായി തെറ്റായ വാർത്ത പ്രചരിപ്പിക്കരുത്. ഞാൻ സുരക്ഷിതയാണ്. എല്ലാവരുടെയും കരുതലിനും പ്രാർത്ഥനയ്ക്കും നന്ദി,” ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ ലെന കുറിച്ചു.
തന്റെ കോവിഡ് ടെസ്റ്റ് റിപ്പോർട്ടും ലെന പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
ഡിസംബറിലാണ് ലെന യുകെ യാത്ര നടത്തിയത്. നടി നിമിഷ സജയനും ലെനയ്ക്ക് ഒപ്പമുണ്ടായിരുന്നു. ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
Read more: മഞ്ഞുകാലം നോൽക്കാൻ പോയവർ; ചിത്രങ്ങൾ പങ്കുവച്ച് ലെനയും നിമിഷ സജയനും